- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തൂറ്റ് കവർച്ച സംഘത്തിന് കുരുക്കായത് സ്വർണം സൂക്ഷിച്ച ബാഗിലെ ജിപിഎസ് സംവിധാനം; ഹൈദരാബാദിലേക്ക് നീങ്ങുന്നെന്ന് സിഗ്നലിലൂടെ കണ്ടെത്തി; തെലുങ്കാന കർണാടക പൊലീസിന്റെ സഹായം നിർണായകമായി; കൊള്ളസംഘത്തെ അന്വേഷണ സംഘം പിടികൂടിയത് അതിവിദഗ്ധമായി
ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ തോക്ക് ചൂണ്ടി 25 കിലോ സ്വർണം തട്ടിയെടുത്ത കൊള്ളസംഘത്തെ പൊലീസ് പിടികൂടിയത് സ്വർണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്‌നൽ പിന്തുടർന്ന്. സ്വർണം സൂക്ഷിക്കുന്ന പ്രത്യേകതരം ബാഗിലാണ് കൊള്ളക്കാർ കൊള്ളമുതൽ ശേഖരിച്ചത്.
സംഭവം നടന്ന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി പൊലീസ് മേധാവി കൊള്ളസംഘത്തെ പിടിക്കാൻ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. സ്വർണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുള്ള പ്രത്യേക പെട്ടിയിലെന്ന് ഇവർ കണ്ടെത്തി. ഇതിന്റെ സിഗ്നൽ കർണാടകയിലെ അനയിക്കൽ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി.
കൊള്ളക്കാരായ ആറുപേരുടെയും സിഗ്നലുകൾ മാറുന്നത് കണ്ടെത്തിയതോടെ ഇവർ യാത്രചെയ്യുകയാണെന്ന് പൊലീസ് മനസിലാക്കി. വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി അന്വേഷണ സംഘത്തിന് സിഗ്‌നൽ ലഭിച്ചു. തുടർന്ന് തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്പൂരിൽ വാഹനം തടഞ്ഞ് നിർത്തിയാണ് അന്വേഷണ സംഘം കള്ളന്മാരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണം പൂർണമായും കണ്ടെത്തി.
ഇതിനൊപ്പം തോക്ക് ഉൾപ്പടെ നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്നും തോക്ക് ചൂണ്ടി ആറംഗ കൊള്ളസംഘം 25 കിലോ സ്വർണം തട്ടിയെടുത്തത്.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്മുനയിൽ നിർത്തി കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്.
ജീവനക്കാർ ഓഫീസ് തുറന്നപ്പോൾ ഇടപാട് നടത്താനെന്ന വ്യാജേന കവർച്ചാ സംഘം സ്ഥാപനത്തിൽ കയറുകയായിരുന്നു.
പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു.
കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത്.
ന്യൂസ് ഡെസ്ക്