കൊച്ചി: മാന്യമായ വേതനത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടി മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തിയ സമരം കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ സമരങ്ങളിൽ ഒന്നായിരുന്നും. മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വിജയിച്ച ഈ സമരത്തിന് ശേഷം മുത്തൂറ്റ് ഫിൻകോർപ്പിലും യൂണിയൻ രൂപീകരിച്ചിരുന്നു സിഐടിയു. എന്നാൽ, ഈ വിവരം അറിഞ്ഞതോടെ ഫിൻകോർപ്പ് മാനേജ്‌മെന്റ് പ്രതികാര നടപടികളുമായി രംഗത്തെത്തി. പ്രതികാര നടപടിയുടെ ഭാഗമായി യൂണിയൻ പൊളിക്കാൻ വേണ്ടി നേതൃത്വം നൽകുന്നവരെ സ്ഥലം മാറ്റുകയാണ് മാനേജ്‌മെന്റ് ചെയ്തത്. എന്നാൽ, ജീവനക്കാരുടെ എതിർപ്പിൽ മാനേജ്‌മെന്റിന്റെ ഈ നടപടിയും തകർന്നു.

സിഐടിയുവിനെ ഇല്ലാതാക്കാൻ വേണ്ടി റീജണൽ സെക്രട്ടറിയായ ഷിജോയി പോളിനെ തന്നെ നെല്ലിമറ്റം ബ്രാഞ്ചിൽ നിന്നും അകലെയുള്ള മാറാടി ബ്രാഞ്ചിലേക്ക് മാനേജർ തസ്തികയിൽ സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടിക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയതോടെ ഒടുവിൽ പ്രതികാര നടപടികൾ ഫിൻകോർപ്പ് മാനേജ്‌മെന്റ് അവസാനിപ്പിച്ചു. നോൺ ബാങ്കിങ്ങ് ആൻഡ് പ്രെവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ സിഐടിവുവിന്റെ നേതൃത്വത്തിൽ നാല് മാസം മുമ്പാണ് തൊഴിലാളി സംഘടന രൂപീകരിച്ചത്. ഈ യൂണിയനിൽ ഭൂരിഭാഗം പേരും അംഗത്വം എടുക്കുകയും ചെയ്തിരുന്നു.

ഇത് മനസ്സിലാക്കിയ മാനെജ്‌മെന്റ് സംഘടന യെ പൂർണമായും ഇല്ലാതാക്കാൻ വേണ്ടി റീജണൽ സെക്രട്ടറിയായ ഷിജോയി പോളിനെ തന്നെ നെല്ലിമറ്റം ബ്രാഞ്ചിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള മാറാടി ബ്രാഞ്ചിലേക്ക് മാനേജർ തസ്തികയിൽ സ്ഥലം മാറ്റി ഉത്തരവ് ഇറക്കി. എന്നാൽ മാറാടി ബ്രാഞ്ചിൽ ജോയിൻ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു ഷിജോയിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ട്രാൻസ്ഫർ തീരുമാനം പുനപരിശോധിക്കണെന്നും സൗകര്യപ്രദമായ മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് പോസ്റ്റിങ്ങ് തരണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ല. മാത്രമല്ല, മറ്റ് ഭീഷണികളും പുറത്തെടുത്തു.

മാറാടി ബ്രാഞ്ചിൽ മാനെജ്‌മെന്റ് ഉത്തരവ് അനുസരിച്ചില്ല എന്ന കാരണത്താൽ ഇടുക്കി ജില്ലയിലെ തോപ്രാംകുടി ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയാണ് അവർ പ്രതികാരം തീർത്തത്. അന്യായമായ ഈ സ്ഥലം മാറ്റത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ജീവനക്കാരിൽ നിന്നും ഉണ്ടായത്.സ്ഥലം മാറ്റ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക് ഇറങ്ങി. എറണാകുളം റീജിയണിൽ 62 ബ്രാഞ്ചുകളിലായി മെയ് 23 സൂചന പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്ക് വൻവിജയമാവുകയും പണിമുടക്കിയ ജീവനക്കാർ പെരുമ്പാവൂർ ബ്രാഞ്ചിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കാര്യങ്ങൾ പാളുമെന്ന് ബോധ്യമായതോടെ മാനേജ്‌മെന്റ് ചർച്ചക്ക് തയ്യാറായി രംഗത്തെത്തി. ഷിജോയിയെ ഇടുക്കി ജില്ലയിലെ തോപ്രംകുടിയിലെ സ്ഥലം മാറ്റം പിൻവലിക്കാൻ തയ്യാറായി. എന്നാൽ മാറാടി ബ്രാഞ്ചിൽ ജോയിൻ ചെയ്യാൻ കഴിയില്ലെന്നും പകരം 15 കിലോമീറ്റർ പരിധിക്കുള്ളിൽ പോസ്റ്റിങ്ങ് തരണമെന്നും യൂണിയൻ ആവശ്യപ്പെടുകയുണ്ടായി.

15 കിലോമീറ്റർ പരിധിക്കുള്ളിൽ പോസ്റ്റിങ്ങ് നൽകാൻ കഴിയില്ലെന്നും മൂന്ന് മാസത്തിനകം നൽകാമെന്നും തീരുമാനം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എങ്കിലും നിലവിൽ ഒഴിവ് ഉണ്ടായിട്ടുപോലും വിഷയം പരിഹാരിക്കാൻ മാനെജ്‌മെന്റ് തയ്യാറായിരുന്നില്ല. ആവശ്യം നടപ്പിലാക്കാതിരുന്നതോടെ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു സിഐടു. ഇതിനെടെയാണ് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചത്. ഷിജോയി പോൾ നേരത്തെ ജോലി ചെയ്തിരുന്ന നെല്ലിമറ്റം ബ്രാഞ്ചിൽ നിന്നും ഏറ്റവും അടുത്തുള്ള അടിവാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം നൽകാനാണ് എറണാകുളം ലേബർ കമ്മീഷണർ ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിൽ തീരുമാനമായത്.

നിലവിൽ സ്ഥാപനത്തിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ റീജിയണിലെ പ്രധാന യൂണിയൻ പ്രവർത്തകർക്ക് തടഞ്ഞ് വെച്ച വാർഷിക ഇൻക്രിമെന്റ് നൽകാനും മാനേജ്‌മെന്റ് തയ്യറായി. ചർച്ചയിൽ മാനെജ്‌മെന്റിനെ പ്രതിനിധികരിച്ച് വി പി ലീഗൽ റാണ ജോസഫ്, ചീഫ് എച്ച് ആർ മാനേജർ ജോസ് മാണിയും യൂണിയൻ പ്രതിനിധികളായി സംഘടനയുടെ സീയാവുധീൻ, സി സി രതീഷ് എന്നിരുവരും പങ്കെടുത്തു. റീജണൽ സെക്രട്ടറി ഷിജോയി പോളും സന്നിഹിതനായിരുന്നു.