ന്യൂഡൽഹി: അലഞ്ഞുതിരിഞ്ഞ യാചകനായ വയോധികന്റെ പക്കൽ നിന്ന് കണ്ടെത്തിയത് ആധാർകാർഡും കോടികളുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

സ്‌കൂൾ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടന്നയാളെ സ്വാമി ഭാസ്‌കർ സ്വരൂപ് ജി മഹാരാജിന്റെ ആശ്രമത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കുമ്പോഴാണ് വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആധാർകാർഡും രേഖകളും കണ്ടെത്തിയത്. ഒരു കോടി ആറ് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകളാണ് ആധാർകാർഡിനൊപ്പമുണ്ടായിരുന്നത്. ആധാർകാർഡിലെ വിവരങ്ങളെ പിന്തുടർന്ന് ആശ്രമം അധികൃതർ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള ബിസിനസ്സുകാരനായ മുത്തയ്യ നാടാർ ആയിരുന്നു യാചകൻ. മകൾ ഗീത ആശ്രമത്തിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. ആറ് മാസം മുമ്പ് ഒരു ട്രെയിൻ യാത്രക്കിടെയാണ് മുത്തയ്യ നാടാരെ കാണാതായതെന്ന് ഗീത പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും മയക്കുമരുന്ന് കുത്തിവച്ചതിലൂടെ ഇയാളുടെ ഓർമ്മശക്തിക്ക് തകരാർ സംഭവിച്ചതാകാമെന്നാണ് ഗീത പറയുന്നത്.