കണ്ണൂർ: പഴയങ്ങാടി മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുമ്പോഴും കേസെടുക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു. ചൈൽഡ് ലൈനിനോ ശിശുക്ഷേമ സമിതിക്കോ ഇടപെടാൻ കഴിയുന്നില്ല. ഭീഷണിപ്പെടുത്തി കേസുകളിൽ ഇന്ന് ഇരകളെ പിൻവലിപ്പിക്കുയാണ് ചിലർ.

പ്രതികൾക്ക് സമുഹത്തിലുള്ള സ്വാധീനവും മാനക്കേടുമോർത്ത് പൊലിസിൽ പരാതി നൽകാൻ പോലും കഴിയാതെ നിസഹായമായി നിൽക്കുകയാണ് രക്ഷിതാക്കൾ എന്നും പൊതു പ്രവർത്തകർ പറയുന്നു. കണ്ണുർ ജില്ലയിൽ പ്രവാസി കുടുംബങ്ങൾ തിങ്ങിനിറഞ്ഞു പാർക്കുന്ന സ്ഥലങ്ങളിലൊന്നാണ് മാടായി പഞ്ചായത്തിലെ മുട്ടം. കുടുംബ നാഥൻ വിദേശത്തായതിനാൽ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായാൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ വീട്ടിലെ സ്ത്രീകളും ഭയക്കുകയാണ്

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം വിവാദമാക്കുമ്പോൾ തുടർനടപടികൾ ഇല്ലാതെ പ്രശ്‌നം ഒതുക്കി തീർക്കുന്നതായും പൊതുപ്രവർത്തകർ പറയുന്നു. നാണക്കേട് ഭയന്ന് രക്ഷിതാക്കളും നിയമ നടപടികൾക്ക് മുതിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നിരുന്നു.

സംഭവത്തെ കുറിച്ച് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടെങ്കിലും കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ലെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ കെ. മുബഷീർ പറയുന്നു. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്ന സംഘങ്ങൾ തന്നെ പ്രദേശത്തുള്ളതായും മുബഷീർ പറയുന്നു. ഒരു വർഷം മുമ്പ് പതിനൊന്ന് പേർ ചേർന്ന് ഒരു പതിനാലുകാരനെ പീഡിപ്പിച്ച സംഭവമുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ മുഹമ്മദ് നിസാറും പറയുന്നു.

ഒടുവിൽ ഒത്തു തീർപ്പിന്റെ ഫലമായി രണ്ട് പേർക്ക് എതിരെ മാത്രമാണ് പോക്ക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് തുടർ നടപടിക്ക് പൊലീസുമായി കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല അതു കൊണ്ട് കേസ് എങ്ങും എത്തിയില്ലെന്നും തുടരന്വേഷണതിന് പരാതി നൽകിയിട്ടുണ്ടെന്നും നിസാർ പറഞ്ഞു. പതിനാലുകാരന് ദുരനുഭവം ഉണ്ടായപ്പോൾ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ പിന്നീട് ഇത്തരം സംഭവങ്ങൾ മുട്ടത്ത് ആവർത്തിക്കില്ലായിരുന്നുവെന്ന് പൊതുവർത്തകനായ ഷാജഹാൻ ഇട്ടോൾ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് രക്ഷിതാക്കളും സമൂഹവും വേണ്ടത്ര ഗൗരവത്തോടെ തന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ഷാജഹാൻ ഇട്ടോൾ പറഞ്ഞു. മാസങ്ങൾക്കു മുൻപ് ബംഗാളിൽ നിന്നെത്തിയ ഒരു അതിഥി തൊഴിലാളിയെ പ്രദേശത്തെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

ബംഗാൾ സ്വദേശി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാരാണ് ഇയാളെ മോചിപ്പിച്ചതെന്നും നിസാർ വെളിപ്പെടുത്തി. കുട്ടികൾക്ക് എതിരായ ലൈംഗികപീഡന പരാതികൾ ഒതുക്കിത്തീർക്കാൻ പ്രദേശത്തെ സമുദായ രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നിട്ടിറങ്ങുന്നതായും പരാതിയുണ്ട്. തങ്ങളുടെ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് സ്വകാര്യ സംഭാഷണത്തിൽ ചില രക്ഷിതാക്കൾ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊതുപ്രവർത്തകരുടെ കയ്യിലുണ്ട്.

ഇരയെ തിരിച്ചറിയുന്നുതിന് വഴിവെയ്ക്കുമെന്നതിനാൽ ദൃശ്യങ്ങൾ പുറത്തുവിടാനാകില്ലെന്നും ഇവർ പറയുന്നു. പക്ഷേ ഇതുമായി കോടതിയെ സമീപിക്കാനാണ് പൊതുപ്രവർത്തകരുടെ തീരുമാനം. രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതിനാലാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്കോ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ ക്കോ മുൻപിൽ പരാതി പറയാൻ കുട്ടികൾ തയ്യാറാകാത്തത്.

സംഭവത്തിന്റെ ഗൗരവം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ കുട്ടികളെ വ്യാപകമായി കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ആവശ്യമാണ് പൊതു പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതിനായി കോടതി വഴി ഉത്തരവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.