കാസർഗോഡ്: സഹകരണ ബാങ്ക് ഇടപാടുകളിലെ വിശ്വാസ്യത വീണ്ടെടുക്കാൻ ഒടുവിൽ സഹകരണ വകുപ്പു തന്നെ രംഗത്തിറങ്ങി. വ്യാജസ്വർണം പണയം വച്ച് നാലു കോടി രൂപയിലേറെ തട്ടിപ്പ് നടന്ന കാസർഗോഡ് ജില്ലയിലെ സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള തീവ്രമായ ഇടപെടൽ ബന്ധപ്പെട്ട വകുപ്പ് ആരംഭിച്ചു.

മുട്ടത്തൊടി സർവ്വീസ് സഹകരണ ബാങ്കിന്റെ രണ്ടു ശാഖകളിലായാണ് തട്ടിപ്പ് അരങ്ങേറിയതെങ്കിലും ഈ കേസിലെ പ്രതിയായ യു.കെ. ഹാരിസ് മുള്ളേരിയ സർവ്വീസ് സഹകരണ ബാങ്കിൽനിന്നും 1.21 ലക്ഷം രൂപ മുക്കുപണ്ടം വച്ച് നേടിയതായി തെളിഞ്ഞിട്ടുണ്ട്. വ്യാജസ്വർണം വച്ച് മറ്റു ചില ബാങ്കുകളിൽ നിന്നും വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.

ഇന്നലെ ആരംഭിച്ച പരിശോധനയിൽ മറ്റൊരു ബാങ്കിന്റെ പണയസ്വർണ്ണത്തിന്റെ കാര്യത്തിലും സംശയമുദിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നത്തോടെ സ്ഥിരീകരിക്കപ്പെട്ടേക്കാം. വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ ജില്ലയിലെ 14 സഹകരണസ്ഥാപനങ്ങളിൽ സ്വർണ്ണപ്പണ്ട പണയപരിശോധന നടത്തി. ജില്ലയിലെ 63 സഹകരണ ബാങ്കുകളും അതിന്റെ ശാഖകളിലും ജില്ലാ സഹകരണ ബാങ്കിലും അതിന്റെ ശാഖകളിലുമായി പരിശോധന തുടരുകയാണ്. മുക്കുപണ്ടപണയത്തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായതോടെയാണ് കർശന പരിശോധനയുമായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ രംഗത്തിറങ്ങിയിട്ടുള്ളത്. സഹകരണ വകുപ്പും ഉദ്യോഗസ്ഥസംവിധാനവും നിലവിലുണ്ടെങ്കിലും സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾക്കെതിരെ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പും സർക്കാരും അലംഭാവം കാട്ടുകയാണ് പതിവ്. പ്രാദേശിക തലത്തിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾക്കെതിരെ തടയിടാൻ വൈകിയെങ്കിലും സഹകരണ വകുപ്പിന്റെ ഇപ്പോഴത്തെ നീക്കം ആശ്വാസകരമാണ്.

സ്വർണ്ണപണയത്തിന്മേൽ വായ്പ നൽകുന്ന എല്ലാ സംഘങ്ങളിലും പരിശോധന നടത്തണമെന്ന ആവശ്യവും ജനങ്ങളിൽ നിന്നും ഉയർന്നിരിക്കയാണ്. മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ എംപ്ലോയീസ് സഹകരണ സംഘങ്ങളിലും അർബൻ സൊസൈറ്റികളിലും ക്ഷേമസംഘങ്ങൾ, വനിതാസംഘങ്ങൾ, തുടങ്ങിയ സ്വർണ്ണപണയ ഇടപാടുകൾ നടത്തുന്ന എല്ലാ പ്രാഥമിക സഹകരണസംഘങ്ങളിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കയാണ് സഹകരണ വകുപ്പ്. 80 ജീവനക്കാരെ ഉൾപ്പെടുത്തി 14 ടീമിനെയാണ് പരിശോധനക്കായി രൂപീകരിച്ചിട്ടുള്ളത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്റ്റ്രാറുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും. ഈ ടീമിന്റെ പരിശോധനയിലൂടെ ഇനി ഏതെങ്കിലും ബാങ്കുകളിൽ വ്യാജസ്വർണം വച്ച് പണയം നേടിയിട്ടുണ്ടെന്ന കാര്യം വെളിവാകും എന്നാണ് പ്രതീക്ഷ. പരിശോധനാ കാലയളവിൽ ആരെങ്കിലും ധൃതിപിടിച്ച് പണമടച്ച് സ്വർണം എടുക്കുന്നുണ്ടോയെന്നു നിരീക്ഷിക്കും.

അതേസമയം മുക്കുപണ്ടം വച്ച് പണം നേടിയ പ്രധാന പ്രതി യു.കെ. ഹാരിസ് കർണ്ണാടകത്തിൽ ഭൂമി വാങ്ങിക്കൂട്ടിയതായി സൂചന ലഭിച്ചിട്ടുണ്ട്. കേരള- കർണ്ണാടക അതിർത്തിയിലാണു ഭൂമി വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ഹാരിസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ മാത്രമേ ഇക്കാര്യം തെളിയിക്കാനാകൂ. ഹാരിസുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പു വഴി സ്വന്തമാക്കുന്ന പണം കർണ്ണാടകത്തിൽ ഭൂമിവാങ്ങാൻ ഉപയോഗിക്കുന്നു വെന്ന് സൂചന ലഭിച്ചു. വാങ്ങിയ ഭൂമി നല്ല ലാഭത്തോടെ മുറിച്ചു വില്ക്കുന്നതു വഴി ലഭിക്കുന്ന പണം വ്യാജസ്വർണം തിരിച്ചെടുക്കാനും ഉപയോഗിക്കുന്നു. അതിനാൽ വ്യാജ സ്വർണ്ണമാണ് വെക്കുന്നതെന്ന സംശയം ഇതുവരെ ആരിലും ഉണ്ടായില്ല.