- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം എംഎൽഎ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കി കായംകുളം മുട്ടേൽ പാലത്തിന്റെ ഉദ്ഘാടന പോസ്റ്റർ; സിപിഎം ഏരിയ കമ്മറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; രൂക്ഷ വിമർശനവുമായി കമന്റുകൾ; പോസ്റ്റ് പിൻവലിച്ച് തലയൂരാൻ നേതൃത്വം
കായംകുളം: മുട്ടേൽപാലത്തിന്റെ ഉദ്ഘാടനത്തിന് അഭിവാദ്യമർപ്പിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ പുതിയ വിവാദം. സിപിഎം കായംകുളം ഏരിയ കമ്മറ്റിയുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്ററിൽ നിന്ന് സ്ഥലം എംഎൽഎ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയതാണ് വിവാദമായത്. പോസ്റ്റിനു താഴെ രൂക്ഷവിമർശനവുമായി കമന്റുകൾ നിറഞ്ഞതോടെ അൽപം മുമ്പ് നേതൃത്വം പോസ്റ്റ് പിൻവലിച്ചു.
സിപിഎം കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്ററാണ് വിവാദത്തിന് ഇടയാക്കിയത്. നാളെ ഉദ്ഘാടനം ചെയ്യുന്ന മുട്ടേൽപാലത്തിനു അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററിൽ യു. പ്രതിഭയുടെ പോരോ ചിത്രമോ ഉണ്ടായിരുന്നില്ല. ഇതാണ് വിവാദത്തിനും വിമർശനത്തിനും ഇടയാക്കിയത്.
മണ്ഡലത്തിലെ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് പ്രതിഭയോടുള്ള അതൃപ്തിയാണ് പോസ്റ്ററിൽ നിന്ന് പ്രതിഭയെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. എന്നാൽ അണികളിൽ പലർക്കും ഇതിനോടുള്ള പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് പ്രതിഭയില്ലാത്ത പോസ്റ്ററിനെതിരെ കമന്റുകളിലൂടെ വിമർശനം ഉയർന്നത്.
കായംകുളം എംഎൽഎയും പ്രാദേശിക ഡിവൈഎഫ്ഐ. പ്രവർത്തകരും തമ്മിലുള്ള പോര് നേരത്തെയും വാർത്തയിൽ ഇടംപിടിച്ചിരുന്നു. കൊറോണ പ്രതിസന്ധിക്കിടെ എംഎൽഎയുടെ പ്രവർത്തനം ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയത് വാർത്തയായിരുന്നു. എംഎൽഎ. വീട്ടിൽ തന്നെ കഴിയുകയാണ്. എംഎൽഎ. ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. കൊറോണക്കാലത്ത് സോഷ്യൽമീഡിയയിലൂടെയുള്ള പ്രവർത്തനം മതിയാക്കി പ്രവർത്തിക്കണമെന്നായിരുന്നു ഡി.വൈ.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടത്.
ഇതിനു മറുപടിയായി എംഎൽഎ. വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൊറോണ വൈറസിനെക്കാൾ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു പരാമർശം. ഈ രണ്ട് സംഭവങ്ങളും മാധ്യമ വാർത്തകളാവുകയും പ്രാദേശിക പാർട്ടി നേതൃത്വം സംഭവത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പ്രതിഭ ഫേസ്‌ബുക്ക് ലൈവിലെത്തിയും വിമർശനത്തിന് ഇടയാക്കിയിരുന്നു.