പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയൻ ക്യാമ്പിലെ രണ്ട് പൊലീസുകാരുടെ മരണത്തിൽ ദുരൂഹതകളും സംശയങ്ങളും ഏറെ. ക്യാമ്പിലെ പൊലീസുകാരായ അശോകിന്റെയും മോഹൻദാസിന്റെ വിയോഗത്തോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. ഈ കുടുംബങ്ങളുടെ കണ്ണീർ തിരിച്ചറിഞ്ഞ് സത്യം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.

ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾക്ക് കുറച്ച് അകലെയായി ഒരു മോട്ടോർപ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോർപ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. സംഭവസ്ഥലത്തുനിന്ന് മരിച്ചവരിൽ ഒരാളുടെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഒരു ചുവന്ന കുടയും ഇവിടെ നിന്ന് ലഭിച്ചു. പൊലീസുകാരുടെ മരണത്തിന് പിന്നിൽ പന്നിക്കെണിയാകാമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നു. ശരീരത്തിൽ പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ഇല്ലാത്തതിനാൽ, വിഷാംശം ഉൾപ്പടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നും പരിശോധിക്കും. പൊലീസുകാരെ ബുധനാഴ്ച രാത്രിമുതലാണ് കാണാതായത്. ഉയരത്തിലുള്ള ചുറ്റുമതിലും കടന്ന് കനത്ത സുരക്ഷയുള്ള ക്യാമ്പിൽ നിന്ന് ഇവർ എങ്ങനെ പാടത്ത് എത്തി എന്നത് സംശയം കൂട്ടുന്നു. പാടത്തിന് സമീപമുള്ള തോട്ടിൽ മീൻ പിടിക്കാനായിരിക്കാം ഇവർ പോയത് എന്ന സംശയവമുണ്ട്. എന്നാൽ ഇതെല്ലാം തീർത്തും അസ്വാഭാവിക കഥകളാണ്.

ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പൊലീസുകാരും ക്യാമ്പ് ക്വാട്ടേഴ്സിലുണ്ടായിരുന്നതായാണ് ജില്ലാ പൊലീസ് മേധാവിയടക്കം വിശദീകരിക്കുന്നത്. ഷോക്കേൽക്കാനുള്ള സാഹചര്യങ്ങൾ മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് കണ്ടെത്താനായിട്ടില്ല. കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാൻ സ്ഥലത്ത് ആളുകൾ കെണിയൊരുക്കാറുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. വൈദ്യുതക്കമ്പികൾ പൊട്ടിവീണതും സ്ഥലത്ത് കണ്ടെത്താനായിട്ടില്ല.

പാടത്ത് ഒരു മോട്ടോർപ്പുരയുണ്ടെങ്കിലും ഇവിടെനിന്ന് ഏറെ ദൂരെയാണ് മൃതദേഹങ്ങൾ കിടക്കുന്നത്. ഒരാൾ കിടക്കുന്നിടത്തുനിന്ന് ഏകദേശം 60 മീറ്റർ അകലെയാണ് മറ്റൊരു മൃതദേഹമുള്ളത്. കൈയിലുള്ള പൊള്ളലുകളാണ് ഷോക്കേറ്റ് മരിച്ചതാവാമെന്ന നിഗമനത്തിന് കാരണം. ഇരുവരും ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബനിയനും ട്രൗസറുമായിരുന്നു വേഷം. ക്യാന്പിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും മറ്റ് കാര്യമായ തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടുണ്ടെന്നും ഇത് ശരീരം മുറിയാൻ ഇടയാക്കിയെന്നുമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതേസമയം, പന്നിക്കെണിയിൽനിന്നല്ല ഷോക്കേറ്റതെന്ന് കണ്ടെത്തിയാൽ മറ്റ് സാധ്യതകളിലേക്കും കേസന്വേഷണം നീളും. സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ഡ്വാഗ് സ്‌ക്വാഡിന്റെ റോക്കിയെന്ന നായയും മണംപിടിച്ച് ഓടിയത് മോട്ടോർപ്പുരയിലേക്കാണ്. അശോക് ക്യാമ്പിലെ അസി. കമാൻഡർ ആയ ഭാര്യ സിനിക്കും മകൾക്കുമൊപ്പം ക്വാർട്ടേഴ്‌സിലായിരുന്നു താമസം.ഒരു വർഷം മുമ്പ് അശോകിന്റെ വീടുപണി പൂർത്തിയായി. നാല് മാസം മുമ്പ് മകളുടെ പിറന്നാളും വീടിന്റെ കയറിത്താമസവും ആഘോഷിച്ചു.

മോഹൻദാസിന്റെ വേർപാട് ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതുവരെ സാധിച്ചിട്ടില്ല. പൊലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യയ്ക്കും മകനുമൊപ്പമാണ് താമസം.ഏഴ് സഹോദരങ്ങളാണ് മോഹൻദാസിനുള്ളത്. മോഹൻദാസ് അടക്കം മൂന്ന് പേർ പൊലീസുകാരാണ്. നല്ലൊരു ഗായകൻ കൂടിയായിരുന്നു മോഹൻദാസെന്ന് സുഹൃത്തുക്കൾ പറയുന്നു.