തിരുവനന്തപുരം: മുട്ടിൽ മരം മുറിക്ക് പിന്നിലെ സത്യം പാർട്ടി യോഗങ്ങളിൽ തുറന്നു പറയാൻ കെ രാജുവും ഇ ചന്ദ്രശേഖരനും. ഈ രണ്ട് മുൻ മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ സജീവമാണ്. എന്നാൽ മറ്റ് ചിലരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് അവർ പറയുന്നു. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ കേരളത്തിലെ റവന്യഭൂമിയിലെ അപൂർവ്വമരങ്ങൾ മുഴുവൻ വെട്ടി വിൽക്കുമായിരുന്നു എന്നാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് വിവാദ മരംകൊള്ളക്കേസ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് സിപിഐക്കു മേൽ സമ്മർദം ഏറുന്നത്.

ലോക്ഡൗൺ മൂലം സംസ്ഥാന നിർവാഹക സമിതി യോഗം നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് വിവാദം പാർട്ടിയുടെ മുൻ മന്ത്രിമാർക്കു നേരെ ചോദ്യങ്ങൾ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ഉടൻ യോഗം വിളിക്കണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥ തല വീഴ്ചയാണ് ഇക്കാര്യത്തിലുള്ളതെന്നും അത് അന്വേഷിക്കട്ടെ എന്നുമാണ് സിപിഐയുടെ ഇപ്പോഴത്തെ തീരുമാനം. എന്നാൽ ചില ഉന്നത ഇടപെടലുകൾ നടന്നുവെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് റവന്യൂ വകുപ്പിൽ. അതുകൊണ്ടാണ് വേണ്ടത്ര ഇടപെടൽ ചന്ദ്രശേഖരന് നടത്താൻ കഴിയാതെ പോയതും. ഇക്കാര്യം പാർട്ടി യോഗത്തിൽ തുറന്നു പറയാനാണ് ചന്ദ്രശേഖരന്റെ നിലപാട്.

കോടികളുടെ തടി മുറിച്ചു കടത്തുന്ന സാഹചര്യത്തിലേക്കു നയിച്ചത് പാർട്ടിയുടെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ്. ഉത്തരവ് ഇറക്കാനിടയായ സാഹചര്യങ്ങളും പിന്നീടു റദ്ദാക്കിയതും പാർട്ടി ന്യായീകരിക്കുന്നെങ്കിലും സംഭവിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. മതിയായ ചർച്ചയോ പരിശോധനയോ കൂടാതെയാണ് ഈ ഉത്തരവ് ഇറക്കിയത് എന്നതാണ് പാർട്ടി നേതൃത്വത്തിന് അലോസരമുണ്ടാക്കുന്നത്. നയപരമായ തീരുമാനം ഇടതു മുന്നണി എടുക്കണമെന്നതാണ് സിപിഐയുടെ പ്രഖ്യാപിത നയം. എന്നാൽ ഇത്രയേറെ വലിയ തീരുമാനം സിപിഐ ഭരിച്ച വകുപ്പ് എടുത്തിട്ടും ഇടതുപക്ഷത്ത് ആരും അറിഞ്ഞില്ല. ഇതും സിപിഐയെ ബാധിക്കുന്ന വിഷയമാണ്.

വിവാദമായ മരംവെട്ട് ഉത്തരവ് ഇറക്കുന്നതിനു മുൻ റവന്യു മന്ത്രിയുടെ ഓഫിസിലും ചിലർ സമ്മർദം ചെലുത്തിയെന്ന സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഉത്തരവിറക്കും മുൻപു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കൃത്യമായി എതിർപ്പ് ഉന്നയിച്ചിരുന്നുവെന്നാണു സൂചന. അണ്ടർ സെക്രട്ടറി തയാറാക്കിയ ഫയൽ മന്ത്രിക്കു വിടും മുൻപാണ്, ഇത്തരത്തിൽ ഉത്തരവിറങ്ങിയാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എതിർത്തത്. എതിർപ്പു വ്യക്തമായി ഫയലിൽ എഴുതുകയും ചെയ്തു. എന്നാൽ, ഇതു മറികടന്നു മന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ഇതിൽ 2 പേജ് കുറിപ്പ് എഴുതുകയും മന്ത്രിയെ ഫയൽ കാണിച്ച് തീരുമാനമെടുപ്പിക്കുകയും ചെയ്തു എന്നാണ് സൂചന.

പാർട്ടിയിലെ ഉന്നതനായിരുന്നു ഇതിന് പിന്നിലെ ശക്തി. അതുകൊണ്ടാണ് മന്ത്രി എതിർക്കാത്തതെന്നാണ് സൂചന. ഒരു ചാനൽ പ്രവർത്തകന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് റോജി അഗസ്റ്റിനും സഹോദരങ്ങൾക്കും വേണ്ടി ചരടു വലികൾ നടത്തിയത്. ബോധപൂർവ്വമാണ് മുട്ടിൽ മരം മുറിയിലെ വിവാദ ഉത്തരവ് ഇറങ്ങിയതെന്നാണ് സൂചന. നിലവിലെ വനനിയമങ്ങളും ബാധകമായിരിക്കുമെന്ന് ഉത്തരവിൽ ചേർക്കാൻ വിട്ടുപോയത് മനഃപൂർവമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. ഉത്തരവ് ഇറങ്ങിയാലും വന നിയമങ്ങൾ പാലിച്ചുവേണം നടപ്പാക്കാനെന്നു വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് എതിർപ്പുന്നയിക്കാൻ ശ്രമിക്കാതിരുന്ന വനംവകുപ്പും പ്രതിക്കൂട്ടിലാണ്. എന്നാൽ താൻ ഇടപെട്ടതുകൊണ്ടാണ് മരം കടത്താൻ കഴിയാത്തതെന്ന് മുൻ വനം മന്ത്രി പികെ രാജുവും പറയുന്നു.

ഈ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിന്റെ മൗനവും ശ്രദ്ധേയമാണ്. സിപിഐയുടെ 2 മന്ത്രിമാർ കൈകാര്യം ചെയ്ത വകുപ്പുകളിലാണ് കുഴപ്പം നടന്നത്. ഇപ്പോഴും അതിലെ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ തന്നെയാണ്. വനം വകുപ്പിന്റെ ചുമതല എൻസിപിക്കും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് വെട്ടിപ്പിനു കളമൊരുക്കി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവ് ഉണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന.

സിപിഐയുടെ പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വൈകാതെ ഓൺലൈനിൽ ചേരുന്നുണ്ടെങ്കിലും അവിടെ ഇക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ല. അതിനു ശേഷം സംസ്ഥാന നിർവാഹക സമിതി വിളിച്ചേക്കും.