കോഴിക്കോട് : മുട്ടിൽ മരം മുറിയിലെ അന്വേഷണം വനം വകുപ്പിൽ പൊട്ടിത്തെറിയാകുന്നു. കേസുകളും ബാധ്യതകളും വനം ഫീൽഡ് ജീവനക്കാരുടെ തലയിൽ കെട്ടിവച്ചു റേഞ്ച് ഓഫിസറിനു മുകളിലുള്ള ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മന്ത്രി എ.കെ.ശശീന്ദ്രനു നിവേദനം നൽകി. വനംവകുപ്പ് മേധാവിയെയാണ് അസോസിയേഷൻ കടന്നാക്രമിക്കുന്നത്.

റവന്യൂ വിഭാഗത്തിന്റെ ഉത്തരവാദിത്തത്തിലുള്ള തടി നഷ്ടപ്പെട്ടതിനു വനം ജീവനക്കാരെ ബലിയാടാക്കുന്ന നിലപാടാണു വകുപ്പിനും ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്ന നിവേദനത്തിൽ വനം മേധാവിയുടെ പിഴവുകളും അക്കമിട്ടു നിരത്തിയിട്ടുണ്ട്. റേഞ്ച് ഓഫിസറിനു താഴെയുള്ള അയ്യായിരത്തോളം വരുന്ന ഫീൽഡ് വിഭാഗം ജീവനക്കാരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. റവന്യൂ ഭൂമിയിലെ മരങ്ങൾ കൊണ്ടു പോകാനായി പാസ് നൽകുന്ന ചുമതല മാത്രമാണു വനം ജീവനക്കാർ നിർവഹിച്ചത്. അതിന്റെ പേരിൽ വനം വകുപ്പു കേസെടുക്കണം എന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഫെബ്രുവരി 16ന് നൽകിയ നിർദ്ദേശം നടപ്പാക്കാൻ സാധിക്കില്ലെന്നും അസോസിയേഷൻ മന്ത്രിയെ അറിയിച്ചു.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവു വന്നപ്പോഴേ വനംവകുപ്പ് അടിയന്തരമായി സർക്കാരിൽ നിന്നു വ്യക്തത തേടേണ്ടിയിരുന്നു. ഉത്തരവു നടപ്പിലാക്കിയാലുണ്ടാകാവുന്ന ദോഷങ്ങൾ വനം സബ് ഓഫിസുകൾക്കു നൽകേണ്ടതും ആയിരുന്നു. ഉത്തരവിന്റെ പകർപ്പു കിട്ടിയ വനം മേധാവിയും ഫോറസ്റ്റ് മാനേജ്മന്റ് പിസിസിഎഫും ഇക്കാര്യത്തിൽ കീഴ്ജീവനക്കാർക്കു നിർദ്ദേശങ്ങളൊന്നും കൈമാറിയില്ലെന്നും കുറ്റപ്പെടുത്തുന്നു.

പട്ടയ വ്യവസ്ഥകൾക്ക് വിരുദ്ധമായി മരം മുറിച്ചിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. വന സംരക്ഷണ ജോലികളുടെ ഭാരത്തിനിടെ റവന്യൂ ഭൂമിയിലെ മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത കൂടി വനം ഫീൽഡ് വിഭാഗം ജീവനക്കാരുടെ തലയിലാക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.