- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിലെ മത്സരചൂട് അറിഞ്ഞിട്ടും ജനകീയനായ വിഎസിന് പോലും സീറ്റ് നൽകാത്ത സിപിഐ; ചന്ദ്രശേഖരൻ മന്ത്രിക്ക് മാത്രം മൂന്നാം ടേം അനുവദിച്ചത് മുട്ടിലിൽ എടുത്ത റിസ്കിനുള്ള പ്രതിഫലമോ? ഫയലുകൾ വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ ഇടപെടലിലേക്ക്; കടത്തിയത് ശതകോടിയുടെ തടികളും
തിരുവനന്തപുരം: മുട്ടിൽ മരംവെട്ടിനു കാരണമായ വിവാദ ഉത്തരവ് ഇറക്കിയത് അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരമായിരുന്നെന്നു വ്യക്തമാക്കുന്ന റവന്യു വകുപ്പിലെ ഫയൽ രേഖകൾ പുറത്തുവരുമ്പോൾ സിപിഐയിൽ കലാപവും തുടങ്ങും. ഈ ഉത്തരവിന് പിന്നിൽ രാഷ്ട്രീയ ഉന്നതന്റെ സ്വാധീനമുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. അഗസ്റ്റിൻ സഹോദരങ്ങൾക്കായി വലിയ ഇടപെടൽ ഇയാൾ നടത്തിയെന്നാണ് സൂചന.
ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കും പതിച്ചുനൽകിയ ഭൂമിയിൽനിന്നു മുറിച്ചുകടത്തിയത് നൂറിലേറെ വർഷം പഴക്കമുള്ള വൻ മരങ്ങളാണ് എന്നാണ് കണ്ടെത്തൽ. വനം വകുപ്പിന്റെ ന്യായവിലപ്രകാരം ഏകദേശം 15 കോടിയുടെ മരങ്ങൾ. വിപണിമൂല്യം ഇതിന്റെ പതിന്മടങ്ങു വരും. ഇത്തരത്തിലുള്ള മരങ്ങളാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ മുട്ടിലിൽ നിന്ന് മുറിച്ചു കടത്താൻ മാത്രം ശ്രമിച്ചത്. സംസ്ഥാനത്തുടനീളം ഇത് നടക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന അതിശക്തമായി നടപ്പിലാക്കിയ പാർട്ടിയാണ് സിപിഐ. തൃശൂരിൽ അതിശക്തമായ മത്സരത്തിന് സാധ്യത ഉണ്ടായിട്ടും ജനകീയ മന്ത്രിയായിരുന്ന വി എസ് സുനിൽകുമാറിന് പോലും അവസരം നൽകിയില്ല. എന്നാൽ കാസർഗോട്ടെ ഉറച്ച സീറ്റിൽ ചന്ദ്രശേഖരന് മൂന്നാം ടേം മത്സരത്തിന് അവസരം നൽകി. പ്രാദേശിക നേതാക്കളുടെ എതിർപ്പു പോലും മറികടന്നായിരുന്നു ഇത്. ഇതിന് പിന്നിലും മുട്ടിൽ മരം മുറിയുടെ ഇഫക്ടാണെന്നാണ് സിപിഐയിലെ അഠക്കം പറച്ചിൽ.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ 2020 ഒക്ടോബർ അഞ്ചിനു റവന്യൂ മന്ത്രിയുടെ കുറിപ്പിലുള്ള അതേ വാചകങ്ങളാണ് ആ മാസം 24നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിലും ഇടംപിടിച്ചതെന്നും രേഖകൾ തെളിയിക്കുന്നു. ഉത്തരവിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നു ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്ടു വ്യക്തമാക്കുകയും ചെയ്തു. വനം വകുപ്പിനേയും സ്വാധീനിക്കാൻ ഈ രാഷ്ട്രീയ ഉന്നതൻ ശ്രമിച്ചിരുന്നു. എന്നാൽ വയനാട്ടിലെ സിപിഐ നേതാക്കളുടെ എതിർപ്പ് തിരിച്ചറിഞ്ഞ് വനം മന്ത്രി കെ രാജു അഗസ്റ്റിൻ സഹോദരങ്ങളെ അടുപ്പിച്ചില്ല.
ഇതോടെയാണ് മരം കടത്തിലെ കള്ളക്കളികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രാജുവിനും വീണ്ടും മത്സരിക്കാൻ മോഹമുണ്ടായിരുന്നു. എന്നാൽ സിപിഐ സീറ്റ് നൽകിയതുമില്ല. ചന്ദ്രശേഖരന് മാത്രമാണ് സിറ്റിങ് മന്ത്രിമാരിൽ വീണ്ടും അവസരം കിട്ടിയത്. ഇതെല്ലാം സിപിഐയ്ക്കുള്ളിൽ വലിയ ചർച്ചയായി മാറുന്നുണ്ട്. അതിശക്തമായ ഇടപെടൽ മന്ത്രി ചന്ദ്രശേഖരൻ നടത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന രേഖകളും വ്യക്തമാക്കുന്നത്.
പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ എല്ലാ മരങ്ങൾക്കുംമേൽ പൂർണ അധികാരം കർഷകർക്കാണെന്നും അതു മുറിക്കുന്നതിന് എതിരു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ഗുരുതര കൃത്യവിലോപമായി കണക്കാക്കി നടപടി വേണമെന്നുമാണ് പ്രിൻസിപ്പൽ സെക്രട്ടറിയോടു മന്ത്രി നിർദ്ദേശിച്ചത്. ഇത്തരമൊരു അനുമതി നിയമപരമായി നിലനിൽക്കില്ലെന്നു റവന്യു ജോയിന്റ് സെക്രട്ടറി ഫയലിൽ കുറിച്ച് ഏതാണ്ട് രണ്ടാഴ്ച പിന്നിട്ടപ്പോഴായിരുന്നു ഈ വിവാദ ഇടപെടൽ.
പ്രിൻസിപ്പൽ സെക്രട്ടറി അതേപടി ഇറക്കിയ ഉത്തരവാണ് വയനാട് ഉൾപ്പെടെ 8 ജില്ലകളിലെ നിയമവിരുദ്ധ മരംവെട്ടിനു വഴിവച്ചത്. മന്ത്രിസഭ കാണാതെയും നിയമ സെക്രട്ടറി അറിയാതെയും എങ്ങനെ ഉത്തരവിറക്കിയെന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു.
മറുനാടന് മലയാളി ബ്യൂറോ