കോഴിക്കോട്: മുട്ടിൽ മരം മുറിയിൽ നടന്നത് വമ്പൻ അട്ടിമറി. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജൻ മുട്ടിൽ മരംമുറിക്കേസിൽ നടത്തിയ തെറ്റായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ ഗൗരവമുള്ള നടപടികൾ സ്വീകരിക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ മുഖവിലയ്ക്ക് പോലും എടുത്തില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം സാജനെതിരെ നടപടി എന്നാണ് സർക്കാർ നിലപാട്. മന്ത്രി എകെ ശശീന്ദ്രൻ ഇത് വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെയാണ് ട്വന്റി ഫോർ ന്യൂസിന്റെ നടപടി ശ്രദ്ധേയമാകുന്നത്. ആരോപണത്തിൽ ദീപക് ധർമ്മടം പ്രതിയാണെന്ന സൂചനകൾ ആദ്യ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. അന്ന് തന്നെ ദീപക്കിനെ ട്വന്റി ഫോർ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റി നിർത്തി. അതിന് ശേഷം സർക്കാർ നടപടികൾ ഗൂഢാലോചനയിലേക്ക് വഴിമാറിയില്ല. ഇതിനിടെ ആന്റോ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് വിവാദങ്ങൾ അവസാനിപ്പിച്ചു. ഈ സാഹചര്യത്തിൽ തനിക്ക് പങ്കില്ലെന്ന് മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തി ട്വന്റി ഫോറിൽ ദീപക് തിരിച്ചെത്തി. ഓണപരിപാടികൾക്ക് വേണ്ടി കുഞ്ചാക്കോ ബോബനുമായി നൃത്തം ചെയ്തു താരമാകാനും ശ്രമിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തിരുവോണ ചിത്രവും ഫെയ്‌സ് ബുക്കിലെത്തി. ഇതോടെയാണ് ദീപക്കിന് മുഖ്യമന്ത്രിയിലുള്ള സ്വാധീനം വ്യക്തമായത്.

അടുത്ത ദിവസം തന്നെ മുട്ടിൽ മരം മുറിയിലെ വിശദ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങളിലെത്തി. അതിൽ ദീപക്കിന്റെ പേരുണ്ടായിരുന്നു. അപ്പോഴും ആരോപണം നിഷേധിച്ചു. എന്നാൽ ഫോൺ വിളിയുടെ വിശദാംശങ്ങൾ എത്തിയതോടെ കാര്യങ്ങൾ എല്ലാം വ്യക്തമായി. ഉടൻ തന്നെ ചാനൽ ദീപക്കിനെ സസ്‌പെന്റ് ചെയ്തു. ട്വന്റി ഫോർ മേധാവി ആർ ശ്രീകണ്ഠൻ നായർ കാട്ടിയ ഈ നീതി ബോധം പോലും സർക്കാർ സാജന്റെ കാര്യത്തിൽ കാട്ടിയില്ല. ഇപ്പോഴും സാജൻ ഔദ്യോഗിക കസേരയിലുണ്ട്. ദീപക്കും സാജനും മുഖ്യമന്ത്രി പിണറായി വിജയനും ധർമ്മടത്തുകാരുമാണ്.

സാജനും ദീപക് ധർമടവും കേസിൽ ആശാസ്യമല്ലാത്ത വിധം ഇടപെട്ടു എന്ന് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായി ഇവർക്കുള്ള ബന്ധവും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ഫോൺ വിളികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഏറ്റവും ഗൗരവമായി കാണേണ്ട പിഴവുകളാണ് ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഗൗരവമുള്ള നടപടി സ്വീകരിക്കണമെന്നും അന്വേഷണ കാലയളവിൽ മാറ്റി നിർത്തണമെന്നുമായിരുന്നു ശുപാർശ.

ഇതു വനം മേധാവി അംഗീകരിച്ചു. വനം മന്ത്രിയും ചീഫ് സെക്രട്ടറിയും കണ്ട് അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പക്കൽ എത്തിയതു ജൂലൈ 20നാണ്. സസ്‌പെൻഷൻ ശുപാർശ ചെയ്തതായി വനംമന്ത്രി പറയുകയും ചെയ്തു. 28ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഫയൽ വനംമന്ത്രിക്കു തിരികെ അയച്ചു. പൊതു സ്ഥലം മാറ്റത്തിന്റെ കൂട്ടത്തിൽ സാജനെ കൊല്ലത്തേക്കു മാറ്റിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.

ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മാത്രം ഗൗരവമായ കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. പിന്നീടു ഗൗരവമായ വകുപ്പുകൾ 'കണ്ടെത്താൻ' വേണ്ടി ഫയൽ ഓഗസ്റ്റ് 2 ന് പൊതുഭരണ വകുപ്പിലേക്കയച്ചു. അന്നു മുതൽ വിവിധ ഉദ്യോഗസ്ഥന്മാരുടെ കംപ്യൂട്ടറുകളിൽ കൂടി ഫയൽ സഞ്ചരിക്കുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് വരുന്നതു വരെ കാക്കണമെന്നാണു വനംമന്ത്രി ഇപ്പോൾ പറയുന്നത്. ഇതിനിടെയാണ് ദീപക്കിനെ ട്വന്റി ഫോർ മാതൃകാപരമായി മാറ്റി നിർത്തുന്നത്.

'മരംമുറി കേസ് അന്വേഷണത്തിൽ സർക്കാർ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. നല്ല രീതിയിലാണ് കേസ് മുന്നോട്ടു പോകുന്നത്. ക്രൈംബ്രാഞ്ച്, വിജിലൻസ് മേധാവികളും വനം ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്. ഓരോ ഘട്ടത്തിലും എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നത് അവരാണു തീരുമാനിക്കുന്നത്. പ്രതികളായി പരാമർശിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർ അന്വേഷണവും ഇതേ സംഘമാണു നടത്തുന്നത്. സർക്കാർ എവിടെയും ഇടപെടുന്നില്ല-മന്ത്രി പറയുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നതിനു സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണമെങ്കിൽ അന്വേഷണ സംഘമാണ് അറിയിക്കേണ്ടത്. ആരൊക്കെ തെറ്റായി ഇടപെട്ടാലും നടപടി ഉണ്ടാകും. പ്രതിപക്ഷവും സർക്കാരും അവരവരുടെ അവരവരുടെ ജോലികൾ ചെയ്യട്ടെ'' -ഇതാണ് മന്ത്രിയുടെ വിശദീകരണം.