കോഴിക്കോട്: മരംകൊള്ളയിലെ കുരുക്ക് മുറുകുമ്പോൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. വിവാദ റവന്യു ഉത്തരവുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറാതെയും എത്ര മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു തിട്ടപ്പെടുത്താൻ സഹായിക്കുന്ന ട്രീ രജിസ്റ്ററിലെ വിവരങ്ങൾ നൽകാതെയുമാണ് അന്വേഷണം വഴിമുട്ടിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ച് അന്വേഷണ സംഘത്തലവൻ എഡിജിപി എസ്. ശ്രീജിത്ത് വരും ദിവസങ്ങളിൽ സർക്കാരിനെ സമീപിക്കും. മുട്ടിൽ മരം മുറിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടന്നിരുന്നു. ഈ ലോബിയാണ് ശ്രീജിത്തിനേയും ഭയക്കുന്നത്. മാധ്യമ പ്രവർത്തകൻ അടക്കമുള്ളവർ ഈ ലോബിയിലുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീണിപ്പെടുത്തിയവർ തന്നെയാണ് ഇതിന് പിന്നിൽ. വനം വകുപ്പിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജൻ എന്ന ഡിഎഫ്ഒയ്ക്ക് സംരക്ഷണം ഒരുക്കുന്നതും ഇതേ ലോബിയാണ്. വനം വകുപ്പിലെ അന്വേഷണവും നിലച്ചുവെന്നാണ് സൂചന.

മരം കൊള്ളയ്ക്ക് വഴിവച്ച റവന്യു വകുപ്പിന്റെ ആദ്യ സർക്കുലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറപ്പെടുവിച്ചതു നിർണായക നിർദേശങ്ങൾ അട്ടിമറിച്ചുകൊണ്ടാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു കഴിഞ്ഞു. അനധികൃത മരം മുറി തടയുന്നതിന് സർക്കുലറിന്റെ കരടിൽ ഉൾപ്പെടുത്തിയിരുന്ന നിർണായകമായ 2 ഖണ്ഡികകൾ ഒഴിവാക്കിക്കൊണ്ടാണ് അന്തിമ സർക്കുലർ പുറത്തിറങ്ങിയത്. 198 പേജുള്ള ഫയലിലാണ് ഈ വിവരം വ്യക്തമാണ്. മരംമുറി എതിർത്ത് വിവിധ ഉദ്യോഗസ്ഥർ ഇതേ ഫയലിൽ കുറിച്ച അഭിപ്രായങ്ങൾ അപ്രത്യക്ഷമായി. ഇതെല്ലാം ക്രൈംബ്രാഞ്ചിനേയും ഞെട്ടിച്ചിട്ടുണ്ട്.

മുന്മന്ത്രി ഇ ചന്ദ്രശേഖരനെ ഈ വിഷയത്തിൽ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ട്. ഇത് സിപിഐയേയും കുടുക്കും. പട്ടയ ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും വളർത്തിക്കൊണ്ടു വരുന്നതുമായ എല്ലാ മരങ്ങളും മുറിക്കുന്നതിന് അനുമതി നൽകുന്നതു നിയമപരമായി നിലനിൽക്കില്ലെന്ന് റവന്യു ജോയിന്റ് സെക്രട്ടറി ഫയലിൽ കുറിച്ച് ഏതാണ്ടു രണ്ടാഴ്ച പിന്നിട്ടപ്പോഴാണു മന്ത്രിയുടെ വിവാദ ഇടപെടൽ. ഫയലിൽ സെപ്റ്റംബർ 14ന് ജോയിന്റ് സെക്രട്ടറിയുടെ കുറിപ്പ് ഉണ്ട്.

ആ കുറിപ്പിൽ പറയുന്നു: പട്ടയ ഭൂമിയിലെ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാനാവില്ല. അതു ഭൂപതിവു ചട്ടങ്ങളുടെയും വൃക്ഷസംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ്. നട്ടുവളർത്തിയതും അല്ലാത്തതുമായ മരങ്ങൾ വേർതിരിക്കുക പ്രായോഗികമല്ല.2020 മാർച്ച് 11 ന് ഇറക്കിയ സർക്കുലർ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജൂലൈ 8ന് സ്റ്റേ ചെയ്തു. ഇക്കാര്യത്തിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും ലാൻഡ് റവന്യു കമ്മിഷണറുടെ അഭിപ്രായവും തേടേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണു മന്ത്രി കുറിപ്പ് നൽകിയത്. ഈ സാഹചര്യത്തെ കുറിച്ച് അറിയാൻ ചന്ദ്രശേഖരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

സിപിഐയിലെ വമ്പൻ സ്രാവുകളും നിരീക്ഷണത്തിലാണ്. എന്നാൽ ചന്ദ്രശേഖരന്റെ മൊഴിയാകും ഇക്കാര്യത്തിൽ നിർണ്ണായകം. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ട്രീ രജിസ്റ്ററും ഫയലുകളും കൈമാറാത്തതിനു കാരണം പറയുന്നത് റവന്യു ഉദ്യോഗസ്ഥരുടെ ജോലിത്തിരക്കാണെന്നാണ് പുറത്തു വരുന്ന വിവരം. റവന്യു പട്ടയ ഭൂമിയിൽ നിന്ന് എത്ര മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് ട്രീ രജിസ്റ്റർ ഹാജരാക്കാൻ അന്വേഷണ സംഘം ലാൻഡ് റവന്യു കമ്മിഷണർക്കു നിർദ്ദേശം നൽകിയത്.

എല്ലാ വില്ലേജ് ഓഫിസർമാർക്കും ഈ നിർദ്ദേശം കൈമാറിയെങ്കിലും ഒരിടത്തു നിന്നു പോലും രജിസ്റ്റർ നൽകിയിട്ടില്ല. വനം വിജിലൻസിന്റെ നേതൃത്വത്തിൽ 9 ജില്ലകളിൽ പരിശോധന നടത്തിയിരുന്നു. 2410 തേക്ക്, ഈട്ടി മരങ്ങൾ വെട്ടിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ, പട്ടയ ഭൂമിയിൽ നിന്നുള്ള ഏകദേശ കണക്ക് മാത്രമാണിത്. യഥാർഥ കണക്കുകൾ ഇതിന്റെ മൂന്നിരട്ടി വരുമെന്നു വനം ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ഈ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് നൽകാതെ റവന്യൂ വകുപ്പ് ഒളിച്ചു കളിക്കുന്നത്. കേസ് അന്വേഷണത്തിന്റെ വേഗത കുറയ്ക്കാനാണ് നീക്കം.

വന ഭൂമിയിൽനിന്നു നഷ്ടപ്പെട്ട മരങ്ങൾക്ക് ഒരു രേഖയുമില്ല. മരത്തിന്റെ അവശേഷിച്ച കുറ്റികളാകട്ടെ, ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തന്നെ പഞ്ചസാര ഉപയോഗിച്ചു കത്തിച്ചു കളയുകയും ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിയുന്നുണ്ട്.