തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ ആരോപണ വിധേയനായ എൻ.ടി.സാജനെ ദക്ഷിണ മേഖല വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാക്കാനുള്ള (സിസിഎഫ്) തീരുമാനത്തെ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ന്യായീകരിച്ചു. പ്രമോഷൻ തീരുമാനിക്കുന്നത് വനം മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രമോഷനും സ്ഥലം മാറ്റവും ഭരണപരമായ കാര്യമാണ്. ഇത് സാധാരണ നടപടിയാണ്. അന്വേഷണ റിപ്പോർട്ട് കിട്ടിയതിന് ശേഷമാണ് പ്രതിയാണോ എന്ന് തീരുമാനിക്കുക. അതിനു ശേഷമായിരിക്കും നടപടി. കേസിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

മുട്ടിൽ മരംമുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെയാണ് സ്ഥലംമാറ്റിയത്. കണ്ണൂർ സിസിഎഫ് ആയ ഡി.കെ.വിനോദ് കുമാറിനാണ് സ്ഥലംമാറ്റം ലഭിച്ചത്. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററായാണ് അദ്ദേഹത്തിന് നിയമനം. ഇതൊരു അപ്രധാന തസ്തികയാണ്. എന്നാൽ മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് പ്രമോഷൻ ലഭിച്ചു. എൻ.ടി സാജനെ ദക്ഷിണമേഖലാ വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമിച്ചിരിക്കുന്നത്.

വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാർശയില്ലാതെയും സിവിൽ സർവീസസ് ബോർഡിന്റെ അനുമതിയില്ലാതെയും ആണ് സ്ഥലംമാറ്റം എന്നാണ് സൂചന. സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിയെ കണ്ടു. സ്ഥലംമാറ്റ ഉത്തരവിനെതിരെ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്ഥലം മാറ്റപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥരിൽ ചിലർ. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡപ്യൂട്ടി കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ എൻ.ടി.സാജൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ ആർ.കീർത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

സഞ്ജയൻ കുമാറിനെ വർക്കിങ് പ്ലാനിലേക്കും വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രിയിലേക്കും എൻ.ടി.സാജനെ ദക്ഷിണമേഖലാ സിസിഎഫിന്റെ ചുമതല നൽകിയും ആർ.കീർത്തിയെ ഉത്തരമേഖലയിലേക്കുമാണ് മാറ്റിയത്. ഇവർ നിലവിലെ തസ്തികകളിൽ എത്തിയിട്ട് രണ്ട് വർഷത്തിൽ താഴെയേ ആയിട്ടുള്ളു.

രണ്ടു വർഷം തികയുന്നതിനു മുൻപ് ഐഎഫ്എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിൽ സിവിൽ സർവീസസ് ബോർഡ് യോഗം ചേർന്ന്, ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേൾക്കണം. സിഎസ്ബിയുടെ ശുപാർശ സർക്കാരിനു തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നാൽ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നാലു സ്ഥലം മാറ്റങ്ങളുമെന്നാണ് പരാതി.

മുട്ടിൽ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തിൽ എൻ.ടി.സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി.കെ.വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സർക്കിൾ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയർന്ന തസ്തികയിൽ നിയമിക്കുമ്പോൾ, സോഷ്യൽ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാർ സാജന് കീഴിലാവും.

വിരമിക്കാൻ ആറു മാസം ശേഷിക്കുന്ന സാജന് ഭാവിയിൽ ഉത്തരമേഖല സിസിഎഫ് ചുമതലയിലേക്കു സ്ഥലം മാറ്റം നൽകാനുള്ള കുറുക്കുവഴിയാണ് ഇതെന്നും വകുപ്പിനുള്ളിൽനിന്നു സൂചനകൾ പുറത്തു വരുന്നു. നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാൻ ശുപാർശ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് പുറപ്പെട്ടപ്പോൾ വനം മന്ത്രിയാണ് തടഞ്ഞത്. മരം മുറി വിവാദത്തിൽ അന്വേഷണം നടക്കുമ്പോൾ ഈ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മന്ത്രി ഫയലിൽ കുറിച്ചിരുന്നു. ആ നീക്കം തടസ്സപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം.