തിരുവനന്തപുരം: മരംവെട്ടു കേസ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), അഴിമതി നിരോധന വകുപ്പുകൾ പ്രകാരം കൂടി കുറ്റം ചുമത്തണമെന്ന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ റിപ്പോർട്ട്. നിലവിൽ വനം നിയമപ്രകാരം മാത്രമാണു കേസ്. 6 മുതൽ 8 വരെ ജില്ലകളിൽ വ്യാപകമായി അനധികൃത മരംവെട്ടു നടന്നതായും എല്ലാ ജില്ലകളിലും വിശദ അന്വേഷണം വേണമെന്നും ഡിജിപി മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബറിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറപിടിച്ച്, വൻ മരംകൊള്ള നടന്നതായി ഡിജിപി ചൂണ്ടിക്കാട്ടിയതായാണു സൂചന. ഉത്തരവു ഫെബ്രുവരിയിൽ റദ്ദാക്കിയ ശേഷവും മരംവെട്ട് തുടർന്നെന്നാണു സൂചന.

റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് ഫെബ്രുവരിയിൽ പിൻവലിച്ചതിനു പിന്നാലെയാണു റോജി അഗസ്റ്റിനും സഹോദരങ്ങളും അടക്കമുള്ളവരെ പ്രതികളാക്കി വനം നിയമപ്രകാരം കേസെടുത്തത്. ഇതിൽ 34 കേസുകളിൽ 16 ആദിവാസികളെയും പ്രതി ചേർത്തു. മരം വാങ്ങിയ മില്ലുടമകളും ചിലതിൽ പ്രതികളാണ്. ഈ സാഹചര്യമെല്ലാം ഡിജിപി വിശദമായി തന്നെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. വനഭൂമിയിൽനിന്നു മരം മുറിച്ചാൽ മാത്രമേ വനം നിയമപ്രകാരമുള്ള കേസ് നിലനിൽകൂ. പട്ടയ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. അവിടെനിന്നു മരം മുറിച്ചാൽ ഐപിസി പ്രകാരം മോഷണക്കുറ്റം തന്നെ ചുമത്തണമെന്നാണു പൊലീസ് നിലപാട്.

ആദിവാസികളെ കബളിപ്പിച്ചതിന് പട്ടികജാതി/വർഗ നിയമ പ്രകാരവും കേസ് വേണം. വനം, റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ സംശയിക്കുന്ന കേസുകളിലടക്കം അഴിമതി നിരോധന വകുപ്പും ചുമത്തും. സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് അനധികൃത മരംവെട്ടിന് ഒത്താശ ചെയ്ത വനം, റവന്യു ഉദ്യോഗസ്ഥരെ കുരുക്കുന്ന റിപ്പോർട്ട് ബെഹ്‌റ നൽകിയത്. തുടർന്നാണ് ഗൂഢാലോചന അടക്കം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചത്. വയനാടിനു പുറമേ ഇടുക്കി, തൃശൂർ, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെല്ലാം മരംവെട്ട് നടന്നു. ചില ജില്ലകളിൽ മുറിച്ച മരത്തിന്റെ എണ്ണവും കമ്പോള വിലയും ഡിജിപിയുടെ സൂചിപ്പിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ വിജിലൻസ്, പൊലീസ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതോടെ എല്ലാ കേസിലും അഴിമതി നിരോധന വകുപ്പും ചുമത്തും. ഐപിസി പ്രകാരം മോഷണക്കുറ്റവും. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തിലെ സംയുക്ത സംഘം ഇന്ന് അന്വേഷണം തുടങ്ങും. വനം വകുപ്പ് രജിസ്റ്റർ ചെയ്ത 42 കേസിലും മോഷണക്കുറ്റവും അഴിമതി നിരോധന വകുപ്പും ചുമത്തും. അഗസ്റ്റിൻ സഹോദരന്മാരെ കുടുക്കുന്നതാണ് ഈ അന്വേഷണ റിപ്പോർട്ട്. റവന്യു വകുപ്പിന്റെ വിവാദ സർക്കുലറും ഉത്തരവും ഇറങ്ങിയത് അന്നത്തെ റവന്യുവനം മന്ത്രിമാരുടെ കൂടിയാലോചനകൾക്കു ശേഷമാണെന്നും വ്യക്തമായിട്ടുണ്ട്. നിയമസഭയിൽ അന്നത്തെ വനം മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വിവാദ ഉത്തരവ് വരും മുൻപേ, അതു ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്ക എംഎൽഎമാർ പങ്കുവച്ചിരുന്നുവെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. മരം മുറി അനുവദിക്കുന്ന സർക്കുലർ ഇറങ്ങിയത് 2020 മാർച്ചിലും ഉത്തരവിറങ്ങിയത് ഒക്ടോബറിലുമാണ്. പട്ടയഭൂമിയിലെ മരംമുറി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിവിധി പോലും കണക്കിലെടുക്കാതെ റവന്യു വകുപ്പ്. കോടതിവിധി വന്നു രണ്ടു മാസത്തിനു ശേഷമാണു റവന്യു വകുപ്പ് വിവാദ ഉത്തരവ് പിൻവലിച്ചത്. തൊടുപുഴ കരിമണ്ണൂർ സ്വദേശികളായ 7 പേർ നൽകിയ ഹർജിയിലാണ് 2020 ഡിസംബർ 15നു ഹൈക്കോടതിവിധി വന്നത്. എന്നാൽ 2021 ഫെബ്രുവരി രണ്ടിനാണു റവന്യു വകുപ്പ് ഉത്തരവു പിൻവലിച്ചത്.

കോതമംഗലം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അടക്കം കക്ഷി ചേർന്ന കേസിൽ പട്ടയഭൂമിയിലെ മരംമുറി നിയമവിരുദ്ധമാണെന്നു കോടതി നിരീക്ഷിച്ചിട്ടും അധികൃതർ ഉത്തരവു പിൻവലിക്കാതിരുന്നതു മരം മാഫിയയെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. പട്ടയഭൂമിയിലെ മരം മുറിച്ചതിനെത്തുടർന്നു വനംവകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു പരാതിക്കാർ കോടതിയെ സമീപിച്ചത്. 2020 മാർച്ച് 11നു പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം മുറിക്കാൻ അനുമതി നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറും പിന്നീട് ഒക്ടോബർ 24ന് ഉത്തരവും ഇറങ്ങിയതു പരാതിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേരള പ്രമോഷൻ ഓഫ് ട്രീസ് ഇൻ നോൺ ഫോറസ്റ്റ് ആക്ടും മുൻ കോടതി വിധികളും പ്രകാരം പട്ടയഭൂമിയിലെ മരംമുറി സാധൂകരിക്കാനാവില്ലെന്നു കാണിച്ച് ഹർജി കോടതി നിരാകരിച്ചു.

ഒക്ടോബർ 24ലെ ഉത്തരവു സാധുവല്ലെന്നു ഡിസംബറിൽത്തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും റവന്യു വകുപ്പ് നടപടിയെടുത്തില്ല. ഉത്തരവു വന്നതിനു ശേഷം ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലായി കോടിക്കണക്കിനു രൂപയുടെ മരമാണു വെട്ടിക്കടത്തിയത്. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയ ഉന്നതന്റെ സ്വാധീനമുണ്ടെന്നാണ് സൂചന.