- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടക്ക നടപടിക്കെതിരെ ഐഎഫ്എസുകാരൻ കോടതി കയറിയാൽ പ്രതിരോധത്തിലാകുമെന്ന് ഭയന്ന് സർക്കാർ; ഐഎഎസ്-ഐപിഎസുകാരുടെ സമ്മർദ്ദവും സ്വാധീനിക്കപ്പെട്ടു; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത് അതിവേഗം; മുട്ടിൽ മരം മുറിയിൽ നടന്നതെല്ലാം അട്ടിമറി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് സസ്‌പെൻഷനിലായ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽ തിരിച്ചെടുത്തതിന് കാരണം നിയമ നടപടികളെ ഭയന്ന്. മരം മുറിക്കാനുള്ള ഉത്തരവ് നേരത്തെ മന്ത്രിസഭ റദ്ദാക്കിയിരുന്നു. മരങ്ങൾ മുറിക്കാത്ത സാഹചര്യത്തിലും അച്ചടക്കനടപടി എടുത്തതിനാലും സസ്‌പെൻഷൻ തുടരേണ്ടതില്ലെന്ന് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
എന്നാൽ ബെന്നിച്ചന്റെ സസ്‌പെൻഷനെതിരെ സിവിൽ സർവ്വീസ് സംഘടനകൾ രംഗത്ത് വന്നിരുന്നു. ഐഎഎസുകാരും ഐപിഎസുകാരും ഐ എഫ് എസുകാരും ശക്തമായി എതിർത്തു. കോടതിയിൽ കാര്യങ്ങളെത്തിയാൽ അത് സർക്കാരിന് തിരിച്ചടിയുമാകുമായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ബെന്നിച്ചൻ ഉത്തവിട്ടത്. ഈ ഉത്തരവ് വിവാദമായപ്പോൾ ഒരു നിവർത്തിയുമില്ലാതെയാണ് ബെന്നിച്ചനെതിരെ നടപടി എടുത്തത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ബെന്നിച്ചനും ആരോപിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം ഇനി വനം മേധാവിക്കായിരിക്കും. നവംബർ പത്തിനാണ് ബന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്യാനും മരംമുറി ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചത്. ഉദ്യോഗസ്ഥ ഇടപെടൽ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നൽകിയിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവർ ബെന്നിച്ചന് അനുകൂല നിലപാടാണ് എടുത്തത്.
സർക്കാർ അറിയാതെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്ന 15 മരങ്ങൾ മുറിക്കാൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയതെന്നായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, സെക്രട്ടറിതല നിർദ്ദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു അനുമതി നൽകിയതെന്നാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ഇതു സംബന്ധിച്ച തെളിവുകളും പുറത്തു വന്നിരുന്നു. ഇതോടെ ബെന്നിച്ചന് വേണ്ടി സിവിൽ സർവ്വീസുകാരും ഒറ്റക്കെട്ടായി രംഗത്തു വന്നു.
മുഖം രക്ഷിക്കാനാണ് സർക്കാർ ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത് എന്ന വാദത്തെ സാധൂകരിക്കുന്നതാണ് അതിവേഗമുള്ള തിരിച്ചെടുക്കൽ. ബെന്നിച്ചന്റെ ഉത്തരവ് സുപ്രീംകോടതിയിൽ തമിഴ്‌നാട് എത്തിച്ചിട്ടുണ്ട്. ഈ ഉത്തരവ് റദ്ദാക്കിയതിനേയും തമിഴ്‌നാട് ചോദ്യം ചെയ്യുന്നു. ഇതിനിടെയാണ് ബെന്നിച്ചനെതിരായ നടപടി സർക്കാർ അവസാനിപ്പിക്കുന്നത്.
ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാനത്തോട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വിശദീകരണം തേടിയിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡർ നിയന്ത്രണ അഥോറിറ്റിയാണ് ഈ മന്ത്രാലയം. എല്ലാ രേഖകളും ഉടൻ കൈമാറണമെന്നു മന്ത്രാലയം ഇൻസ്‌പെക്ടർ ജനറൽ എ.കെ.മൊഹന്തി, ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി മറുപടി നൽകിയിട്ടില്ല.
സസ്‌പെൻഷനുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയോ എന്നു വ്യക്തമല്ല. സസ്‌പെൻഷൻ ഉത്തരവിറങ്ങി 48 മണിക്കൂറിനകം കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. 30 ദിവസത്തേക്കാണ് സസ്‌പെൻഷനെങ്കിൽ 15 ദിവസത്തിനകം വിശദ റിപ്പോർട്ട് കൈമാറണം. സസ്‌പെൻഷൻ കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടുകയാണെങ്കിൽ കേന്ദ്രാനുമതി വേണം.
ഈ മാസം 5 ന് ബെന്നിച്ചന്റെ പേരിൽ പുറത്തിറങ്ങിയ മരം മുറി ഉത്തരവ് വിവാദമായപ്പോൾ ആദ്യം മരവിപ്പിച്ചു, പിന്നീട് റദ്ദാക്കി. സർക്കാർ നിലപാടിനെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് പിന്നീട് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ്, ഐഎഎസ്, ഐപിഎസ് അസോസിയേഷൻ ഭാരവാഹികൾ സർക്കാരിൽ സമ്മർദം ചെലുത്തുമ്പോഴാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ കേന്ദ്രത്തിന് കത്തയച്ചെന്നും സൂചനയുണ്ട്. ഈ സാഹചര്യം എല്ലാം കണക്കിലെടുത്താണ് ബെന്നിച്ചനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ