- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് ജപ്തിയിൽ ജനരോഷം പുകഞ്ഞപ്പോൾ വായ്പാ കുടിശിക അടച്ചുതീർത്തു; വിവാദത്തിൽ നിന്നും തലയൂരാനുള്ള യൂണിയൻ നീക്കത്തിന് തിരിച്ചടി; ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടന്ന് വീട്ടുടമയായ അജേഷ്; ബാങ്കിനെതിരെ കേസ് കൊടുക്കും
മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി നടപടിയിൽ ജനരോഷം ഉയർന്നതോടെ വായ്പാ കുടിശിക മുഴുവൻ അടച്ചുതീർത്ത് വിവാദത്തിൽ നിന്നും തലയൂരാനുള്ള ബാങ്ക് യൂണിയന്റെയും ചെയർമാൻ ഗോപി കോട്ടമുറിക്കലിന്റെയും നീക്കങ്ങൾക്ക് തിരിച്ചടി.
മൂവാറ്റുപുഴയിൽ മൂന്ന് പെൺകുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാഗ്ദാനം വീട്ടുടമയായ പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ വി.എ. അജേഷ്‌കുമാർ തള്ളിക്കളഞ്ഞു. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാർ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യൽമീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് വ്യക്തമാക്കി.എറണാകുളം ജനറൽ ആശുപത്രിയിൽ ചികത്സയിലായിരുന്ന അജേഷ് വൈകിട്ടോടെ ഡിസ്ചാർജ്ജായി, വീട്ടിലേയ്ക്ക് മടങ്ങി.
ജപ്തി നടപടിക്കായി വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ അന്ന് തന്നെ വിളിച്ചിരുന്നു. അപ്പോൾ താൻ ആശുപത്രിയിലാണെന്നും സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒരു കനിവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പെൺമക്കളെ പുറത്താക്കി വീടിന്റെ വാതിൽ പൂട്ടി അവർ സ്ഥലം വിടുകയായിരുന്നു.
കുട്ടികളിൽ ഇത് വല്ലാത്ത മാനസീക വിഷമം സൃഷ്ടിച്ചിരുന്നു. ഇത് കടുത്ത നിയമ ലംഘനമാണെന്നാണ് മനസിലായിട്ടുള്ളത്. അതിനാലാണ് ബാങ്കിന്റെ നടപടിയെ നിയമപരമായി നേരിടാൻ തിരുമാനിച്ചിട്ടുള്ളത്. ലോൺ അടച്ചു തീർത്തതായി പലരും പറഞ്ഞാണ് അറിഞ്ഞത്. ഈ നിമിഷം വരെ ബാങ്കിൽ നിന്നും വിളിച്ചിട്ടില്ല. മാത്യു കുഴൽ നാടൻ എം എൽ എ എ സഹായിക്കാമെന്ന് പറഞ്ഞശേഷമാണ് സഹായിക്കുന്നതായി കാണിച്ച് ബാങ്ക് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായത്.
രാഷ്ട്രീയം നോക്കായല്ല സഹായിക്കുന്നതെന്ന് എം എൽ എ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എം എൽ എ യോട് ഒപ്പം നിൽക്കുന്നതാണ് മര്യാദയെന്ന് തോന്നി. അതുകൊണ്ടാണ് ബാങ്കിന്റെ സഹായം നിരസിച്ചതെന്നും അജേഷ് മറുനാടൻ മലയാളിയോട് വിശദമാക്കി.
വായ്പ കുടിശ്ശിക അടച്ച് ലോൺ തീർക്കുമ്പോൾ വീടിന്റെ ഉടമ പോയി ഒപ്പിട്ട് നൽകേണ്ടതുണ്ട്. നടപടി ക്രമങ്ങൾ ഉണ്ട്. ഇതൊന്നും അറിയിക്കാതെയാണ് ലോൺ അടച്ചെന്ന് പ്രചരിപ്പിക്കുന്നത്. എംഎൽഎ കൃത്യമായി വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നും അജേഷ് പറഞ്ഞു.
വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാൻ തയ്യാറായത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.
ബാങ്കിന്റെ പേഴക്കപ്പള്ളി ബ്രാഞ്ചിൽ അജേഷിനുണ്ടായിരുന്ന വായ്പാ കുടിശിക കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അംഗങ്ങായ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചുതീർത്തെന്നായിരുന്നു ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വായ്പാ ബാധ്യത ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നാടകീയ നീക്കം.
ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്‌മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്ക് പിന്നാലെ വിശദീകരിച്ചത്. എന്നാൽ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകിയിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്.
ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെ, പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളടക്കം നാലുമക്കളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്ത നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുവേണ്ടി വായ്പാ കുടിശികയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ബാങ്ക് അധികൃതർക്ക് കത്തു നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് സിഐടിയു അംഗങ്ങളായ ബാങ്ക് ജീവനക്കാർ അജേഷിന്റെ വായ്പാ കുടിശിക മുഴുവൻ അടച്ചുതീർത്തതായി വ്യക്തമാക്കി ബാങ്ക് ചെയർമാൻ തന്നെ രംഗത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിചെയ്തത്. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നു. തുടർന്ന് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ. വീടിന്റെ സീൽചെയ്ത താഴുതകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആധാരം തിരികെനൽകാൻ ബാങ്ക് ആവശ്യപ്പെടുന്ന പണമടയ്ക്കുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഒട്ടേറെപ്പേർ കുടുംബത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അജേഷിന് ആകെയുള്ളത് നാലു സെന്റ് ഭൂമിയും അടച്ചുറപ്പില്ലാത്ത വീടുമാണ്.
മറുനാടന് മലയാളി ബ്യൂറോ