- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ രോഗിയുടെ ബന്ധുവിനെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് റിമാൻഡിൽ; അറസ്റ്റിലായത് മുയ്യത്തുകാരൻ അഷറഫ്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബന്ധുവിന് കൂട്ടിരിപ്പിനെത്തിയ നീലേശ്വരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ.
തളിപ്പറമ്പ് കരിമ്പം സർ സയ്യിദ് കോളജിന് സമീപം താമസിക്കുന്ന മുയ്യം സ്വദേശി സാഹിദ മൻസിലിൽ കെ.എസ് അഷറഫി(19)നെയാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ എസ്‌ഐ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ ആശീർവാദ് ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. ബന്ധുവിന് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ നീലേശ്വരം സ്വദേശി വി.പി നിഷാദാണ് തട്ടിപ്പിനിരയായത്. ഐ.സി.യുവിൽ അത്യാസന്ന നിലയിൽ കഴിയുന്ന സഹോദരിയുടെ ചികിത്സയ്ക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യായിരം രൂപ ചോദിച്ചു വാങ്ങി സ്ഥലം വിടുകയായിരുന്നു.
അന്വേഷണത്തിൽ ആശുപത്രിയിൽ അത്തരത്തിൽ ഒരു രോഗി ഇല്ലെന്ന് മനസിലാക്കിയ നിഷാദ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് പണം കവർന്നതെന്ന് മനസിലായത്.
തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പൊലീസ് രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരേ തളിപ്പറമ്പ് ഉൾപ്പെടെ പല സ്റ്റേഷനിലും കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ കണ്ണുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്