തിരുവനന്തപുരം: കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകുകയാണ്. വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. സിൽവർ ലൈനിൽ ജനങ്ങളെ ബോധവത്കരിക്കാൻ മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദനും വ്യക്തമാക്കി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന പദ്ധതിയാണ് കെ റെയിലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

റെയിൽ നിർമ്മാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സർക്കാർ മനസിലാക്കുന്നുണ്ടെന്ന് ആവർത്തിച്ച മന്ത്രി, പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങൾ സ്ഥലം വിട്ടുനൽകിയാൽ മതിയാകുമെന്നും വിശദീകരിച്ചു.

'പദ്ധതിക്ക് തടസം നിൽക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാർ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാൻ സന്നദ്ധരാണ്. ഇപ്പോൾ നടക്കുന്നത് ഭൂമിയേറ്റെടുക്കൽ സർവേയല്ല. അതിനാൽ ബാങ്കുകൾ വായ്‌പ്പ നൽകാത്ത സാഹചര്യമുണ്ടാകരുത്'. അത് സർക്കാർ വ്യക്തമാക്കിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.