- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈരുധ്യാത്മിക ഭൗതികവാദം മാത്രമല്ല മാർക്സിയൻ സാമ്പത്തിക ശാസ്ത്രവും പ്രായോഗികമല്ല; ഇന്നത്തെ ഉൽപാദന ബന്ധങ്ങൾ മാർക്സിന്റെ കാലത്തേക്കാൾ വളർന്നു കഴിഞ്ഞുവെന്ന് എം.വി ഗോവിന്ദൻ; പ്രത്യയശാസ്ത്ര കളമൊരുങ്ങുന്നത് പിണറായി സർക്കാരിന്റെ വൻകിട പദ്ധതികൾക്കോ?
കണ്ണൂർ: മാർ ക്സി സ ത്തിന്റെ ആണിക്കല്ലായ വൈരുദ്ധ്യത്മിക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നു തള്ളിപ്പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയും താത്വികാചര്യനുമായ എം.വി ഗോവിന്ദൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഇക്കുറി മാർക്സിയൻ സാമ്പത്തിക ശാസ്ത്രത്തിന്റെ സമകാലിക പ്രസക്തിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. മാസങ്ങൾക്കു മുൻപ് കണ്ണുരിൽ കെ.എസ്.ടി.എ സമ്മേളനം ഉദ്ഘാടനം ചെയ്യവെ മാർക്സിന്റെ വൈരുധ്യാത്മിക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന' എം.വി ഗോവിന്ദന്റെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദമായിരുന്നു. സിപിഎം താത്വികാചാര്യൻ തന്നെ മാർക്സിസത്തിന് പ്രസക്തിയില്ലെന്ന് സമ്മതിച്ചിരിക്കുകയാണെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം എന്നാൽ ഈ വിവാദ പ്രസ്താവന തിരുത്താനോ ഉൾ പാർട്ടി ചർച്ച നടത്താനോ കേന്ദ്ര കമ്മിറ്റിയോ പി.ബി യോ തയ്യാറായതുമില്ല.
ഇതിന് പിന്നാലെയാണ് മാർക്സിയൻ സാമ്പത്തിക സിദ്ധാന്തത്തെ തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് മന്ത്രി കൂടിയായ സിപിഎം നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിലാണ് മാർക്സ് അർഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തിൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചു. എന്നാൽ ഇന്ന് ഉൽപാദന ബന്ധങ്ങൾ മാർക്സിന്റെ കാലത്തേക്കാൾ വളർന്നു കഴിഞ്ഞു. അതുകൊണ്ട് കാറൽ മാർക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.
18 ലക്ഷം ശമ്പളം വാങ്ങുന്നവർ ചൂഷണത്തെ കുറിച്ചു സംസാരിക്കുന്നതെന്തിനെന്നു ചിലർ ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാൾ ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ചു വളർന്നിട്ടുണ്ടെന്നു എം.വി ഗോവിന്ദൻ വിശദീകരിച്ചു. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുത്. വളർന്നു വരുന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാർക്സിസം പ്രസക്തമാകുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി. കണ്ണൂർ സർവകലാശാല മുൻ രജിസ്റ്റ്രാർ ഡോ. എ. അശോകന്റെ 'ഹെറ്ററഡോക്സ് ഇക്കണോമിക്സ്' എന്ന പുസ്തകം പ്രകാശനം ചടങ്ങിൽ സംസാരിക്കവേയാണ് ആധുനിക സമൂഹത്തിൽ മാർക്സിസത്തിന്റെ പ്രസക്തിയിൽ തിരുത്തലുമായി പാർട്ടി താത്വിക ആചാര്യൻ കൂടിയായ എം.വി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പുതിയ അഭിപ്രായം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചകൾക്ക് വഴിതെളിയിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു 'വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ല' എന്ന് അദ്ദേഹം വ്യക്തമാക്കിയത്. അത് ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമല്ലെന്നും ഇന്ത്യൻ സമൂഹം അതിനു പാകപ്പെടാത്തതുകൊണ്ടാണെന്നും ഗോവിന്ദൻ അന്നു വിശദീകരിച്ചെങ്കിലും പാർട്ടിക്കുള്ളിൽ വിമർശനത്തിനു കാരണമായിരുന്നു.
വർഷങ്ങളായി പാർട്ടി യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഭിപ്രായങ്ങളുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായി കട്ടൻ ചായയും പരിപ്പുവടയും എല്ലാ കാലത്തും പാർട്ടി നയമായി കൊണ്ടുനടക്കാനാവില്ലെന്ന ഇ.പി. ജയരാജന്റെ പ്രസ്താവനയടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ചട്ടകൂടിൽ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാട്ടിയായിരുന്നു എം.എൻ. വിജയനെ പോലുള്ളവർ പാർട്ടിയിൽ നിന്നും അകന്നത്. ഇത്തരത്തിലുള്ളവർ തെറ്റായി ചൂണ്ടിക്കാട്ടിയതിനെയെല്ലാം പുതിയ കാലഘട്ടത്തിൽ പാർട്ടിനയമായി അംഗീകരിച്ച് മാർക്സിനെയടക്കം തള്ളിപ്പറയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയുമാണ്.
വിദേശ സഹായം സ്വീകരിക്കുന്നതിനെയടക്കം നഖശിഖാന്തം എതിർത്ത മാർകിസ്റ്റ് പാർട്ടി ഇന്ന് സ്വപ്ന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട സിൽവർ ലൈൻ പദ്ധതിക്കടക്കം വിദേശ സഹായത്തിനായി പരക്കം പായുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ പിണറായി സർക്കാർ നടപ്പിലാക്കുന്ന ചങ്ങാത്ത മുതലാളിത്ത വികസന നയങ്ങൾക്ക് പ്രത്യശശാസ്ത്ര നിലമൊരുക്കുകയാണ് എം.വി ഗോവിന്ദൻ ചെയ്യുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തെ സിൽവർ ലൈൻ പദ്ധതിക്കെതിരെ സിപിഎം പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തും സിപിഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി യും പരസ്യ വിമർശനവുമായി രംഗത്തു വന്നിരുന്നു.