- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട ജിഷ്ണു സിപിഎം പ്രവർത്തകനാണെന്ന് തുറന്ന് സമ്മതിക്കാതെ എം.വി ജയരാജൻ; ഇനി പാർട്ടിയുടെ പോരാട്ടം വിവാഹ ആഭാസങ്ങൾക്കെതിരെ

കണ്ണൂർ: തോട്ടടയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണു പാർട്ടി പ്രവർത്തകനാണോ അല്ലയോയെന്നു വ്യക്തമാക്കാതെ എം.വി ജയരാജൻ. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവും പ്രതികളും പാർട്ടി പ്രവർത്തകരാണെങ്കിലും അല്ലെങ്കിലും വിവാഹവീട്ടിലുണ്ടായ അക്രമം അപലപിക്കപ്പെടേണ്ടതാണെന്നാണ് എം.വി ജയരാജൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവാഹവേളയിൽ ആഭാസങ്ങൾ അക്രമത്തിലേക്കും, കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയിൽ ഉണ്ടായ ബോംബേറും, കൊലപാതകവുമെന്ന് ജയരാജൻ വ്യക്തമാക്കി. പ്രായപൂർത്തിയായ ആണും പെണ്ണും ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുന്നതിന്റെ തുടക്കമായി നടക്കുന്ന ഒരു ചടങ്ങാണ് വിവാഹം. അത്തരമൊരു ചടങ്ങ് കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും സന്തോഷവും ആഹ്ലാദവുമാണ് സൃഷ്ടിക്കുന്നത്. ആ സന്തോഷത്തെ ഇല്ലാതാക്കി വരന്റെ സുഹൃത്തിന്റെ ദാരുണമായ മരണത്തിലേക്കും, ചിലർക്ക് പരിക്കേൽക്കുന്നതിലേക്കും ഇടയാക്കിയ സംഭവം പ്രതിഷേധാർഹവും ആർക്കും അംഗീകരിക്കാൻ കഴിയുന്നതുമല്ല.
വിവാഹ വീട്ടിൽ ഉണ്ടായ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് ബോംബ് സ്ഫോടനത്തിലേക്കും, ഒരു യുവാവിന്റെ മരണത്തിലേക്കും നയിച്ചതെന്ന് പൊലീസും മാധ്യമങ്ങളും ഒരുപോലെ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലർ തിമിരം ബാധിച്ച കണ്ണിലൂടെ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്യുന്നത്. സി.പി. എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ബിജെപിയുടെ പ്രതികരണം ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയുമാക്കുന്ന ഒന്നുമാണ്.
പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ആലക്കാട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊടും ക്രിമിനലായ ബിജെപി പ്രവർത്തകന്റെ കയ്യിൽ നിന്നും ബോംബ് പൊട്ടുകയും വിരലുകൾ നഷ്ടപ്പെടുകയും ചെയ്തത്. ബോംബ് സ്ഫോടനം മൂടിവെക്കാൻ പരിക്കേറ്റ ക്രിമിനലിനെ സംഭവ സ്ഥലത്ത് നിന്ന് 150 കീലോമീറ്റർ അകലെയാണ് ചികിത്സിപ്പിച്ചത്. ബോംബ് നിർമ്മാണത്തിനിടയിലായിരുന്നു സ്ഫോടനം. 2015 ൽ യു.ഡി.എഫ് ഭരിക്കുമ്പോൾ ഇതേവീട്ടിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. അമ്മയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി. അന്ന് മംഗലാപുരത്തായിരുന്നു ചികിത്സ തേടിയത്.
തോട്ടടയിൽ സംഭവിച്ചത് അത്പോലെ ഒന്നല്ല. വധൂവരന്മാരെ ആനയിച്ച് വന്നവർ പടക്കം പൊട്ടിച്ചുകൊണ്ടാണ് വഴിയിലൂടെ നീങ്ങിയത്. തലേദിവസത്തെ തർക്കത്തെത്തുടർന്ന് ബോംബും കരുതിയിരുന്നുവെന്ന് വേണം അനുമാനിക്കാൻ. വിവാഹ വീടുകളിൽ ബോംബും പടക്കവുമെടുത്തല്ല പോകേണ്ടത്. അത് ദുരന്തത്തിനാണിടയാക്കുക.
വിവാഹശേഷം ആദ്യരാത്രിയിൽ വധൂവരന്മാരുടെ മുറിയിലേക്ക് പടക്കം എറിയുകയും, വധുവിന്റെമനോനില തെറ്റിയതും, കുടുംബ ജീവിതം തകർന്നതും നമ്മുടെ നാട്ടിലെ ചിലയിടങ്ങളിലെ അനുഭവമാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ തോട്ടട സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ല. ബോംബ് നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ ബിജെപിക്കാർ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കുക വഴി വിവാഹ ആഭാസങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. വിവാഹ ആഭാസങ്ങൾക്കെതിരെ യുവജനങ്ങളും, മഹിളകളും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.


