- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോമിൽ കേരളസർക്കാരിന്റെ ആനചിഹ്നം വേണമെന്ന് ചട്ടം; ഇത്രയും കാലം ഉപയോഗിച്ചത് അശോകസ്തംഭം; ചിഹ്നം വിപണിയിൽ ഇല്ലാത്ത് കോടതി അലക്ഷ്യം വിളിച്ചു വരുത്തും; കാക്കി യൂണിഫോം തൽകാലത്തേക്ക് ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; മഫ്തിയിൽ പരിശോധനകൾ
തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കി ഉപേക്ഷിച്ചു. യൂണിഫോമിൽ കേരളസർക്കാരിന്റെ ആനചിഹ്നം വേണമെന്ന് വ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാലാണ് ഇത്. പൊലീസിന് മാത്രമായി കാക്കി യൂണിഫോം മാറ്റണമെന്ന ആവശ്യം ചർച്ചയാകുന്നതിനിടെയാണ് ഇത്. കോടതി അലക്ഷ്യം ഒഴിവാക്കാനാണ് ഇത്.
തുണിത്തൊപ്പിയായ ബൈററ്റ് ക്യാപ്പിന്റെ ഉപയോഗം നിരോധിച്ച ഹൈക്കോടതി, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോർവാഹനചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാൻ നിർദ്ദേശിച്ചിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിൽ യൂണിഫോം വേണ്ടെന്ന് വയ്ക്കുകയാണ് തൽകാലം വകുപ്പ്. ഈ പ്രതിസന്ധി പരിഹരിച്ച ശേഷം വീണ്ടും അവർ കാക്കി യൂണിഫോം ഇടും.
കേരള മോട്ടോർവാഹനചട്ടപ്രകാരം കേരള സർക്കാരിന്റെ ഔദ്യോഗികമുദ്രയാണ് മോട്ടോർവാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്. ആർ.ടി.ഒ.മാർക്കും ജോ.ആർ.ടി.ഒ.മാർക്കും യൂണിഫോം ഏർപ്പെടുത്തിയ 1997 ലെ ഉത്തരവിൽ കടന്നുകൂടിയ 'കേരള' എന്ന വാക്കാണ് ആനചിഹ്നത്തെ ഒപ്പംകൂട്ടിയത്. ചട്ടത്തിൽ 'സ്റ്റേറ്റ്് എംബ്ലം' എന്നതിനുപകരം 'കേരള സ്റ്റേറ്റ് എംബ്ലം' എന്നാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പൊലീസ് ഉൾപ്പെടെ മറ്റെല്ലാ വകുപ്പുകളും സ്റ്റേറ്റ് എംബ്ലം എന്ന് നിഷ്‌കർഷിച്ചുകൊണ്ട് അശോകസ്തംഭമാണ് ഉപയോഗിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പാലിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂണിഫോമിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയിൽ കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് കാക്കി ഒഴിവാക്കുന്നത്.
കോടതി അലക്ഷ്യമാകാതിരിക്കണമെങ്കിൽ തത്കാലം യൂണിഫോം ഒഴിവാക്കുകമാത്രമേ മാർഗമുള്ളൂ. യൂണിഫോം പരിഷ്‌കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും. ഭേദഗതി നിലവിൽ വരുന്നതുവരെ യൂണിഫോം എങ്ങനെ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടില്ല. തൽകാലം സാധാരണ വസ്ത്രത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്താനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ