തിരുവനന്തപുരം: ഓൺലൈൻ പുകപരിശോധനാ സംവിധാനത്തിൽ പിടിമുറുക്കിയ വ്യാജന്മാരെ തുരത്താൻ കഴിയാതെ മോട്ടോർ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജസോഫ്റ്റ്‌വേറിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പരിശോധനയ്‌ക്കെത്തിക്കാത്ത വാഹനത്തിന്റെ ചിത്രവും കൃത്രിമ റിസൾട്ടും ഉൾക്കൊള്ളിച്ചാണ് എറണാകുളത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകിയത്.

ഇക്കാര്യത്തിൽ സൈബർ പൊലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതിക പരിമിതികൾകാരണം ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ഓൺലൈനിൽ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെയും സോഫ്റ്റ്‌വേറിന്റെയും ആധികാരികത ഉറപ്പാക്കാൻ മോട്ടോർവാഹനവകുപ്പിന്റെ വാഹൻ സോഫ്റ്റ്‌വേറിനും കഴിയുന്നില്ല എന്നതാണ് ്പ്രതിസന്ധി സൃഷ്ടിക്കുന്നത്.

വാഹനപുക പരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കാനുള്ള സംവിധാനങ്ങളൊന്നും മോട്ടോർ വാഹന വകുപ്പിനില്ല. ഒരുവാഹനംതന്നെ വ്യത്യസ്തയന്ത്രങ്ങളിൽ പരിശോധിച്ചാൽ വിഭിന്നഫലം കിട്ടും. ഇതിൽ ഏതാണ് ആധികാരികമെന്നുചോദിച്ചാൽ മോട്ടോർവാഹനവകുപ്പ് കുടുങ്ങും.

യന്ത്രങ്ങൾ വിതരണംചെയ്ത ഏജൻസികൾ നിശ്ചിതകാലയളവിൽ പ്രവർത്തനക്ഷമത പരിശോധിച്ച് സാക്ഷ്യപത്രം നൽകണമെന്ന നിബന്ധന മാത്രമാണുള്ളത്. ഏജൻസി നൽകുന്ന സാക്ഷ്യപത്രം ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന കേന്ദ്രങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് ലൈസൻസ് പുതുക്കിനൽകും.

സാക്ഷ്യപത്രത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സർക്കാർ അംഗീകൃത ഏജൻസിതന്നെ പുകപരിശോധനാ യന്ത്രങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താതെ ക്രമക്കേട് തടയാനാകില്ല. മോട്ടോർവാഹനവകുപ്പ് പുകപരിശോധനായന്ത്രങ്ങൾ വാങ്ങിയിരുന്നെങ്കിലും പ്രായോഗികബുദ്ധിമുട്ടുകൾ കാരണം ഉപേക്ഷിച്ചു.

പുകപരിശോധനാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാലോചിതമായി പരിഷ്‌കരിച്ചിട്ടില്ല. നാലുലക്ഷം രൂപയുടെ ഉപകരണങ്ങളും രണ്ടുകാറുകൾക്കുള്ള സ്ഥലവുമുണ്ടെങ്കിൽ കേന്ദ്രം തുടങ്ങാം. ഒരുവർഷം മുമ്പാണ് സംസ്ഥാനത്തെ പുകപരിശോധനാ സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കിയത്.

പരിശോധനയും ഓൺലൈനാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതൊഴിവാക്കി. പകരം പുകപരിശോധനാകേന്ദ്രങ്ങളിലെ യന്ത്രങ്ങൾ നൽകുന്ന റിസൾട്ട് ഓൺലൈൻവഴി മോട്ടോർവാഹനവകുപ്പ് സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. ഇതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്.