- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെപ്പോളിയൻ ഇനി നിരത്തിൽ ഇറങ്ങില്ല; ഇ ബുൾ ജെറ്റുകാരുടെ വാഹന രജിസ്ട്രേൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; നടപടി അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനും; 15 ലക്ഷം സബ്സ്ക്രൈബേഴ്സിന്റെ പിന്തുണയുള്ള ഇ ബുള്ളിന് റോഡിൽ വിലക്ക്; യൂടൂബർമാർക്കെതിരെ കൂടുതൽ നടപടികൾക്ക് പൊലീസ്
കണ്ണൂർ: ഇ ബുൾ ജെറ്റുകാർക്ക് കനത്ത തിരിച്ചടിയുമായി മോട്ടോർ വാഹന വാഹന വകുപ്പ്. അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂടൂബർമാരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ചു, റോഡ് നിയമങ്ങൾ പാലിച്ചില്ല എന്നീ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് നടപടി. മോട്ടോർ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി.
ഇതോടെ നെപ്പോളിയൻ എന്ന കാരവാൻ ഇനി അടുത്തെങ്ങും റോഡിൽ ഇറങ്ങില്ല. ഇ ബുൾ ജെറ്റ് യൂട്ഊബർമാർക്കെതിരെ കൂടുതൽ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറൺ മുഴക്കി വണ്ടി ഓടിച്ചതിൽ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിച്ചതിനും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ പതിനേഴ് കൂട്ടാളികൾക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. സോഷ്യൽ മീഡിയയിൽ അസഭ്യം പറയുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് എതിരെ ജുവനയൽ നിയമ പ്രകാരം കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ യൂട്യൂബ് ചാനലുകളിലുള്ള എല്ലാ വീഡിയോകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇ ബുൾജെറ്റ് വ്ളോഗർ സഹോരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനത്തിന് പിഴയടയ്ക്കാൻ തയ്യാറാണെന്നും ജാമ്യം വേണമെന്നും വ്ലോഗർമാരായ എബിനും ലിബിനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴാണ് ജാമ്യം നൽകിയത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നാണ് കോടതി നിർദ്ദേശം.
കണ്ണൂർ കലക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പതായിലാണ് സഹോദരങ്ങളായ ലിബിനെയും എബിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇരുവരും ആർടിഒ ഓഫീസിലെത്തി സംഘർഷമുണ്ടാക്കുകയായിരുന്നു.
വാൻ ആർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ ആരാധകരായ നിരവധിപേർ കണ്ണൂർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു.
ഇവരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നു പൊലീസ് പറഞ്ഞു. എന്നാൽ സംഘർഷം നടന്ന് യുട്യൂബ് വ്ളോഗർമാർ അറസ്റ്റിലായതിനെ തുടർന്ന് ഒന്നര ലക്ഷം പുതിയ വരിക്കാർ ഇവർക്കുണ്ടായെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നെഗറ്റിവ് പബ്ളിസിറ്റി പോസറ്റീവായി ഇവർക്ക് മാറിയെന്നാണ് സൂചന.
പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ ഉത്തരേന്ത്യയിലൂടെ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്നും ബിഹാർ പൊലീസിന് വിഡിയോ കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആർ.ടി ഓഫിസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ