കോഴിക്കോട്: ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിനെതിരെ സർക്കാർ പ്രതികാര നടപടി തുടരുന്നു. ഇൻഡിഗോയുടെ മറ്റൊരു ബസിനുകൂടി മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. ഇതോടെ രണ്ടുബസുകളും കൂടി 86,940 രൂപ പിഴയടയ്ക്കണമെന്ന് മലപ്പുറം ആർടിഒ സിവി എം ഷെരീഫ് പറഞ്ഞു. ഇപ്പോൾ ഇൻഡിഗോ ബസുകൾക്ക് പിഴ ചുമത്തുന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൺവെയിൽ ഓടുന്ന ബസുകൾ അവസരം കിട്ടിയപ്പോൾ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആർടിഒ അറിയിച്ചു. ഇന്നലെ ഇൻഡിഗോയുടെ ഒരു ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ എത്തിച്ചപ്പോഴായിരുന്നു മോട്ടോർവാഹന വകുപ്പിന്റെ നടപടി.

രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇന്നലെയാണ് ഇൻഡിഗോയുടെ മറ്റൊരു ബസ് പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക് മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്.

വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്‌ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്‌സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക. സമാനരീതിയിൽ മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ബസ് കസ്റ്റഡിയിൽ എടുത്തവിവരം മോട്ടോർ വാഹനവകുപ്പ് ഇൻഡിഗോ എയർലൈൻസിനെ ഇന്നലെതന്നെ ഇ-മെയിൽ വഴി അറിയിച്ചെങ്കിലും അവർ പ്രതികരിച്ചിട്ടില്ല. .നികുതി കുടിശ്ശിക ഉൾപ്പടെ അടച്ചാൽ വാഹനം വിട്ട് നൽകുമെന്നും മറ്റ് സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു.