- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിൽ കൈക്കൂലി ഇടപാട് വാക്കിടോക്കിയിലൂടെ; ആര്യങ്കാവിൽ പണം മരച്ചുവട്ടിൽ; വയനാട്, തിരുവനന്തപുരം ജില്ലാ അതിർത്തികളിലും ക്രമക്കേട്; മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതായി വിജിലൻസ് സംഘം കണ്ടെത്തി.
വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് വാക്കിടോക്കികൾ വിജിലൻസ് പിടിച്ചെടുത്തു. ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതിലൂടെ തെളിവുകൾ കണ്ടെത്താനാവില്ല.
ലോറിക്കാർ, സ്വകാര്യ വാഹനങ്ങൾ, മറ്റു ചരക്കുകടത്തുകാർ എന്നിവരിൽനിന്നുമായി ഭീഷണിപ്പെടുത്തിയും പിടിച്ചുപറിച്ചും ഉണ്ടാക്കുന്ന ലക്ഷക്കണക്കിനു രൂപ വിജിലൻസ് കൊണ്ടുപോകാതെ നോക്കാനാണ് വാളയാറിൽ വാക്കി ടോക്കി തന്ത്രം പയറ്റിയത്. ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാക്കി ടോക്കിയാണു കൈക്കൂലി പണമിടപാടിനായും ഉദ്യോഗസ്ഥർ ഉപയോഗിച്ചത് എന്നതും സർക്കാരിനെ നാണം കെടുത്തിയിരിക്കുന്നത്.
വിജിലൻസ് വന്നാൽ ഉടൻ, പണം വാങ്ങി സൂക്ഷിക്കുന്ന ചെക്‌പോസ്റ്റിനുള്ളിലെ വ്യക്തിയെ അറിയിക്കാനാണു ഉപകരണമെന്നു വിജിലൻസ് അധികൃതർ പറഞ്ഞു. വർഷങ്ങളായി തടസ്സങ്ങളില്ലാതെ നടക്കുന്ന പണം വാങ്ങലും കടത്തലും കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലും കുറവൊന്നുമില്ലാതെയാണു വാളയാറിൽ തുടരുന്നത്. 50 രൂപ മുതൽ മുകളിലോട്ടാണു കൈക്കൂലി പണമെന്നും റെയ്ഡ് നടത്തിയ സംഘം പറയുന്നു.
കൈമടക്കിയാൽ തടസ്സങ്ങളില്ലാതെ കടന്നുപോകാം. ഇല്ലെങ്കിൽ മണിക്കൂറുകളോളം ചെക്‌പോസ്റ്റിൽ കുടുങ്ങിക്കിടക്കണം. കോവിഡു കാലത്തു കുടുംബവുമായി എത്തുന്നവർ കാത്തുനിൽക്കാൻ തയാറാകില്ലെന്നതിനാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ അതു മുതലാക്കുകയാണ്. ഇതു സംബന്ധിച്ചു പരാതി പറയാനും എഴുതി കൊടുക്കാനുമൊന്നും ആരുമില്ലാത്ത സ്ഥിതിയാണ്.
വിജിലൻസിന്റെ റെയ്ഡിൽ അക്കൗണ്ടിൽപെടാത്ത പണമായി കൈക്കൂലി പിടിച്ചെടുക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അവർ കൃത്യമായി ഡയറക്ടറേറ്റിലേക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശയും ചെയ്യും. പിന്നീട് പലതവണ ഓർമിപ്പിക്കും. എന്നാൽ ചെക്‌പോസ്റ്റിൽനിന്നുള്ള മാമൂൽ റോഡ് മുകളിലേക്കു നീളുന്നതിനാൽ നിർദേശവും ശുപാർശയും നൽകി മടുത്ത സ്ഥിതിയിലാണു വിജിലൻസും.
വെള്ളിയാഴ്ച വിജിലൻസ് സംസ്ഥാനത്തു പലയിടത്തും ചെക്‌പോസ്റ്റ് റെയ്ഡ് നടത്തി. എന്നാൽ കഴിഞ്ഞ മാസം 1.71 ലക്ഷം രൂപ വിജിലൻസ് പിടികൂടിയപ്പോൾ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിലുള്ളപ്പോഴാണ് വാളയാറിൽ ഇത്തവണ പണത്തിനൊപ്പം വാക്കിടോക്കിയും കിട്ടിയത്.
ഇടപാടിനു പിന്നിൽ വൻ സ്വാധീനമുള്ള റാക്കറ്റുണ്ടെന്നുകൂടിയാണു പുതിയ സംവിധാനമുൾപ്പെടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ ധനനഷ്ടം ഇത്തവണ ഉണ്ടാകാതിരിക്കാനാണു ചെക്‌പോസ്റ്റിൽ വാക്കിടോക്കി ഉപയോഗിച്ചതെന്നാണു വിവരം. ഉദ്യോഗസ്ഥർ സ്വന്തമായി പണം നൽകി വാങ്ങിയ ഇവയിൽ ഒരെണ്ണം കൗണ്ടറിനകത്തുള്ള ഉദ്യോഗസ്ഥന്റെ കയ്യിലായിരുന്നു. മറ്റു രണ്ടെണ്ണവുമായി രണ്ടു ഉദ്യോഗസ്ഥർ ഇൻചെക്‌പോസ്റ്റിന് പുറത്ത് രണ്ടിടത്തായി നിൽക്കുമ്പോഴാണു പുലർച്ചെ നാലരയോടെ വിജിലൻസ് ടീം റെയ്ഡ് നടത്തിയത്.
വിജിലൻസിന്റെയും മറ്റു ഏജൻസികളുടെയും അനക്കമുണ്ടായാൽ, അതു നിരീക്ഷിച്ച്, തത്സമയം അകത്തെ വ്യക്തിക്കു സന്ദേശം നൽകി, പിരിച്ച പണം ഉടൻ മാറ്റുന്നതാണു രീതിയെന്നു റെയ്ഡ് സംഘം പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണത്തെ പരിശോധനയിൽ തുക ലഭിച്ചില്ല. വാക്കിടോക്കി പിടികൂടിയപ്പോൾ, സർ അതു വെറും കളിപ്പാട്ടമാണെന്നായിരുന്നു കൗണ്ടറിനുള്ളിലെ ഉദ്യോഗസ്ഥന്റെ പ്രതികരണം. വിശദമായി പരിശോധിച്ചപ്പോഴാണ് സംവിധാനം മനസ്സിലായത്.
ഇവ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായിട്ടേയുള്ളൂ എന്നാണു വിവരം. പണം മാത്രമല്ല, തുക കൈവശമില്ലാത്ത ചരക്കുവാഹനങ്ങളിൽനിന്നു മാതളങ്ങ, പൈനാപ്പിൾ, മാങ്ങ, പച്ചക്കറികൾ തുടങ്ങിയവ വരെ ചെക്‌പോസ്റ്റ് കടക്കാനുള്ള വിഹിതമായി വാങ്ങിക്കുന്ന രീതി ഇപ്പോഴും തുടരുന്നു.
തുടർച്ചയായി വിജിലൻസ് റെയ്ഡ് നടത്തിയപ്പോൾ അതിൽനിന്നു രക്ഷപ്പെടാൻ ഒരു സംഘം ഉദ്യോഗസ്ഥർ ചെക്‌പോസ്റ്റിനു സമീപം നേരത്തേ 4 ക്യാമറകൾ സ്ഥാപിച്ചത് വിവാദമായിരുന്നു. വിജിലൻസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു അതു മാറ്റേണ്ടിവന്നു. നിശ്ചിത സമയത്തിനുള്ളിൽ പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയിരുന്ന ഏജന്റ് ഇപ്പോഴില്ല.
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തെ മരത്തിന്റെ ചുവട്ടിൽ നിന്നും മോശവലിപ്പിൽ നിന്നും കൈക്കൂലി പണം വിജിലൻസ് കണ്ടെത്തി. വയനാട്, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പല ചെക്ക്‌പോസ്റ്റുകളിലും ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ചെക്ക്പോസ്റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങൾക്ക് വിജിലൻസ് പിഴ ഈടാക്കി. ഓപ്പറേഷൻ റഷ് നിർമൂലൻ എന്ന പേരിലായിരുന്നു വിജിലൻസ് മേധാവി സുദേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോർട്ട് സർക്കാരിന് അയച്ചുകൊടുക്കുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ കണ്ടെത്തിയിരുന്നു. കവറിൽ സൂക്ഷിച്ച പണം ഏജന്റിന് കൈമറാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി എം ഷാജി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷബീറലി, ജോസഫ് റോഡിഗ്രസ്, അരുൺകുമാർ, ഓഫീസ് അസിസ്റ്റന്റ് റിഷാദ് എന്നിവർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.
ചെക്ക് പോസ്റ്റിൽ നിന്നും പിഴയിനത്തിലും മറ്റുമായി സർക്കാരിന് ലഭിച്ചത് രണ്ടു ലക്ഷത്തി അമ്പതിനായിരത്തി അൻപത് രൂപയാണ്. അതേ സമയം 1,70,000 രൂപയാണ് കൈക്കൂലിയായി പിരിച്ചെടുത്തത്.
പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജന്റിന് എത്തിച്ചു നൽകും. ഈ ഏജന്റ് മോഹന സുന്ദരം പിന്നീട് ഈ പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്യുക. ലോഡുമായി വന്ന ലോറി ഡ്രൈവറിന് പണം കൈമാറുമ്പോഴാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.
മുൻപും വാളയാറിൽ വിജിലൻസ് റെയ്ഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരുന്നു. ഓരോ തവണയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെങ്കിലും പണപ്പിരിവ് വീണ്ടും തുടരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.
കഴിഞ്ഞ മാസത്തെ വിജിലൻസ് റെയ്ഡിൽ കസ്റ്റഡിയിലെടുത്ത മോഹന സുന്ദരം എന്ന ഏജന്റ് മുപ്പതിലേറെ തവണ കൈക്കൂലി കടത്തിൽ പങ്കാളിയായിട്ടുണ്ടെന്നാണ് വിജിലൻസിനുള്ള വിവരം. വിജിലൻസ് സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണു ചരക്കുലോറികളെ ഉപയോഗിച്ചുള്ള കൈക്കൂലി പണക്കടത്ത് തുടങ്ങിയത്. ഇതിനുവേണ്ടി തമിഴ്‌നാട്ടിൽനിന്നുള്ള ചില വാഹനങ്ങൾ സ്ഥിരമായി സർവീസ് നടത്തുന്നുണ്ട്. അവർക്ക് നിശ്ചിതകൂലിയുണ്ട്.
പണവുമായി ഇവർ കൃത്യസ്ഥലത്തുതന്നെ എത്തുന്നുവെന്നു ഉറപ്പാക്കാനും പിരിവുകാർക്ക് സംവിധാനമുണ്ട് എന്നറിയുമ്പോഴാണ് ഇതിലെ സംഘടിത രൂപം വ്യക്തമാകുക. പേരിന് എന്തെങ്കിലും സാധനങ്ങളുമായാണ് ഈ വാഹനങ്ങൾ അതിർത്തികടന്നു വാളയാറിലെത്തുന്നത്. 3 മാസം കൂടുമ്പോൾ ചെക്‌പോസ്റ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥ സംഘം മാറുമ്പോൾ ലോറി ഏജന്റ് സംഘവും പുതിയതായി എത്തും. നിയമനടപടികളുടെ ഭാഗമായി ചെക്‌പോസ്റ്റിൽ സർക്കാരിലേക്കു വസൂലാക്കുന്ന എത്രയോ ഇരട്ടിയാണ് സംഘം സ്വന്തമായി പിരിച്ചെടുക്കുന്നത്.
ഇത്രയും വരുമാനമുള്ള ഡ്യൂട്ടി ലഭിക്കാൻ ഉന്നതതലം മുതൽ ലേലം വിളി നടക്കുമെന്നാണു അനൗദ്യോഗിക വിവരം. 2013 മുതൽ വിജിലൻസ് വളയാറിൽ മാത്രം ഏതാണ്ട് 60 റെയ്ഡുകൾ നടത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് നടപടിയുണ്ടായത്. സസ്‌പെൻഡ് ചെയ്യപ്പെട്ട നാല് ഉദ്യോഗസ്ഥർ പിന്നീട് അതേ സ്ഥലത്ത് നിയമനം നേടി തിരിച്ചുവന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ