- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത ക്ലർക്കുമാർക്ക് സാങ്കേതിക പരിചയം ആവശ്യമുള്ള ജോയിന്റ് ആർടിഒമാരായി പ്രമോഷൻ; സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാതെ മോട്ടോർ വാഹന വകുപ്പ്; പ്രമോഷൻ കിട്ടുമ്പോൾ നേരത്തെ തങ്ങളെ സാറെ എന്ന് വിളിച്ചവരെ തിരിച്ച് സാറെ എന്ന് വിളിക്കേണ്ട ഗതികേട്; സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സൂചനാ പണിമുടക്കിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ
കൊച്ചി: സാങ്കേതിക വിഭാഗത്തിലേക്ക് അന്യായമായ പ്രൊമോഷനുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി. കേരള മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സംഘടനകളായ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷനും ചേർന്നാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തിൽ നിന്നും ഒഴിവാക്കിയാണ് പണിമുടക്ക് നടത്തിയത് എങ്കിലും അവർ കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്ക് ഹാജരായത്. രാവിലെ 11 മണിക്ക് ജില്ലാ ആസ്ഥാനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ നടത്തിയത്. കഴിഞ്ഞ 9 ന് പ്രതിഷേധ ദിനം ആചരിച്ചെങ്കിലും സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും പ്രശ്‌ന പരിഹാരത്തിന് ചർച്ചപോലും നടത്താതിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഗതാഗത വകുപ്പിൽ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത ആവശ്യമുള്ള ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് ടെക്‌നിക്കൽ/എക്‌സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിന്റ് ആർ.ടി.ഒ മാരായി പ്രൊമോഷനാവാമെന്ന വ്യവസ്ഥക്കെതിരെയാണ് പ്രതിഷേധം. യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ഡിവൈ.എസ്‌പി റാങ്കിൽ യൂണിഫോമും നക്ഷത്രവും ധരിച്ച് പ്രവർത്തിക്കാൻ നൽകുന്ന പ്രമോഷനെയാണ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എതിർക്കുന്നത്.
ഡ്രൈവിങ് ലൈസൻസ് പോലും ഇല്ലാതെ ഇവർക്കും ആർ.ടി.ഓ, ഡി.ടി.സി, സീനിയർ ഡി.ടി.സി, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നീ പോസ്റ്റ് വരെ എസ്.എസ്.എൽ.സി യോഗ്യതയിൽ നിന്നും സ്ഥാനക്കയറ്റം ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാത്തതാണ് കാരണം. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ജോയിന്റ് ആർ.ടി.ഒ മുതൽ മുകളിലുള്ള തസ്തികകളിൽ മിനിസ്റ്റീരിയൽ ജീവനക്കാരുമെത്തുന്ന വിധത്തിലുള്ള നിലവിലെ പ്രൊമോഷൻ സംവിധാനം മാറ്റണമെന്ന നിരവധി റിപ്പോർട്ടുകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ജോയിന്റ് ആർ.ടി.ഒ മാരുടെ മൂന്ന് ഒഴിവിൽ രണ്ടെണ്ണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും (എം വിഐ) ഒരെണ്ണം മിനിസ്റ്റീരിയൽ വിഭാഗത്തിനുമാണ്. അസി.എം വിഐ മാരായി ജോലിയിൽ പ്രവേശിക്കുന്നയാൾ ജോയിന്റ് ആർ.ടി.ഒ ആകാൻ 22 മുതൽ 24 വർഷം വരെ സർവീസ് വേണ്ടിവരും. ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാൾക്ക് 17-18 വർഷം മതി.
ഓട്ടോ മൊബൈൽ ഡിപ്ലോമയും, ഹെവി ഡ്രൈവിങ് ലൈസൻസും ശാരീരികക്ഷമതയുമുണ്ടെങ്കിലേ അസി.എം വിഐ ജോലിക്ക് അപേക്ഷിക്കാനാവൂ. ക്ലാർക്കിന് വേണ്ട അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിജയമാണ്. ഡ്രൈവിങ് ടെസ്റ്റിന്റെ അപ്പീൽ പരിശോധിക്കേണ്ടത് ജോയിന്റ് ആർ.ടി.ഒയാണ്. വാഹനാപകടങ്ങളുടെ കാരണം കണ്ടെത്തി റിപ്പോർട്ടാക്കേണ്ടത് ആർ.ടി.ഒയും. സാങ്കേതിക പരിജ്ഞാനമില്ലെങ്കിലും ക്ലാർക്കിന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ വരെയാകാം. പാരാ പൊലീസ് ഫോഴ്സാണ് എം വിഐ. മൂന്ന് മാസത്തെ പൊലീസ് ട്രെയിനിംഗിനും പാസിങ് ഔട്ട് പരേഡിനും ശേഷമാണ് നിയമനം. മിനിസ്റ്റീരിയിൽ സ്റ്റാഫിൽ നിന്നെത്തുന്നവർക്ക് ഒരു പരിശീലനവും വേണ്ട. മോട്ടോർ വാഹന വകുപ്പിൽ പ്രൊമോഷന് യോഗ്യത നിശ്ചയിക്കണമെന്ന് 2010ൽ പേ റിവിഷൻ കമ്മിറ്റിയും, പിന്നീട് ഡി.പി.സിയും ശുപാർശ ചെയ്തിരുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ തസ്തിക ജോയിന്റ് ആർ.ടി.ഒ (അഡ്‌മിനിസ്ട്രേഷൻ) എന്നാക്കണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ജനുവരിയിൽ അയച്ച ഫയലും ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ തുറക്കാതെ വച്ചിരിക്കുകയാണ്.
സ്പെഷ്യൽ റൂളിലെ പ്രൊമോഷൻ വ്യവസ്ഥകൾ പ്രകാരം വകുപ്പിലെ ക്ലറിക്കൽ ജീവനക്കാർ ജോയിന്റ് ആർ.ടി.ഒ വരെയാകുമ്പോൾ എ.എം വിഐമാരായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒറ്റ പ്രൊമോഷൻ മാത്രം ലഭിച്ച് എം വിഐമാരായി വിരമിക്കേണ്ടി വരുന്നതാണ് പ്രതിഷേധത്തിന് കാരണം. എ.എം വിഐമാർക്ക് 20 വർഷം കഴിയുമ്പോഴാണ് ഇപ്പോഴത്തെ അവസ്ഥയിൽ എം വിഐയായി പ്രൊമോഷൻ ലഭിക്കുന്നത്. എന്നാൽ വകുപ്പിൽ ജൂനിയർ ക്ലാർക്കായി എത്തുന്നയാൾ 22 വർഷത്തിനുള്ളിൽ ഏഴ് പ്രമോഷനുകൾ ലഭിച്ച് ജോയിന്റ് ആർ.ടി.ഒ ആകും. സ്പെഷ്യൽ റൂൾ പ്രകാരം എം വിഐമാർക്കും സീനിയർ സൂപ്രണ്ടുമാർക്കും 2:1 എന്ന അനുപാതത്തിലാണ് ജോയിന്റ് ആർ.ടി.ഒ ആയി പ്രമോഷൻ ലഭിക്കുക.
എന്നാൽ വകുപ്പിൽ 290 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ളപ്പോൾ സീനിയർ സൂപ്രണ്ടുമാർ 36 പേരെയുള്ളൂ. അതുകൊണ്ട് തന്നെ സീനിയർ സൂപ്രണ്ടുമാർ വേഗത്തിൽ ജോയിന്റ് ആർ.ടി.ഒമാരായി മാറുന്നു. ജൂനിയർ ക്ലാർക്കുമാർ എം വിഐമാരെ, സാറെ എന്നാണ് വിളിക്കുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ട് ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർ.ടി.ഒ ആകുമ്പോൾ എം വിഐ മാത്രമായ പഴയ എ.എം വിഐ തിരിച്ച് സാറേ എന്ന് വിളിക്കേണ്ട അവസ്ഥയാണ്. വാഹനങ്ങളുടെ സാങ്കേതിക വശങ്ങൾ അടക്കം പരിശോധിക്കേണ്ടവരാണ് ജോയിന്റ് ആർ.ടി.ഒമാർ. പക്ഷേ വാഹനം ഓടിച്ചുള്ള പരിചയം മാത്രമാണ് ക്ലറിക്കൽ തസ്തികയിൽ നിന്നെത്തുന്ന ജോയിന്റ് ആർ.ടി.ഒമാർക്കുള്ളത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, ഹെവി ഡ്രൈംവിഗ് ലൈസൻസ്, വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട പരിശോധന എന്നിവയ്ക്ക് ജനങ്ങൾ സാങ്കേതിക യോഗ്യതയുള്ള ആർ.ടി.ഒമാരെ തേടി നടക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാനായാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.