- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിൻസസ് ഗോൾഡൻ ആൻഡ് ഡയമണ്ട്' എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു; ഒരു ലക്ഷംമുതൽ ഒന്നരക്കോടി രൂപ പലരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചു; ആദ്യം ചെറിയ തുക ലാഭവിഹിതം നൽകി വിശ്വാസ്യത പിടിച്ചു; കൂത്തുപറമ്പിലെ 'മൈ ക്ലബ് ട്രേഡേഴ്സ്' മണി ചെയിൻ തട്ടിപ്പ് നൂറ് കോടി കവിയും
കണ്ണൂർ: മണിച്ചെയിൻ മാതൃകയിൽ നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി കൂത്തുപറമ്പ് പൊലീസ്. കഴിഞ്ഞ ദിവസം റിമാൻഡിലായ പ്രധാന പ്രതി മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹൻ നൽകിയ അപേക്ഷയിലാണ് തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി. കേസിലെ മറ്റ് പ്രതികളെയും രേഖകളും കണ്ടെത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ ജില്ലകളിലുള്ളവരുടെ പണം നഷ്ടമായി. കോഴിക്കോട് ആസ്ഥാനമായി 'മൈ ക്ലബ് ട്രേഡേഴ്സ്' എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചത് വ്യാജമെന്ന് തെളിഞ്ഞിരുന്നു. 'പ്രിൻസസ് ഗോൾഡൻ ആൻഡ് ഡയമണ്ട്' എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷംമുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവർ ഇതിലുണ്ട്. ആദ്യം ചെറിയ തുക ലാഭവിഹിതം നൽകി വിശ്വാസ്യത പിടിച്ചുപറ്റിയെങ്കിലും പിന്നീട് പണം ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകർ പരാതിയും നൽകി.
ആളുകളെ ചേർക്കുന്നതിന് പലയിടങ്ങളിലും ഏജന്റുമാരെയും സംഘം ഏർപ്പാടാക്കിയിരുന്നു. ആദ്യഘട്ടങ്ങളിൽ ചെറിയ തുക ലാഭവിഹിതമായി നൽകിയാണ് ഇടപാടുകാരുടെ വിശ്വാസം ആർജിച്ചത്. എന്നാൽ പിന്നീട് പണം കിട്ടാതായതോടെ പലരും പരാതിയുമായി രംഗത്ത് വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്.
തൃശ്ശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുകൾ നിലവിലുണ്ട്. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐ.ഡി.യും പാസ്വേർഡും നൽകിയിട്ടുണ്ട്. മട്ടന്നൂർ സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി. കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടർമാരും പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരും എന്നാണ് പൊലീസ് കരുതുന്നത്. അപ്പോൾ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയും വ്യക്തമാക്കുകയുള്ളൂ.
സംസ്ഥാനത്ത് ആളുകൾക്കിടയിൽ മണിചെയിൻ പദ്ധതികളെ സംബന്ധിച്ചുള്ള അജ്ഞത മുതലെടുത്താണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത് എന്നും, ജനങ്ങൾ ഇത്തരക്കാരുടെ വലയിൽ വീഴാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. കേരളത്തിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പുകളിൽ ഒന്നാവും ഇതൊന്നും പൊലീസ് കരുതുന്നു. മറ്റു പ്രതികൾ പിടിയിലാകുന്നതോടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
കൂത്തുപറമ്പ് മേഖലയിലെ തട്ടിപ്പിൽ കുടുങ്ങിയവർ നൽകിയ പരാതിയിൽ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ പ്രത്യേക സ്ക്വാഡിനെ നിയമിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സിഇഒയുമായ മുഹമ്മദ് ഫൈസൽ പിടിയിലായത്. തൃശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനരീതിയിൽ കേസുകളുണ്ട്. മട്ടന്നൂർ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാം പ്രതി. കമ്പനിയുടെ 12 ഡയറക്ടർമാരും പ്രതികളാണ്. ചില കേസുകളിൽ അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ