പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശ്രമത്തിൽവെച്ച് ബലാൽസംഗം ചെയ്തതിന് അടുത്തിടെയാണ് ആൾദൈവം ആസാറാം ബാപ്പുവിനെ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്. ദൈവമെന്ന് കരുതി വിശ്വസിച്ച ഒരാളിൽനിന്ന് മകൾക്കേറ്റ ദുരനുഭവം തുറന്നുപറയുകയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ. വർഷങ്ങളായി അയാൾക്കുചുറ്റും അയാളെ വിശ്വസിച്ച് കഴിഞ്ഞ തങ്ങളുടെ ജീവിതം പെട്ടെന്നൊരു ദിവസം ആസാറാം തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടെന്ന് ഈ അമ്മ പറയുന്നു.

മകൾക്ക് വെറും 16 വയസ്സുള്ളപ്പോഴാണ് ദൈവം അവളെ ബലാൽസംഗം ചെയ്തതെന്ന് അമ്മ പറയുന്നു. 'ബലാൽസംഗത്തെക്കുറിച്ച് എന്നോടവൾ പറഞ്ഞ ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നശിക്കപ്പെട്ട നിമിഷം. അതെന്റെ വായിൽനിന്ന് കേട്ടനിമിഷം ഭർത്താവ് മോഹാലസ്യപ്പെട്ടുവീണു. ജീവിതത്തിലാദ്യമായാണ് അദ്ദേഹത്തിന് അത്തരമൊരു അനുഭവമുണ്ടാകുന്നത്.

മൂത്തമകൻ ജനിച്ച് നാലുവർഷം കഴിഞ്ഞാണ് രണ്ടാമത്തെ മകൾ പിറക്കുന്നത്. എന്റെ ഭർത്താവിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ട്രാൻസ്‌പോർട്ട് കമ്പനിയുണ്ടായിരുന്നു. അച്ഛനോടായിരുന്നു അവൾക്കേറെയിഷ്ടം. മൂന്നുമക്കളായിരുന്നു ഞങ്ങൾക്ക്. അതിൽ അദ്ദേഹത്തിനും അടുപ്പം കൂടുതൽ മകളോടായിരുന്നു.

മകളുടെ സന്തോഷത്തിനായി എന്തും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, അവൾ പീഡിപ്പിക്കപ്പെട്ട വാർത്ത ഏറ്റവും കൂടുതൽ ഉലച്ചതും അദ്ദേഹത്തെയാണ്. മണിക്കൂറുകളോളമാണ് എന്റെ മകൾ അതുപറഞ്ഞശേഷം കരഞ്ഞത്. വീട്ടിലെ എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരുന്നു. ആരും ആർക്കും മുഖംകൊടുക്കാതെ ചുരുണ്ടുകൂടിയിരുന്നു.

ദൈവം നമ്മോട് അങ്ങനെ പെരുമാറുമോ എന്ന സംശയമായിരുന്നു എല്ലാവരിലും. നമുക്കെങ്ങനെ ദൈവത്തെ എതിർക്കാനാവുമെന്ന ആശങ്കയും. ഞാനിങ്ങനെ സ്വയം ചോദ്യങ്ങൾ ചോദിച്ച് കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അവളുടെ അച്ഛൻ അപ്പോഴേക്കും പൊലീസിനെ സമീപിക്കാൻ തീർച്ചപ്പെടുത്തിയിരുന്നു. 

എന്തിനിത് ഞങ്ങളോട് ചെയ്തുവെന്ന് ആസാറാമിനോട് നേരിട്ട് ചോദിച്ചശേഷം പൊലീസിൽ പരാതിപ്പെടാമെന്നാണ് അദ്ദേഹം തീരുമാനിച്ചത്. എന്നാൽ, ഇത് മണത്തറിഞ്ഞ ആസാറാമിന്റെ കാവൽക്കാർ, ഞങ്ങളെ ആസാറാമുമായി കാണാൻ അനുവദിച്ചില്ല. പൊലീസിൽ പരാതിപ്പെട്ടുകഴിഞ്ഞപ്പോൾ, പലരും ഞങ്ങളുടെ അടുത്തുവന്നു. കേസ് ഒത്തുതീർപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

ആസാറാം വലിയ മനുഷ്യനാണ്. രമ്യതയിൽ പിരിഞ്ഞോ എന്നായിരുന്നു അവരുടെ ഉപദേശം. പിന്നീടത് ഭീഷണിയായി. ആസാറാമിനെതിരേ കേസുമായി പോയാൽ മകളും ഞങ്ങളെല്ലാവരും കുഴപ്പത്തിലാകുമെന്നും അവർ ഭീഷണിപ്പെടുത്തി. ഞങ്ങൾ പിന്മാറാൻ തയ്യാറായിരുന്നില്ല. മകൾക്കായിരുന്നു കൂടുതൽ ധൈര്യം. അച്ഛൻ മുന്നോട്ടുപോകൂ, എനിക്കൊരു കുഴപ്പവും വരില്ലെന്ന് അവൾ പറഞ്ഞു.

ഞങ്ങൾ അവളെനോക്കുന്നതിനെക്കാൾ കാര്യമായി ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടിരുന്ന കുട്ടിയായിരുന്നു അവൾ. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം കുടുംബത്തിന് ധൈര്യം പകർന്നുനിന്നതും അവളാണ്. അവൾ തളർന്നാൽ കുടുംബമാകെ ഉലയുമെന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ടാണ് എന്റെ മോൾ ഇത്രയും ധൈര്യം കാട്ടിയത്.

ഭർത്താവ് വഴിയാണ് ഞാൻ ആശ്രമത്തിലെത്തുന്നത്. 2001-ൽ അദ്ദേഹത്തിന്റെ കൂടെ ആസാറാമിന്റെ സത്സംഗത്തിനുപോയതുമുതൽ ഞങ്ങൾ കടുത്ത വിശ്വാസികളായി. മകളെയും ഇളയമകനെയും അവരുടെ സ്‌കൂളിൽനിന്ന് മാറ്റി ആസാറാമിന്റെ ആശ്രമത്തിൽചേർത്തതും ആ വിശ്വാസത്തിലായിരുന്നു. ആസാറാമിനെതിരെ പറയുന്നവരുമായുള്ള ബന്ധം പോലും വേണ്ടെന്നുവെക്കുന്നവരായിരുന്നു ഞങ്ങൾ.

ഞങ്ങളുടെ എല്ലാം ആസാറാം തകർത്തു.ഞങ്ങളെ കൊല്ലാൻപോലും ശ്രമിച്ചു. അയാളെ അഴിക്കുള്ളിലാക്കണമെന്ന് ഏറ്റവും കൂടുതലാഗ്രഹിച്ചത് എന്റെ മോളാണ്. സഫ്ദർജംഗിൽനിന്ന് ജോധ്പുരിലേക്ക് കോടതി വിചാരണയ്ക്ക് വിളിക്കുമ്പോഴൊക്കെ പോകേണ്ടിവന്നു. ജഡ്ജിയോട് നടന്ന സംഭവം വിവരിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയതുപോലുമില്ല. അത്രയ്ക്കും വാശി അവളിൽ വളർന്നിരുന്നു.

വിചാരണ നീണ്ടതോടെ കുടുംബത്തിന്റെ താളമാകെ തെറ്റി. മൂത്തമകന് പഠനമുപേക്ഷിച്ച് കുടുംബത്തെ സഹായിക്കാൻ ജോലിക്കിറങ്ങേണ്ടിവന്നു. മകൾക്കും രണ്ടുവർഷത്തോളം പഠനം മാറ്റിവെക്കേണ്ടിവന്നു. കേസിലെ ചില സാക്ഷികൾ കൊല്ലപ്പെട്ടത് എല്ലാവരിലും കടുത്ത ആശങ്കയും ഭയവും ജനിപ്പിച്ചിരുന്നു. മകൾ അത്തരം വാർത്തകൾ കേൾക്കാതിരിക്കാൻ ഞാൻ എല്ലാം ഒളിപ്പിച്ചുവെച്ചു.

ആസാറാം അകത്തായതോടെ എല്ലാം നേരെയായി. എന്റെ മകൾ ബിരുദ കോഴ്‌സിന് ചേർന്നു. ഞങ്ങളുടെ ബിസിനസ് പഴയപോല നന്നായി മുന്നോട്ടുപോകാൻ തുടങ്ങി. ഭീഷണികളില്ലാതെ ജീവിതം സന്തോഷത്തിലേക്ക് തിരിച്ചുവന്നു. ആസാറാമിനെ കോടതി ശിക്ഷിച്ചുവെന്ന വാർത്ത ഞാൻ പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പുണർന്നാണ് എന്റെ മകൾ സന്തോഷം അറിയിച്ചത്. അത്രയ്ക്കും എന്റെ മകൾ സഹിച്ചിട്ടുണ്ട്-ആ അമ്മ പറയുന്നു.