യാങ്കൂൺ: മ്യാന്മറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി (76)യ്ക്ക് നാല് വർഷം തടവുശിക്ഷയ്ക്കു വിധിച്ച് പ്രത്യേക കോടതി. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ ചിക്കു ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ വിധിയാണ് രാജ്യതലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിച്ചത്.

മുൻ പ്രസിഡന്റ് വിൻ മിന്റിനും സമാനരീതിയിലുള്ള ശിക്ഷ നൽകിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചതിന് പിന്നാലെയാണ് സൂചിക്കെതിരായ നടപടികൾക്ക് വീണ്ടും തുടക്കമിട്ടത്. സൂചിക്കെതിരായ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. എന്നാൽ, മറ്റ് കേസുകളിലും സൂചിക്കെതിരായി കോടതി ഉത്തരവ് പുറത്ത് വന്നാൽ അവർക്ക് വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്നാണ് സൂചിക്കെതിരായ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൂചിയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് വിജയിച്ചതെങ്കിലും ഇത് അംഗീകരിക്കാൻ സൈന്യം തയാറായിരുന്നില്ല. തുടർന്ന് സൈന്യം മ്യാന്മറിന്റെ അധികാരം പിടിക്കുകയും സൂചിയെ തടവിലാക്കുകയുമായിരുന്നു.

83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാർട്ടി എന്നിവയ്ക്ക് 476 സീറ്റിൽ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്. പട്ടാളഭരണത്തിനെതിരായ പ്രതിഷേധസമരങ്ങളിൽ ഇതുവരെ 1300ഓളം പേരാണ് മരിച്ചുവീണത്.

സൂ ചിയുടെ നേതൃത്വത്തിൽ പട്ടാളഭരണത്തിനെതിരെ ദശകങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2011ലാണു രാജ്യത്തു ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിനു പട്ടാളനേതൃത്വം വഴങ്ങിയത്. 2008ൽ സൈന്യം തയാറാക്കിയ ഭരണഘടനാ പ്രകാരം പാർലമെന്റിൽ 25% സീറ്റുകൾ പട്ടാളത്തിനാണ്. സുപ്രധാന ഭരണപദവികളും സൈന്യം കയ്യാളുന്നു.

പട്ടാള ഭരണകൂടം സൂ ചിയെ 15 വർഷം വീട്ടുതടങ്കലിലാക്കിയിരുന്നു. 2010ൽ സ്വതന്ത്രയായ സൂ ചി, 2015 ലെ തിരഞ്ഞെടുപ്പിൽ തന്റെ കക്ഷിയെ വിജയത്തിലേക്കു നയിക്കുകയും മ്യാന്മറിലെ ആദ്യ ജനാധിപത്യ സർക്കാരിനു നേതൃത്വം നൽകുകയും ചെയ്തു. 5 വർഷം കൂടി ഭരണത്തുടർച്ച ലഭിച്ച രണ്ടാം പൊതു തിരഞ്ഞെടുപ്പാണ് നവംബറിൽ നടന്നത്.