- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജിലെ ചെഗുവേര ഗൾഫിൽ ദീനിയായപ്പോൾ; ശക്തമായ പ്രമേയത്തെ കഥ വഴിതിരിച്ചുവിട്ട് കുളമാക്കുന്നു; മതത്തെ തൊടുമ്പോൾ ഇഖ്ബാൽ കുറ്റിപ്പുറത്തിനും കൈ വിറക്കുന്നു; ഈ ഓൾഡ് ജനറേഷൻ മോഡൽ ലാൽജോസിന് നാണക്കേട്; പലയിടത്തും ലാഗും ബോറടിയും; 'മ്യാവൂ' വെറും പുറം പൂച്ച് സിനിമ
മതവും മാർക്സിസവും തമ്മിലുള്ള വൈരുധ്യം, എങ്ങനെയാണ് മനുഷ്യരുടെ പ്രായോഗിക ജീവിതത്തെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന ചലച്ചിത്രങ്ങൾ അധികമൊന്നും, ചൈനയും ഉത്തരകൊറിയയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാർക്സിസ്റ്റുകൾ ഉണ്ടെന്ന് കരുതപ്പെടുന്ന മലയാളത്തിലും ഉണ്ടായിട്ടില്ല. കോളജ് കാലത്ത് വലിയ ചെഗുവേര കളിച്ച്, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ചില സഖാക്കളെ പിന്നീട് വലിയ ഭക്തരും, അത്മീയവാദികളുമായി കണ്ടെത്തുമ്പോൾ ഈ ലേഖകനൊക്കെ ഞെട്ടാറുണ്ട്. അതുപോലെ ഒരു ഞെട്ടൽ സമ്മാനിക്കാൻ കഴിയുന്ന ചിത്രമായിരുന്നു, അറബിക്കഥയും, ഡയമണ്ട് നക്ലേസും, വിക്രമാദിത്യനുമൊക്കെ എഴുതിയ ഡോ ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ, ലാൽജോസ് എടുത്ത 'മ്യാവൂ'. കാമ്പസിലെ ചെഗുവേരയിൽനിന്ന് മീശയില്ലാത്ത നീട്ടിയ താടിയുമായി യു.എ.ഇയിലെ റാസൽഖൈമയിൽ പക്കാ ദീനിയായി കുടുബജീവിതം നയിക്കുന്ന, കൂട്ടുകാർ ദസ്തയെവിസ്‌ക്കിയെന്ന് കാൽപ്പനികമായി വിളിച്ചിരുന്ന, ദസ്തക്കീറിന്റെ ജീവിതം അതായിരുന്നു.
ഈ ഒരൊറ്റ പ്രമേയം മാത്രം വൃത്തിയിൽ ഡെവലപ്പ് ചെയ്താൽ 'മ്യാവൂ' ഒരു അനിതസാധാരണമായ ചലച്ചിത്ര അനുഭവം ആവുമായിരുന്നു. പക്ഷേ കളിക്കുന്നത് മതം വച്ചാണ്. അതും ഇസ്ലാമിനോട്. അറബിക്കഥയിൽ നടത്തിയ മാർക്വിസ്റ്റ് വിമർശനം പോലെ ആവില്ല, ഇസ്ലാമിനെ വിമർശിച്ചാലെന്ന് ലാൽജോസിനും ഡോ ഇഖ്ബാൽ കുറ്റിപ്പുറത്തിനും നന്നായി അറിയാം. അതിനാൽ അവർ ചിത്രത്തെ ഒരു പൂച്ചക്കഥയൊക്കെയാക്കി ഒരു സോദ്ദേശ്യ കുടുംബചിത്രം ആക്കിയിരിക്കുന്നു!
ലാൽജോസിനോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഒരു ചലച്ചിത്രം എന്ന നിലയിലും ഈ പടം ഒന്നുമാകുന്നില്ല. കണ്ടുമടുത്ത പഴയ ഫോർമാറ്റ്. പലയിടത്തും ബോറടിയും ലാഗും കടന്നുവരുന്നുണ്ട്. ലാൽജോസിന്റെ പഴയ ചിത്രങ്ങളുടെ യാതൊരു ഫീലും കിട്ടാതെയാണ് തീയേറ്ററിൽ നിന്ന് പുറത്തുകടന്നത്.
ചെഗുവേരയിൽനിന്ന് മതജീവിയിലേക്ക്
ജീവിതാനുഭവങ്ങമൂലം അടിമുടി മാറിപ്പോവുന്ന ചില മനുഷ്യരുണ്ട് നമുക്കു ചുറ്റും. അത്തരത്തിലുള്ള ഒരാളാണ് സൗബിൻ ഷാഹിർ അവതരിപ്പിച്ച ദസ്തക്കീർ. കോളജിൽ പഠിക്കുമ്പോൾ വീരസമര നായകനും സ്പോർട്സ് താരവുമൊക്കെയായിരുന്നു അയാൾ. ഗൾഫിൽ നല്ല ജോലി കിട്ടിയപ്പോഴും ബാറുകളും പബ്ബുകളും മൊക്കെയായി ദസ്തക്കീർ ജീവിതം ആഘോഷമാക്കി. തന്റെ വിവാഹത്തോട് അനുബന്ധിച്ച് ബാച്ചിലർ പാർട്ടിയിൽ അടിപ്പാടുന്ന ദസ്തക്കീറിനെ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. പക്ഷേ അന്ന് അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടം അയാളുടെ ജീവിതം താളം തെറ്റിക്കുന്നു. ഒരു പൂച്ചയെ രക്ഷിക്കാൻ വണ്ടി തിരിച്ച അയാൾ ഗുരുതരമായി അപകടത്തിൽ പെടുന്നു. മദ്യപിച്ച് വണ്ടിയോടിച്ചതിന് ജോലി പോകുന്നു. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങുന്നു. നാണക്കേടുകാരണം അയാളുടെ ബാപ്പ താൻ നടത്തിക്കൊണ്ടിരുന്ന സൂപ്പർ മാർക്കറ്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നു. ഇങ്ങനെ ഗത്യന്തരമില്ലാതായതോടെ ഒന്നു നന്നാവൻ ദസ്തക്കീറിനെ അയാളുടെ ബന്ധുകൂടിയായ ആലുവ മൗലവി ( സലീംകുമാർ) ഉപദേശിക്കുന്നു. അങ്ങനെ പിന്നെ നാം കാണുന്നത് മീശവടിച്ച് താടി നീട്ടി മതഭക്തനായ ദസ്തക്കീറിനെയാണ്.
ഭാര്യ സുലുവും (മംമ്ത) മൂന്നുമക്കളും, ഒരു സുന്ദരി പൂച്ചയും, ഡ്രൈവറും സുഹൃത്തുമായ ചന്ദ്രനും ( ഹരിശ്രീ യൂസഫ്) തന്റെ കടയിലെ ജീവനക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും നിറയുന്നതാണ് ദസ്തക്കീറിന്റെ ലോകം. അയാളുടെ അമലതമായ കോപവും സുലുവിന്റെ വാശിയുമൊക്കെ ചേർന്ന് അൽപ്പം കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് 'മ്യാവൂ'വിന്റെ കഥ ആരംഭിക്കുന്നത്. ഒരു സാഹചര്യത്തിൽ ദസ്തകീറിനെയും മക്കളെയും വിട്ട് വീട് വിട്ടിറങ്ങുകയാണ് സുലു. ഒന്നിച്ചുതിന്നാൽ തമ്മിൽ വെറുത്തുപോവുമെന്ന തോന്നുന്ന ഘട്ടത്തിൽ, വിവാഹജീവിതത്തിൽ നിന്നും സുലു ഒരു ബ്രേക്ക് എടുക്കുന്നു. അതോടെ ദസ്തക്കീറിന്റെ ജീവിതം കൂടുതൽ പ്രശ്നങ്ങൾ നിറഞ്ഞതാവുന്നു.
ഒരു പൂച്ചയും ഈ കഥയിൽ നിർണ്ണാകമാണ്. പൂച്ച കുറകെച്ചാടിയതാണേല്ലോ ദസ്തക്കീറിന്റെ ജീവിതം തുലച്ചത്. അതുകൊണ്ട് അയാൾക്ക് പൂച്ചകളെ കണ്ടുകൂടാ. പക്ഷേ ഭാര്യ സുലുവിന് ഡയനാനയെന്ന പൂച്ച എല്ലാമെല്ലാമാണ്. അങ്ങനെയുള്ള വൈരുധ്യങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞ ഒരു കുടുംബ ജീവിതത്തിലൂടെയാണ് 'മ്യാവൂ' മുന്നേറുന്നത്.
പക്ഷേ മത കാലുഷ്യ മൂലം സിനിമക്ക് പേരിടാൻപോലും കഴിയാത്ത ഇക്കാലത്ത്, ചെറുതായെങ്കിലും മതവിമർശനം നടത്താൻ കാണിച്ച ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്. മതമൗലികവാദിയായ തന്റെ ബന്ധുവിനോട് ദസ്തക്കീർ തുറന്നു പറയുന്നുണ്ട്, മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കാതെ എല്ലാവർക്കും അൽപ്പം ഇടം കൊടുക്കണം എന്ന്. അതുപോലെ സലീംകുമാറിന്റെ തീറ്റപ്രാന്തനായ മൗലവിയും അൽപ്പം ടൈപ്പ്കാസ്റ്റ് ആയെങ്കിലും ചിലയിടത്ത് കുറക്ക് കൊള്ളുന്നുണ്ട്. ഇസ്ലാമിനെ അപരവത്ക്കരിക്കുന്നേ എന്ന് പറഞ്ഞ് 'പൊക' ( പൊളിറ്റിക്കൽ കറക്ട്നെസ്സ്) സംഘങ്ങൾ എഴുതിമറിക്കാനുള്ള എല്ലാം വകുപ്പും ഈ കഥാപാത്രത്തിലുണ്ട്!
ട്രീറ്റ്മെന്റ് ഓൾഡ് ജനറേഷൻ ശൈലിയിൽ
മലയാള സിനിമയിൽ ഈ സോ കോൾഡ് ന്യൂജൻ തരംഗം വരുന്നതിന് മുമ്പ് സുരേഷ്ഗോപിയെയും തിലകനെയുമൊക്കെ്വെച്ച് ലാൽജോസ് ചെയ്ത ഒരു ചിത്രമുണ്ട്. രണ്ടാം ഭാവം. ഇന്നും കണ്ടുനോക്കിയാൽ അറിയാം ആ ചിത്രത്തിന്റെ ട്രീറ്റ്മെന്റിലെ നൂതനത്വം. രണ്ടാംഭാവത്തിന് രണ്ടുപതിറ്റാണ്ടുകൾ കഴിഞ്ഞ് ലാൽജോസ് 'മ്യാവൂ' എടുക്കുമ്പോൾ മലയാളത്തിലെ കഥാകഥന പരിസരം തീർത്തും മാറിയിട്ടുണ്ട്. പക്ഷേ അന്ന് ന്യൂജൻ ആയിരുന്നു ലാൽജോസ് ഇന്ന് തീർത്തും ഓൾഡ് ജെൻ ശൈലിയാണ് അവലംബിക്കുന്നത്. ( ദസ്തക്കീർ ദീനയായപോലെതന്നെയാണ് ലാൽജോസിന്റെ ഈ മാറ്റവും!)
കണ്ടം ചെയ്തുപോയ ബാലചന്ദ്രമേനോൻ ഫോർമാറ്റിലുള്ള കുടുംബ ചിത്ര ശൈലിയാണ് പലയിടത്തും ചിത്രം അവലംബിക്കുന്നത്. രണ്ടാം പകുതിയിലൊക്കെ ഈ ശൈലി ബോറടിയാണ് ഉണ്ടാക്കുന്നത്. ലാൽജോസിനെപ്പോലുള്ള ഒരു മാസ്റ്റർ ക്രാഫ്റ്റ്മാന്റെ ചിത്രം ഇങ്ങനെയായാൽ പോര. നാണക്കേടാണിത്. അതുപോലെ തന്നെ ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്കും ഒരു മുറുക്കം കിട്ടുന്നില്ല. 'അറബിക്കഥ'യുടെയാക്കെ ആ ഫ്ളോ നോക്കുക. ഗൾഫിലെ നന്മമര പ്രതിഭാസങ്ങൾ ആവർത്തിക്കപ്പെടുന്നതായും ഈ ചിത്രത്തിൽ തോന്നി.
നായകൻ സൗബിൻ ഷാഷിറിന്റെ പ്രകടനത്തെയും ഔട്ട്സ്റ്റാൻഡിങ്ങ് എന്നൊന്നും പറയാൻ കഴിയില്ല. വമ്പൻ വൈകാരിക അനുഭവം ആവശ്യപ്പെടുന്ന പല രംഗങ്ങളിലും അത്രക്ക് അങ്ങ് എത്തിയോയെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയട്ടെ. പക്ഷേ ഈ ചിത്രം ബ്രേക്ക് ആവാൻ പോവുന്നത് ദസ്തക്കീറിന്റെ സന്തതസഹചാരിയായ ചന്ദ്രേട്ടനെ അവതരിപ്പിച്ച ഹരിശ്രീ യൂസഫിനാണ്. കോമഡി വേഷങ്ങളിൽനിന്ന് ശക്തമായ ക്യാരക്ടർ വേഷങ്ങളിലേക്കുള്ള യൂസഫിന്റെ ചുവടുമാറ്റമാകട്ടെ ചിത്രം. പെരുമഴക്കാലം സിനിമയിലെ തന്റെ വേഷത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള സലീം കുമാറിന്റെ മൗലവി ഇടയക്ക് ചിരിപ്പിക്കുന്നുണ്ട്. മംമ്തക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് മോശമാക്കിയിട്ടില്ല. ദസ്തക്കീറിന്റെ കുട്ടികളായി എത്തുന്ന ബാലതാരങ്ങൾ ശരിക്കും സൂപ്പർ ആയിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ ആണെങ്കിലും സംവിധായകൻ ശ്യാമപ്രസാദിന്റെ ഡയലോഗ് ഡെലിവറിയും മറ്റു ഓർമ്മകളിൽ നിൽക്കും.
അടുത്തകാലത്തായി ലാൽജോസ് സിനിമകളിൽ ആവർത്തിക്കപ്പെടുന്ന ഒന്നാണ് ഒരു വിദേശ കഥാപാത്രം. ഈ പടത്തിലും ഉണ്ട് ആ രീതിയിൽ ഒരു അസർബൈജാൻ പെൺകുട്ടി. അതാണ് ചിത്രത്തിന്റെ സസ്പെൻസും. ആ വേഷം നന്നായിട്ടുണ്ട്.
അജ്മൽ സാബുവിന്റെ ക്യാമറ യു.എ.ഇ കാഴ്ചകളെ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട്. ജസ്റ്റിൻ വർഗ്ഗീസ്സിന്റെ പാട്ടുകളും ഹൃദയസ്പർശിയാണ്. പക്ഷേ അതും പഴയ ലാൽജോസ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല.
ചുരുക്കിപ്പറഞ്ഞാൽ ഒരു അടിപൊളി ഉത്സവകാല ചിത്രം പ്രതീക്ഷിച്ചാണ് നിങ്ങൾ എത്തുന്നതെങ്കിൽ അതൊരു വലിയ നഷ്ടക്കച്ചവടം ആയിരിക്കും. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ടിക്കറ്റെടുക്കയാണെങ്കിൽ കണ്ടിരിക്കാം. അത്രതന്നെ.
വാൽക്കഷ്ണം: അറബിക്കഥയിൽ പറയേണ്ട ആശയം കൃത്യമായി പറയാൻ കഴിഞ്ഞതായിരുന്നു ആ ചിത്രത്തിന്റെ വിജയം. പക്ഷേ ഇവിടെ മതവിമർശനം നടത്തണം എന്നാൽ അതിന് ധൈര്യവുമില്ല. അപ്പോൾ വർണ്ണക്കടലാസിൽ പൊതിഞ്ഞാവും വിർമശനം. ആ അവിയലിന് പക്ഷേ ശക്തിയുണ്ടാവില്ല. ഒരു സിനിമയിൽ ഫിലിം പെട്ടിമാറിപ്പോയി പുണ്യപുരാതനായ ചിത്രത്തിന് പകരം അശ്ളീല ചിത്രം വരുമ്പോൾ ജഗതി കൊടുക്കുന്ന ഒരു പേരുണ്ട്. 'ഭക്ത രതി'. അതുപോലെ ഒരു 'ഭക്ത രതി'യായിപ്പോയി ഈ പടം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ