പത്തനംതിട്ട: സഹകരണ വകുപ്പ് സംഘടിപ്പിച്ച ടീം ഓഡിറ്റ് പ്രാരംഭഘട്ട വിശദീകരണണ യോഗത്തിൽ പ്രഥമ പരിഗണന കൊടുത്ത് വേദിയിലിരുത്തിയത് കോടികളുടെ ക്രമക്കേട് നടത്തിയ മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായ ജെറി ഈശോ ഉമ്മനെ. ഈ നടപടിക്കെതിരേ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും ഡി.സി.സി വൈസ് പ്രസിഡന്റുമായ അനിൽ തോമസ് തുറന്നടിച്ചു.

സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ ഉദ്ഘാടനം ചെയ്ത യോഗത്തിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ തോമസ് തട്ടിപ്പിന് ഉത്തരവാദികളായവരെ വേദിയിലിരുത്തി സഹകരണ മേഖല സംരക്ഷിക്കാൻ ഓഡിറ്റ് ഡയറക്ടർ ക്ലാസെടുക്കുന്നത് കോമഡിയാണെന്ന് തുറന്നടിച്ചത്.

സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിച്ച് വിശ്വാസ്യത തിരികെ പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ മനുഷ്യ നിർമ്മിത പ്രളയം തകർത്ത ജില്ലയാണിതെന്നും അവിടെനിന്നും ഇഴഞ്ഞും മുടന്തിയും മനുഷ്യർ ജീവിതത്തിലേക്ക് തിരികെ വരുന്നതിനിടെയാണ് സഹകരണ മേഖലയിൽ വിശ്വാസമർപ്പിച്ചിരുന്നവരെ വിരലിലെണ്ണാവുന്ന ചിലർ കൊള്ളയടിച്ചത്.

ഉത്തരവാദികളെ ശിക്ഷിക്കുന്നത് വൈകിയാൽ സഹകരണ മേഖലയുടെ നട്ടെല്ലൊടിയുമെന്നും അനിൽ തോമസ് തുറന്നു പറഞ്ഞത് ഹർഷാരവത്തോടെ ഉദ്യോഗസ്ഥരും ജില്ലയിലെ സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളും പിന്തുണ നൽകി. കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്ന നിലയിലാണ് മൈലപ്ര ബാങ്ക് പ്രസിഡന്റ ജെറി ഈശോ ഉമ്മൻ വേദിയിലുണ്ടായിരുന്നത്.

മറ്റു സഹകാരികൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് അനിൽ തോമസ് തുറന്നടിച്ചത്. 44 കോടിയുടെ തട്ടിപ്പ് നടന്ന ബാങ്കിൽ എല്ലാ കുറ്റവും സെക്രട്ടറിയുടെ തലയിൽ വച്ച് രക്ഷപ്പെടാനാണ് ജെറി ഈശോ ഉമ്മൻ ശ്രമിക്കുന്നത്.

അടൂർ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ അധ്യക്ഷനായിരുന്നു. വിവിധ ബാങ്ക് പ്രസിഡന്റുമാരായ മലയാലപ്പുഴ ശശി, എസ്.വി.പ്രസന്നകുമാർ, എ.ജി.ഉണ്ണികൃഷ്ണൻ, ബിജിലി ജോസഫ്, ചെറിയാൻ, റോബിൻ, ജോയിന്റ് രജിസ്ട്രാർ കിരൺ എന്നിവർ പ്രസംഗിച്ചു.