കണ്ണൂർ: മൈസൂർ കല്യാണം കഴിച്ച 16 കാരിയെ വീട്ടിൽ ഇട്ട് പീഡിപ്പിച്ച കേസിലെ പ്രതി ഏഴാം മൈലിലെ ഉമ്മർ പെൺകുട്ടിയുടെ പിതാവിന് ലക്ഷങ്ങൾ നൽകി. ബംഗളൂരുവിൽ പെൺകുട്ടിയുടെ കുടുംബത്തിന് വീടും അച്ഛന് ഓട്ടോറിക്ഷയും നൽകി പ്രലോഭിപ്പിച്ചാണ് പ്രവാസി ധനാഢ്യനായ ഉമ്മർ സുന്ദരിയായ പെൺകുട്ടിയെ നാട്ടിലേക്ക് കൊണ്ടു വന്നത്.

നിയമപ്രകാരം വിവാഹം ചെയ്ത നാലാം ഭാര്യയെ മൊഴി ചൊല്ലിയ ശേഷമാണ് മൈസൂർ ശൈലിയിൽ കല്യാണം നടത്തിയത്. നിർദ്ധന കുടുംബത്തിലെ സുന്ദരിയും 20 വയസ്സിന് താഴെയുള്ളവരുമായ പെൺകുട്ടികളാണ് ഉമ്മറിന് പ്രിയം. അല്പകാലത്തിനു ശേഷം ഇവരെ പണം കൊടുത്ത് പറഞ്ഞ് വിടുകയും ചെയ്യും. നേരത്തേയും മൈസൂർ ശൈലിയിലുള്ള വിവാഹം ഇയാൾ കഴിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൻ തുകയും വീടും മറ്റും നൽകുന്നതിനാൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി പെടാറുമില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 16 കാരിയെ വിവാഹം ചെയ്ത് ഉമ്മർ ഏഴാം മൈലിൽ കൊണ്ടു വന്നത്. ശാരീരീക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടി വിസമ്മതിച്ചതിനാൽ വീട്ടിലിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പ്രദേശവാസികൾ അറിഞ്ഞതോടെ വടകരയിലെ സാമൂഹ്യ പ്രവർത്തകൻ നൗഷാദിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.

ആൾക്കൂട്ടം ഏഴാം മൈലിലിലെ വീട്ടിനു മുന്നിൽ തടിച്ചു കൂടി. ബഹളം കേട്ട പെൺകുട്ടി ഭയന്ന് വിറച്ച് ഉമ്മറിന്റെ ആർഭാഢ വസതിയിലെ മുകൾ നിലയിൽ ഒളിച്ചു കഴിയുകയായിരുന്നു. കൊട്ടാര സമാനമായ വീട്ടിൽ നിന്നും ഏറെ സമയത്തെ തിരച്ചിലിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താനായത്. അവൾ തീർത്തും ഭയവിഹ്വലയായിരുന്നു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസിന് ആദ്യമൊന്നും ചെയ്യാനായില്ല. ഒടുവിൽ വനിതാ പൊലീസിന്റെ അനുനയത്തിൽ പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

മാതാപിതാക്കൾക്ക് പണവും മറ്റ് സൗകര്യവും നൽകിയാണ് തന്നെ വിലക്കു വാങ്ങിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ഇപ്പോൾ മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കയാണ്. ഉമ്മറിന്റെ ആർഭാഢ കാറിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയതായും കണ്ടെത്തിയിട്ടുണ്ട്. മുമ്പൊരിക്കൽ ഉമ്മറിന്റെ കാറിൽ നിന്നും പണം മോഷണം പോയെന്ന് അയാൾ പരാതി നൽകിയിരുന്നു. കാർ പരിശോധിച്ച പൊലീസ് അതിനകത്തെ സംവിധാനങ്ങൾ കണ്ട് ഞെട്ടി. കാറിനകത്ത് കിടപ്പറക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

നിരവധി ആർഭാഢ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. അതിന് ഉമ്മറിന്റെ മറുപടി ഇങ്ങിനെയായിരുന്നു. ഓരോ മണിക്കൂർ ഇടവിട്ടും താൻ വസ്ത്രം മാറാറുണ്ടെന്നായിരുന്നു. തളിപ്പറമ്പ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിട സമുച്ചയങ്ങളുടെ ഉടമ കൂടിയാണ് ഉമ്മർ. ഇയാൾ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. പെൺകുട്ടിയുടെ ഉപ്പയും ഉമ്മയും വിവരങ്ങളറിഞ്ഞ് തളിപ്പറമ്പിലെത്തിയെങ്കിലും പൊലീസിൽ പരാതി നൽകാൻ അവർ തയ്യാറായിരുന്നില്ല.