- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവ് സെബാസ്റ്റ്യന് തന്റെ കണ്ടുപിടുത്തം കൊലക്കയർ ഒരുക്കിയോ? മരണം ആറു ലക്ഷം രൂപ അവാർഡ് വാങ്ങിയതിന്റെ പിറ്റേന്ന്; താനാണ് കണ്ടുപിടിച്ചതെന്ന അവകാശമുയർത്തുന്ന മകൻ സംശയനിഴലിൽ
കട്ടപ്പന: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവന നൽകുന്ന ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവ് കട്ടപ്പന സ്വദേശി ഞള്ളാനി സെബാസ്റ്റ്യ(കൊച്ചേപ്പ്-75)ന്റെ മരണം കൊലപാതകമോ?. സെബാസ്റ്റ്യൻ മരിച്ച് നാലര വർഷത്തിനുശേഷം ഇങ്ങനെയൊരാരോപണം ഉയർന്നതോടെ സത്യാവസ്ഥയറിയാൻ പൊലിസ് അന്വേഷണം ആരംഭിച്ചു. സെബാസ്റ്റ്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ
കട്ടപ്പന: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവന നൽകുന്ന ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവ് കട്ടപ്പന സ്വദേശി ഞള്ളാനി സെബാസ്റ്റ്യ(കൊച്ചേപ്പ്-75)ന്റെ മരണം കൊലപാതകമോ?. സെബാസ്റ്റ്യൻ മരിച്ച് നാലര വർഷത്തിനുശേഷം ഇങ്ങനെയൊരാരോപണം ഉയർന്നതോടെ സത്യാവസ്ഥയറിയാൻ പൊലിസ് അന്വേഷണം ആരംഭിച്ചു.
സെബാസ്റ്റ്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു മകൻ ഉൾപ്പെട്ട ആക്ഷൺ കൗൺസിലാണ്. മറ്റൊരു മകൻ സംശയത്തിന്റെ നിഴലിലാവുകയും ചെയ്തതോടെ നിജസ്ഥിതിയറിയാൻ ജനം കാത്തിരിക്കുകയാണ്. കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലിസ്.
ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ 88 ശതമാനത്തോളം കൃഷി ചെയ്യുന്ന ഞള്ളാനി എന്നറിയപ്പെടുന്ന ഏലം വികസിപ്പിച്ചെടുത്ത കർഷകനാണ് മരിച്ച സെബാസ്റ്റ്യൻ. പുതിയ ഇനം ഏലത്തിന്റെ വരവോടെ ഈ മേഖലയിൽ വൻസാമ്പത്തിക നേട്ടമുണ്ടായി. കണ്ടുപിടിത്തത്തിന് നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റേത് അടക്കം നിരവധി പുരസ്‌കാരങ്ങളാണ് സെബാസ്റ്റ്യനെ തേടിയെത്തിയത്. 2011 ഫെബ്രുവരി 13ന് പുറ്റടി സ്‌പൈസസ് പാർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത വേദിയിൽ സ്‌പൈസസ് ബോർഡിന്റെ ആറുലക്ഷം രൂപയുടെ അവാർഡ് സെബാസ്റ്റ്യന് കെ. കെ ജയചന്ദ്രൻ എംഎൽഎ കൈമാറി. ഇതിനു പിറ്റേന്നു രാവിലെയാണ് സെബാസ്റ്റ്യനെ അദ്ദേഹം തനിയെ താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം സംസ്‌കരിച്ചെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കട്ടപ്പനയിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ ആരും പരാതി നൽകാതിരുന്നതിനാൽ പൊലിസ് അന്വേഷിച്ചില്ല. ആറു മാസം മുമ്പ് ആക്ഷൻ കൗൺസിൽ എറണാകുളം റേഞ്ച് ഐ. ജി, എം ആർ അജിത്കുമാറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്വത്തുതർക്കവും ഞള്ളാനി ഏലത്തിന്റെ പേറ്റന്റിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളും കുടുംബത്തിൽ ഉയർന്നിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണത്തിൽ ദുരൂഹതയേറുകയാണ്. എന്റെ മക്കൾ എന്നെ കൊല്ലുമെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. സെബസ്റ്റ്യനല്ല, താനാണ് പുതിയ ഇനം ഏലം കണ്ടുപിടിച്ചതെന്നും പിതാവും മറ്റും സഹായിച്ചിട്ടേയുള്ളൂവെന്നുമുള്ള അവകാശവാദം ഉന്നയിക്കുന്ന മകൻ റെജി ഞള്ളാനിയുടെ മൊഴിയിലെ അസ്വാഭാവികതകളും പൊരുത്തക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് അന്വേഷിക്കാൻ പൊലിസ് തീരുമാനിച്ചത്.
സെബാസ്റ്റ്യൻ മരിച്ച നിലയിൽ ആദ്യം കണ്ടത് മകൻ റെജിയാണ്. തുടർന്നു റെജി വിവരമറിയിച്ചതിനെതുടർന്നു മറ്റു മക്കളും അയൽവാസികളും എത്തുകയായിരുന്നു. നാല് ആൺമക്കളുള്ള സെബാസ്റ്റ്യൻ വീട്ടിൽ തനിയെ താമസിക്കുകയായിരുന്നു. ഭാര്യ മറ്റൊരു മകനായ റോയിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സമീപ മേഖലയിൽത്തന്നെയാണ് മക്കൾ താമസിച്ചിരുന്നത്. മരിച്ച നിലയിൽ കാണപ്പെട്ട ദിവസവും തലേന്നുണ്ടായ സംഭവങ്ങളും റെജിയുടെ മൊഴിയും സംശയത്തിനിട നൽകിയിരിക്കുകയാണ്. ആറു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങാൻ പോയ സെബാസ്റ്റ്യനൊപ്പം റെജിയാണ് ഉണ്ടായിരുന്നത്.
തിരിച്ച് കട്ടപ്പനയിലെത്തിയ ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിച്ചുവെന്നും അതിനിടെ ഇരുവരും അവാർഡ് തുകയെച്ചൊല്ലി വഴക്കുണ്ടായതായും പരാതി ആദ്യമന്വേഷിച്ച സ്‌പെഷൽ ബ്രാഞ്ച് ഡിവൈ. എസ്. പി വി. എൻ സജിക്ക് വിവരം ലഭിച്ചു. പിറ്റേന്നു രാവിലെ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കട്ടിലിൽ കാണപ്പെടുകയായിരുന്നെന്നു റെജി പറയുമ്പോൾ, കട്ടിലിൽനിന്നും നിലത്തു വീണ നിലയിലും നാക്ക് കടിച്ചുമാണ് ജഡം കണ്ടതെന്ന് ഇളയ മകൻ റോയിയും മറ്റും ഉൾപ്പെട്ട ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പറയുന്നു. ലാൻഡ് ഫോണിന്റെ റീസീവർ തൂങ്ങിക്കിടക്കുകയായിരുന്നു. അവാർഡ് വാങ്ങാൻ കൊണ്ടുപോയ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു മക്കളിൽ മറ്റു ചിലരും പൊലിസിനോട് പറഞ്ഞു.
സംഭവ ദിവസം രാത്രി 11 മണിയോടെ, ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണാൻ റെജി എത്തിയിരുന്നു. കുറെ ദിവസങ്ങളായി ആശുപത്രിയിൽ അമ്മ ഉണ്ടായിരുന്നിട്ടും അവിടെ ചെല്ലാതിരുന്ന റെജി പതിവിന് വിപരീതമായി എത്തിയത് പൊലീസ് സംശയത്തോടെയാണ് കാണുന്നത്. എന്നും രാവിലെ റോയിയുടെ വീട്ടിൽനിന്നാണ് സെബാസ്റ്റ്യന് ഭക്ഷണം എത്തിച്ചിരുന്നത്. 14-ന് രാവിലെ റെജി ഭക്ഷണവുമായി എത്തിയെന്ന വിവരവും ദുരൂഹത കൂട്ടുന്നു. പൂർണ ആരോഗ്യവാനായിരുന്നു സെബാസ്റ്റ്യനെന്നും വിവരം ലഭിച്ചിട്ടുണ്ട്. അയൽവാസികളിൽനിന്നും മറ്റും ലഭിച്ച മൊഴികൾ പരിശോധിച്ചശേഷം സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്. പി വി. എൻ സജി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
തുടർന്ന് കട്ടപ്പന സി. ഐ ബി ഹരികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞള്ളാനി ഏലം കണ്ടുപിടിച്ചത് 1987 കാലഘട്ടത്തിലാണ്. ഒരു ഹെക്ടർ സ്ഥലത്തുനിന്നും 400 കിലോ ഏലക്കാ ലഭിക്കുമായിരുന്ന സ്ഥാനത്ത് ഞള്ളാനിയിലൂടെ 2000 കിലോ ഉൽപാദിപ്പിക്കാൻ കഴിയും. സെബാസ്റ്റ്യനും റെജിയും ചേർന്നാണ് കണ്ടുപിടിച്ചതെന്നു വരുത്താൻ ശ്രമങ്ങളുണ്ടായിരുന്നു. റെജിക്ക് ഇരുപതു വയസിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് മുഴുസമയ കർഷകനായ സെബാസ്റ്റ്യന്റെ വീട്ടിൽ പുതിയം ഇനം രൂപപ്പെട്ടത്. പൊലിസ് സെബാസ്റ്റ്യന്റെ മരണം സംബന്ധിച്ചു മൊഴിയെടുത്ത സമയത്ത് 'ഞള്ളാനി ഏലം കണ്ടുപിടിച്ച സെബാസ്റ്റ്യന്റെ മകനാണ് ഞാൻ' എന്ന് എഴുതാൻ ശ്രമിച്ചപ്പോൾ റെജി തടസപ്പെടുത്തുകയും കണ്ടുപിടിച്ചത് താനാണെന്നും പിതാവും മറ്റും സഹായികളായിരുന്നെന്നും പറഞ്ഞുവത്രേ.
ഏലത്തിന് പേറ്റന്റ് എടുക്കുന്നതു സംബന്ധിച്ച് മക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ദുരൂഹത നീക്കാൻ ജഡം കുടുംബക്കല്ലറയിൽനിന്നു പുറത്തെടുത്തു പോസ്റ്റ് മോർട്ടം ചെയ്യാൻ സി. ഐ ബി ഹരികുമാർ നടപടി തുടങ്ങി. ആർ. ഡി. ഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സംഭവസമയത്തെ ചിത്രങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേസമയം, കത്തോലിക്കാ നവീകരണ പ്രസ്ഥാനമെന്ന സംഘടനയുടെ പ്രസിഡന്റായ തനിക്കെതിരെ സഭയിലെ ചിലർ നടത്തുന്ന കരുനീക്കങ്ങളാണ് ഇതിനു പിന്നിലെന്നു റെജി ഞള്ളാനി പ്രതികരിച്ചു. ഇടുക്കിയിലെ ഏലക്കാടുകളിൽ സമ്പാദ്യത്തിന്റെ വിപ്ലവമൊരുക്കിയ കർഷകന് തന്റെ കണ്ടുപിടുത്തം വിനയായോയെന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനിയും കാത്തിരിക്കണം.