- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രിക്ക് ശേഷം പുലർച്ചെ വരെയുള്ള ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ ഹാക്ക് ചെയ്ത് പണം തട്ടും; രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ കാണുക കാലിയായ അക്കൗണ്ട്; 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പ് അഡ്‌മിനെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽനിന്നും അറസ്റ്റ് ചെയ്തു; കൊച്ചിയിലും സമാനമായ കേസ്
മലപ്പുറം: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോൺ, ഫ്ലിപ്പ് കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പ് അഡ്‌മിനെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെ നന്ദേദിൽ നിന്നും അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിൽ മഹാരാഷ്ട്ര നന്ദേദ് സ്വദേശിയായ ഓംകാർ സഞ്ചയ് ചതർവാഡ് (20) എന്നയാളെയാണ് മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ മാസം പന്ത്രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.
കാലത്ത് ഉറക്കമുണർന്ന പരാതിക്കാരന്റെ മൊബൈൽ ഫോണിൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസ്സേജുകൾ കണ്ട് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി പിടിയിലാകുന്നത്.ഇയാളെ കണ്ടെത്തുന്നതിന് മുമ്പ് പൊലീസ് സംഘം മഹാരാഷ്ട്രയിൽ എത്തിയ സമയം ഇയാൾ കൂട്ടാളികൾ പിടിയിലായ വിവരം അറിഞ്ഞ് സ്ഥലത്തുനിന്നും മുങ്ങിയതിനാൽ അറസ്റ്റ് ചെയ്യാനായിരുന്നില്ല.
ഈ കേസിൽ നേരിട്ട് ബന്ധമുള്ള താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി (20 വയസ്സ്), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരെ കഴിഞ്ഞ നവമ്പർ മാസം മഞ്ചേരി പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നതും ഇവരിപ്പോൾ ജയിലിൽ കഴിഞ്ഞുവരുന്നതുമാണ്. വിവിധ ഫിഷിങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികൾ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങൾ നല്കി വസ്തുക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വില്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ സമർത്ഥമായി കാര്യങ്ങൾ ചെയ്യുന്നത്. ഇതുകൂടാതെ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലത്തെ ഇ-വാലറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകൾ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിങ് നടത്തിവന്നിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇതിനായി പൊലീസ് സംഘം കഴിഞ്ഞ ഒരു മാസത്തോളമായി മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.
ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതിയാണ് തട്ടിപ്പിനാവശ്യമായ ഓൺലൈൻ അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.അർദ്ധരാത്രിക്ക് ശേഷം പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികൾ അക്കൗണ്ടിൽ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ ഇരകൾ അത് അറിയരുതെന്നതിനാലാണ് പുലർച്ചെ സമയങ്ങൾ ഇവർ തെരെഞ്ഞെടുക്കുന്നത്.
ഹാക്കിങ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിൽ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ് വേഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും, ഇ-വാലറ്റുകളിൽ നിന്നും ഇവർ പണം ഹാക്ക് ചെയ്തതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
കൊച്ചി ത്രിക്കാക്കരയിലും ഹരിയാന ഫരീദാബാദിലും പ്രതികളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകൾ ഉണ്ടെന്നറിവായിട്ടുണ്ട്.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ കെ. സൽമാൻ, എംപി. ലിജിൻ, കെ.വി. ജുനൈസ് ബാബു എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.