- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ദുരന്തങ്ങൾ വേട്ടയാടിയ ബാല്യം; സുരക്ഷാകാരണങ്ങളാൽ പലപ്പോഴും പഠനം വീട്ടിൽ; ഹാർവാർഡിൽ പഠിച്ചത് കള്ളപ്പേരിൽ; സ്‌പെയിൻകാരി വെറോണിക്കയെന്ന കാമുകിയെ ഇപ്പോൾ ആർക്കും അറിയില്ല; 52ാം വയസ്സിലും ക്രോണിക്ക് ബാച്ചിലർ; ഇടയ്ക്കിടെ വിചിത്രമായ അപ്രത്യക്ഷമാവലുകൾ; ഒടുവിൽ നേപ്പാളിലെ നിശാപാർട്ടി വിവാദം; പ്രഹേളികയായി രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതം
ജവഹർലാൽ നെഹ്റുവും എഡ്വീന മൗണ്ട് ബാറ്റണും തമ്മിൽ കടുത്ത പ്രണയമാണെന്ന ഗോസിപ്പുകൾ ശക്തമായി നിലനിൽക്കുന്ന കാലം. അന്നും ഇന്നും പ്രശസ്തരുടെ സ്വകാര്യ ജീവിതം മാധ്യമങ്ങൾക്ക് വിരുന്നാണേല്ലോ. നെഹ്റുവിന്റെ സഹോദരിയും കവിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനോട് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം, ഈ പ്രണയത്തെ കുറിച്ചായിരുന്നു. വിജയലക്ഷ്മിയുടെ മറുപടി കേട്ട് എല്ലാവരും ഞെട്ടി. 'എന്താണ്, അതു നല്ലതല്ലേ. എഡ്വീന സുന്ദരിയും ബുദ്ധിമതിയുമാണ്. അങ്ങനെ ഒരു സുഖം അവൻ ( നെഹ്റു) അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം''- സദാചാര സമൂഹത്തിന്റെ നേർക്കുള്ള മുഖമടച്ചുള്ള ഒരു അടികൂടിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റിന്റെ മറുപടി.
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്ന വലിയ ദൗത്യവുമായി എത്തിയ, അവസാനത്തെ ബ്രിട്ടീഷ് ഗവൺറർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ പത്നി എഡ്വീനയും നെഹ്റുവും തമ്മിലുണ്ടായിരുന്നത്, കേവലം അവിഹിതം എന്ന അശ്ളീലപദത്തിൽ ഒതുക്കാമായിരുന്ന ഒരു ബന്ധമായിരുന്നില്ല. കവിയും, കാൽപ്പനികനായ എഴുത്തുകാരനും, വാഗ്മിയും, എല്ലാമായിരുന്ന നെഹ്റുവും, പരന്ന വായനയും, വിശാലമായ ജീവിത വീക്ഷണവുമുള്ള എഡ്വീനയും തമ്മിൽ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത ഒരു ആത്മബന്ധമായിരുന്നെന്നാണ്, പിൽക്കാലത്ത് നെഹ്റുവിന്റെ സുഹൃത്തുകൾ വിശേഷിപ്പിച്ചത്. എന്നാൽ ഇന്നും വിമർശകർ, പ്രത്യേകിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ, ഇന്ത്യയുടെ പട്ടിണി മാറ്റിയ നെഹ്റുവിന്റെ സേവനങ്ങളെ റദ്ദാക്കാൻ ആദ്യം ഉപയോഗിക്കുന്ന പേര്, എഡ്വീനയുടേതാണ്.
എക്കാലവും കോൺഗ്രസ് നേതാക്കളുടെ സ്വകാര്യ ജീവിതം, പൊടിപ്പും തൊങ്ങലും വെച്ച് ചർച്ചയാക്കി, അവർ ഭാരത സംസ്‌ക്കാരത്തിന് അനുയോജിച്ചവർ അല്ല എന്ന് വരുത്തിത്തീർക്കാൻ ഒരു വിഭാഗം ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധി. രാഹുൽ പട്ടായയിലും ബാങ്കോക്കിലും പോയെന്നുമൊക്കെ പരിഹസിക്കാൻ കേരളത്തിലെ ഇടതുപക്ഷക്കാർ പോലും മുന്നിലാണ്. വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ വളച്ചൊടിച്ച് അവതരിപ്പിച്ച് അയാൾ ഉയർത്തിപ്പിടിക്കുന്ന ആശയത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട നേപ്പാളിലെ നിശാപാർട്ടി വിവാദം.
നേപ്പാളിലെ നിശാക്ലബ്ബിൽ ഒപ്പം ആര്?
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിൽ തന്നെയും ഏറ്റവും എളുപ്പത്തിൽ വിറ്റുപോകുന്നതാണ് സെക്സ് മസാലകൾ. ഇപ്പോൾ അതുതന്നെയാണ് രാഹുൽ ഗാന്ധിക്കുനേരെയും ഉയർന്നത്. ബിജെപി നേതാക്കളാണ് ട്വിറ്ററിലൂടെ രാഹുൽ നിശാപാർട്ടിയിൽ ഇരിക്കുന്നത് പുറത്തുവിട്ടത്. നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിന്റെ ടെക്നോ മ്യൂസിക്കിന്റെ താളത്തിൽ തലയാട്ടുന്ന ചൈനീസ് യുവതിക്കൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 'അക്ഷയതൃതീയയും ഈദ് ഉൾ ഫിത്തറും ഒരേ ദിവസം വന്ന തിങ്കളാഴ്ച രാത്രി കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജോധ് പൂരിൽ വർഗ്ഗീയകലാപം ആളിക്കത്തുമ്പോൾ രാഹുൽ ഗാന്ധി അങ്ങ് നേപ്പാളിൽ നിശാക്ലബ്ബിൽ ജീവിതം ആസ്വദിക്കുകയായിരുന്നു'' വെന്നാണ് ബിജെപിയുടെ ട്വിറ്റർ ഹാൻഡിലുകാർ തട്ടിവിടുന്നത്. ഇത് കേട്ടാൽ തോന്നുക രാഹുൽ ഗാന്ധി നാട്ടിലുണ്ടായിരുന്നെങ്കിൽ ജോധ്പൂർ കലാപം ഉണ്ടാവില്ലെന്നാണ്.
'വെക്കേഷൻ, പാർട്ടി, പ്ലെഷർ ട്രിപ്, പ്രൈവറ്റ് ഫോറിൻ വിസിറ്റ്.....ഇതൊന്നും രാജ്യത്തിന് പുതുമയല്ല'- കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റിൽ കുറിക്കുന്നു. 'രാഹുൽ ഗാന്ധി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇത് നെഹ്രുകുടുംബത്തിന്റെ പാരമ്പര്യമാണ്'- ബിജെപിയുടെ ഭോപാൽ ദുരന്ത പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ് പറയുന്നു. നോക്കുക, വളരെ കൃത്യമായി അവർ നെഹ്റുവിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു.
തന്റെ സുഹൃത്തായ സിഎൻഎൻ പത്രപ്രവർത്തകയായ സുമ്നിമ ഉദാസിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി നേപ്പാളിൽ എത്തിയത്. ജേണലിസത്തിൽ ലീ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയ സുമ്നിമ ഉദാസ് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന വിവാഹത്തെ തുടർന്നാണ് പാർട്ടി നടത്തിയത്.
കാഠ്മണ്ഡുവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്ന, വിഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടത്താണ് പാർട്ടി നടന്നത്. നേപ്പാളിലെ പ്രമുഖരുടെയെല്ലാം പാർട്ടികൾ നടക്കുന്നത് റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന, വലിയ സുരക്ഷാ ക്രമീകരണമുള്ള ഇവിടെയാണ്. കാഠ്മണ്ഡുവിലെ മറ്റെല്ലാവരും ഉറങ്ങുമ്പോൾ ആഘോഷം ആരംഭിക്കുന്ന ഇടമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്. പക്ഷേ രാഹുൽ ഗാന്ധി നേരെ അങ്ങോട്ട് പോയതല്ലെന്നും, ഇത് വിവാഹത്തിന്റെ ഭാഗമായിരുന്നുവെന്നും വധുവിന്റെ പിതാവ് പറയുന്നു. മാത്രമല്ല വെറും ഒന്നര മണിക്കൂർ ചെലവിട്ട് രാഹുൽ മടങ്ങുകയും ചെയ്തു.
നേപ്പാളിലെ നിശാക്ലബ്ബിൽ പോയ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്ന ഹു യാൻ കി ആണെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെ ചൈനയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയായി ഈ വിഷയം വളർന്നു. അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കിൽ ഇക്കാര്യം പൊളിഞ്ഞു.
Rahul Gandhi with Hou Yanqi (Chinese ambassador to Nepal). She earlier honey trapped Nepal PM KP Sharma Oli . pic.twitter.com/EuH6AXFNXX
- PM Sai Prasad???????? (@pm_saiprasad) May 3, 2022
രാഹുൽഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദർശനത്തിൽ അഞ്ചോ ആറോ ആളുകൾ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബിൽ രാഹുൽ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവർത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണ്. 'രാഹുൽഗാന്ധി ഇവിടെ ഒന്നരമണിക്കൂർ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയിൽ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു'- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു. പക്ഷേ സത്യം പുറത്തുവരുമ്പോഴേക്കും നുണ കാതങ്ങൾ താണ്ടിയിരുന്നു. ഹു യാൻ കിയും രാഹുൽ ഗാന്ധിയും ചേർന്ന് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നുവരെ പ്രചാരണം വന്നു.
എന്നാൽ സ്വതവേ അന്തർമുഖനും വ്യക്തി ജീവിതത്തെക്കുറിച്ച് അധികം ഒന്നും സംസാരിക്കുകയും ചെയ്യാത്ത രാഹുൽ ഗാന്ധി പതിവുപോലെ ഈ വിഷയത്തിലും കാര്യമായി പ്രതികരിക്കില്ല. അതി കഠിനമായ മൂഡ് സ്വിങ്ങ്സ് അനുഭവിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഭീതിയിലുടെ കടന്നുപോയ ബാല്യകൗമാരങ്ങളായിരുന്നു രാഹുൽ ഗാന്ധിയുടേത്. ഈ മനോനിലയാണ് ഇടക്കിടെ ആരോടും പറയാതെ യാത്രകൾ പോകുന്നതിനും മറ്റും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ രാഹുലിനൊപ്പം പഠിച്ച ആരതി രാമചന്ദ്രൻ എന്ന മാധ്യമ പ്രവർത്തക പറയുന്നത്, ചെറിയ കാര്യങ്ങളിൽ പോലും വിഷമിക്കുന്ന സെൻസിറ്റീവായ ഒരു വ്യക്തിത്വമാണ് രാഹുലിന്റെത് എന്നാണ്.
ദുരന്തങ്ങൾ വേട്ടയാടിയ ബാല്യം
സമ്പത്തും അധികാരവും ഉള്ള കുടുംബത്തിൽ ജനിച്ചിട്ടും സന്തോഷം നഷ്ടമായ ബാല്യമായിരുന്നു രാഹുലിന്റെത്. അടിക്കടി ദുരന്തങ്ങൾ ആ ബാലനെ വേട്ടയാടി. 1970, ജൂൺ 19ന് ഡൽഹിയിലായിരുന്നു, രാജീവ് ഗാന്ധിയുടേയും സോണിയയുടെ ആദ്യത്തെ കൺമണിയായി രാഹുലിന്റെ ജനനം. മുത്തശ്ശി ഇന്ദിര ഗാന്ധി അന്ന് കോൺഗ്രസ് പാർട്ടിയും ഇന്ത്യയും അടക്കി ഭരിക്കുന്ന ഉരുക്കുവനിതയാണ്. ചെറിയച്ഛൻ സഞ്ജയ് ഗാന്ധി മാരുതി മോട്ടോഴ്‌സ് ഉണ്ടാക്കുന്നത് രാഹുൽ ജനിച്ച് ഒരു വർഷത്തിന് ശേഷം ആണ്. രാജീവ് ഗാന്ധി അപ്പോൾ ഇന്ത്യൻ എയർലൈൻസിലെ പൈലറ്റ് ആയിരുന്നു. ആ സമയത്ത് രാജീവ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നില്ല.
രാഹുൽ ഗാന്ധി കുഞ്ഞായിരിക്കുമ്പോൾ ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ കറുത്ത കാലഘട്ടം എന്ന് അറിയപ്പെടുന്ന അടിയന്തരാവസ്ഥ. ഒരുപക്ഷേ, രാഹുലിന്റെ ഓർമയിൽ പോലും ഇല്ലാത്ത ഒരു കാലഘട്ടം ആയിരിക്കണം അത്. അപ്പോഴേക്കും കൂട്ടിന് കുഞ്ഞനുജത്തി പ്രിയങ്കയും എത്തിയിരുന്നു. പക്ഷേ, ഇന്ത്യാചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ആ കാലഘട്ടത്തെ കുറിച്ച് രാഹുൽ പിന്നീട് പഠിച്ചു. തന്റെ മുത്തശ്ശിയുടെ ഏകാധിപത്യവും ഏറ്റുവാങ്ങേണ്ടി വന്ന പരാജയവും എല്ലാം രാഹുലിനും ഒരു പാഠപുസ്തകം തന്നെയാണ്.
ഡൽഹിയിലെ സെന്റ് കൊളംബസ് സ്‌കൂളിലും ഡെറാഡൂണിലെ വിഖ്യാതമായ ഡൂൺ സ്‌കൂളിലും ആയിട്ടായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. നെഹ്‌റു കുടുംബത്തിന് മൊത്തത്തിൽ സുരക്ഷ ഭീഷണിയുള്ള കാലം ആയിരുന്നു അത്. ഇതേ തുടർന്ന് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സ്‌കൂളിൽ പോയുള്ള പഠനം അവസാനിപ്പിക്കേണ്ടതായി വന്നു. രണ്ട് പേരും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീട്ടിൽ ഇരുന്ന് പഠിച്ചായിരുന്നു.
1980ൽ, രാഹുലിന് പത്ത് വയസ്സുള്ളപ്പോൾ ചെറിയച്ഛൻ സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തിൽ കൊല്ലപ്പെടുന്നു. ദുരന്തങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. തന്റെ സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് രാഹുൽ ഗാന്ധിക്ക് മുത്തശ്ശിയെ നഷ്ടപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് അന്ന് പ്രായം 14 വയസ്സ് മാത്രമാണ് എന്നോർക്കണം. അതിന്റെ ഓർമകൾ രാഹുലിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകും. മുത്തശ്ശി അവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ഏഴ് വർഷങ്ങൾക്കപ്പുറം രാഹുലിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആയിരുന്നു. സ്വന്തം പിതാവിന്റെ മരണം ആയിരുന്നു അത്. അതും കൊലപാതകം തന്നെ. അന്ന് വെറും 21 വയസ്സുള്ള രാഹുൽ പിതാവിന്റെ ചിതക്കുമുന്നിൽ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ വാവിട്ട് കരഞ്ഞത് മറക്കാനാവില്ല. അനിയത്തി പ്രിയങ്കയാണ് അപ്പോൾ രാഹുലിനെ ആശ്വസിപ്പിച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ ദുരന്തങ്ങൾ നേരിട്ട മറ്റ് നേതാക്കൾ വേറെ ഉണ്ടാകാൻ തന്നെ ഇടയില്ല. മുത്തശ്ശിയും അച്ഛനും കൊലചെയ്യപ്പെടുക, പിന്നീട് അതേ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായി രംഗത്ത് വരിക. രാഹുലിന്റെ ജീവിതം എന്നും ട്വിസ്റ്റുകൾക്ക് ഒപ്പമായിരുന്നു.
കള്ളപ്പേരിൽ ഉപരിപഠനം
ഈച്ചക്കു പോലും പറക്കാൻ കഴിയാത്ത സുരക്ഷയിലായിരുന്നു പിന്നീടങ്ങോട്ട് രാഹുലിന്റെ ജീവിതം. ബിരുദ പഠനത്തിനായി രാഹുൽ ഗാന്ധി ചേർന്നത് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ആയിരുന്നു. പക്ഷേ, ഒന്നാം വർഷം പൂർത്തിയാക്കിയപ്പോൾ തന്നെ ഹാർവാർഡ് സർവ്വകലാശാലയിലേക്ക് മാറി.
ഇതിനിടെ ആണ് 1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തുടർന്ന് സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം രാഹുൽ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള റോളിൻസ് കോളേജിലേക്ക് പഠനം മാറ്റി. അവിടെ സഹപാഠികൾക്കാർക്കും രാഹുൽ ഗാന്ധിയെ അറിയില്ലായിരുന്നു. റൗൾ വിൻസി എന്ന വ്യാജ പേരിലായിരുന്നു പഠനം. സർവ്വകലാശാല അധികൃതർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളു. എന്തായാലും 1994 ൽ രാഹുൽ ബിരുദം പൂർത്തിയാക്കി. ഈ സമയത്താണ് അദ്ദേഹം സുഹൃത്തുക്കളുമായി ഒക്കെ കൂടുതൽ അടുക്കുന്നത്.
1995 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് രാഹുൽ ഗാന്ധി എംഫിൽ സ്വന്തമാക്കി. ഇക്കാര്യത്തിൽ എന്തായാലും ആർക്കും സംശയങ്ങളോ ആക്ഷേപങ്ങളോ ഇല്ലെന്നത് മറ്റൊരു കാര്യം. ചോദിച്ചാൽ ഹാജരാക്കാൻ സർട്ടിഫിക്കറ്റുകൾ ആവശ്യത്തിനുണ്ട് എന്ന് സാരം. പേരിന് ഒരു സർട്ടിഫിക്കറ്റ് പോലുമില്ലാത്തവർ ഈ നേതാവിനെ വിമർശിക്കുന്നതും പിന്നീട് നാം കണ്ടു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം രാഹുൽ ഗാന്ധി ലണ്ടനിലെ ഒരു മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. പിന്നീട് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്കോപ്‌സ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും ആയി.
തന്റെ പിതാവിനെപ്പോലെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ അത്രയൊന്നും താൽപ്പര്യം ഇല്ലാത്ത ആളായിരുന്നു രാഹുൽ. പക്ഷേ കോൺഗ്രസ് പാർട്ടിയുടെയും അണികളുടെയും സമ്മർദം ശക്തമായപ്പോൾ അദ്ദേഹം രംഗത്തിറങ്ങി. 1999 ൽ സോണിയ ഗാന്ധിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണത്തിനിറങ്ങിയത് മുതൽ യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നുണ്ട്.
പപ്പുമോനിൽനിന്ന് പ്രതിഭാശാലിയിലേക്ക്
സോണിയ ഗാന്ധിക്ക് ശേഷം, നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ഇളമുറക്കാർക്ക് വേണ്ടി കോൺഗ്രസ്സിൽ മുറവിളി ഉയർന്നുകൊണ്ടേയിരുന്നു. രാഹുലും പ്രിയങ്കയും സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നായിരുന്നു പലരുടേയും ആവശ്യം. പ്രിയങ്കയ്ക്ക് വേണ്ടിയായിരുന്നു മിക്കവരും കൊതിച്ചിരുന്നത്. അക്കാലത്ത് പ്രിയങ്ക അത് നിഷേധിച്ചു. പക്ഷേ, പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ രാഷ്ട്രീയത്തിൽ ഇറങ്ങുക തന്നെ ചെയ്തു.
2004ൽ അച്ഛന്റെയും അമ്മയുടെയും മണ്ഡലമായ യു.പിയിലെ അമേഠിയിൽ മത്സരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ രാഷ്ര്ട്രീയ പ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ രാഹുൽ ഗാന്ധി നേടിയത് 2.9 ലക്ഷത്തിന്റെ ഭൂരിപക്ഷം ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അമേഠിയിൽ 66.18 ശതമാനം വോട്ടുകളും രാഹുൽ ഗാന്ധി തന്നെ ആയിരുന്നു സ്വന്തമാക്കിയത്. പക്ഷേ കഴിഞ്ഞ തവണ അദ്ദേഹം അമേഠിയിൽ തോറ്റു. വയനാട്ടിൽനിന്നുള്ള വൻ ജയമാണ് കോൺഗ്രസിനെ ആ ദയനീയ അവസ്ഥയിൽ നിന്ന് രക്ഷിച്ചത്. ആദ്യ തെരഞ്ഞെടുപ്പ് സമയത്ത്, കുപ്പിപ്പാലിന്റെ മണം മാറാത്ത ചോക്കലേറ്റ് ബേബിയെന്ന് കോൺഗ്രസിലെ തന്നെ മുതിർന്ന പലരും അടക്കം പറഞ്ഞു. അമ്മയുടെ സാരിത്തുമ്പിനു പിന്നാലെ, അനുസരണശീലമുള്ള മകനപ്പോലെ രാഹുൽ നിശ്ശബ്ദം നടന്നു. നമ്മുടെ വി എസ് അച്യുതാന്ദൻ പോലും രാഹുലിനെ ഒരു സമയത്ത് വിളിച്ചത് അമൂൽ ബേബിയെന്നായിരുന്നു. ബിജെപിക്കാർ പപ്പുമോൻ എന്നും.
ഒന്നൊന്നായി അമ്മ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. പതിയെപ്പതിയെ ചുമതലകൾ ഓരോന്നായി ഏല്പിച്ചു. ആദ്യം പാർട്ടി ജനറൽ സെക്രട്ടറി. അത് 2014ൽ. 2013ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷ പദവിയിൽ. രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചെങ്കിലും, ശുദ്ധമനസ്സു കൊണ്ട് പറഞ്ഞ പലതും രാഹുലിനു വിനയായി. പറഞ്ഞ പലതിനും മാധ്യമങ്ങൾ പുതിയ അർത്ഥങ്ങൾ നൽകി. രാഹുൽ ഓരോന്നും അനുഭവിച്ചു പഠിക്കുകയായിരുന്നു. പപ്പുമോൻ തമാശകൾ കൊണ്ട് നിറഞ്ഞതായിരുന്നു അക്കാലത്തെ സൈബർ ലോകം.
രാഹുൽ ഗാന്ധി വരുന്നതുവരെ, ഗ്രൂപ്പുകളികൾ കൊണ്ടും സ്ഥാപിത താത്പര്യങ്ങൾ കൊണ്ടും ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ആയിരുന്നു കോൺഗ്രസിന്റെ യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. 2007 ൽ രാഹുൽ ഗാന്ധിയെ യൂത്ത് കോൺഗ്രസിന്റേയും എൻഎസ് യുവിന്റേയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. അതുവരെ രാഹുൽ ഗാന്ധിക്ക് കോൺഗ്രസിൽ ഔദ്യോഗിക പദവികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും യൂത്ത് കോൺഗ്രസിന്റേയും എൻഎസ് യുവിന്റേയും ഉയിർത്തെഴുന്നേൽപ്പിൽ രാഹുൽ നിർണായക പങ്കാണ് വഹിച്ചത്. ടാലന്റ് ഹണ്ട് നടത്തി നേതാക്കളെ തിരഞ്ഞെടുത്ത് ഒരു രാഹുൽ ബ്രിഗേഡിനെ തന്നെ പാർട്ടിയിൽ രാഹുൽ ഗാന്ധി സൃഷ്ടിച്ചെടുത്തു. ഇതിനെതിരെ പാർട്ടിക്കുള്ളിലെ തന്നെ ചില താപ്പാനകൾ രംഗത്ത് വന്നെങ്കിലും രാഹുൽ പ്രഭാവത്തിൽ അതെല്ലാം ഒലിച്ചുപോയി. പിന്നീടങ്ങോട്ട് കോൺഗ്രസിൽ രാഹുൽ കാലമായിരുന്നു. പതുക്കെ പാർട്ടിയിലും ഭരണത്തിലും രാഹുൽ പിടിമുറുക്കി.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ രക്ഷപ്പെടുത്താൻ പാകത്തിൽ യു.പി.എ സർക്കാറിന്റെ കാലത്തുകൊണ്ടുവന്ന ഓർഡിനൻസ് കീറിയെറിഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മന്ത്രിസഭയിൽ ചേരാനും കോൺഗ്രസ് നേതൃഭാരം ഏറ്റെടുക്കാനുമൊക്കെ മടിച്ചുനിന്നപ്പോൾ തന്നെ, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഭൂമി ഏറ്റെടുക്കൽ നിയമം മനുഷ്യത്വപരമാക്കുന്നതിലും പിന്നാമ്പുറത്ത് നിന്ന് രാഹുൽ പങ്കുവഹിച്ചു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ കാലത്തിനു മുമ്പേ, തലമുറമാറ്റത്തിന്റെ അനിവാര്യത പാർട്ടിയിൽ ചർച്ചയായിരുന്നു. രാഹുൽ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്കു വരണം. അഭ്യൂഹങ്ങൾ ഒരുപാടുണ്ടായി. കാത്തിരിപ്പുകൾക്കൊടുവിൽ രാഹുൽ പാർട്ടിയുടെ അമരത്തെത്തിയത് 2017 ഡിസംബറിൽ.
പൊതുവെ നിശ്ശബ്ദനും, ക്ഷിപ്രപ്രതികരണശാലിയുമല്ലാത്ത രാഹുൽ അതോടെ മാറുകയായിരുന്നു. ഒടുവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ, രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നു പാർലമെന്റിൽ വിളിച്ചു പറഞ്ഞപ്പോൾ രാഹുൽ സ്വന്തം നായകത്വം പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസിനെ സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സോണിയ വഴിനടത്തിയെങ്കിൽ, പൊതുതാൽപര്യത്തിന് വിട്ടുവീഴ്ച കാട്ടി സഖ്യകക്ഷി രാഷ്ട്രീയം രാഹുൽ കരുപ്പിടിപ്പിച്ചതിന് തെളിവാണ് ബിഹാറിലുണ്ടാക്കിയ മഹാസഖ്യം. ഒരുവേള മോദിയെപ്പോലും പിന്നിലാക്കുന്ന ജനപ്രീതി രാഹുലിന് ഉണ്ടായിരുന്നു. പക്ഷേ അത് വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
രാഹുലിന്റെ എറ്റവും വലിയ പ്രശ്നം എതിരാളികളുടെ അപവാദ പ്രചാരങ്ങളെ ഫലപ്രഥമായി ചെറുക്കാൻ കഴിയുന്നില്ല എന്നതാണ്. വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തിയപ്പോൾ 'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്' എന്ന് പറഞ്ഞ് മുഖപ്രസംഗം എഴുതിയാണ് ദേശാഭിമാനി അധിക്ഷേപിച്ചത്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ അമേഠി സിനിമാ തീയറ്ററുകളും ആശുപത്രികളും ഒന്നും ഇല്ലാത്ത മണ്ഡലമാണെന്നും സൈബർ സഖാക്കൾ പ്രചരിപ്പിച്ചു. പക്ഷേ റെയിൽവേയുടെ കുപ്പിവെള്ള ഫാക്ടറിയും എച്ച്.എ.എൽ ഫാക്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയും അടക്കം രാഹുൽ അമേഠിയിൽ കൊണ്ടുവന്നത് നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. യുപിയുടെ പൊതു പിന്നോക്കാവസ്ഥ അമേഠിയിൽ ഉണ്ടെന്ന് മാത്രം. പക്ഷേ ഇപ്പോഴും എല്ലാവരും വിശ്വസിക്കുന്നത് അമേഠിയെന്നാൽ ഒരു പ്രാകൃത ഗ്രാമം ആണെന്നാണ്. ഇത് പ്രതിരോധിക്കാൻ രാഹുലിന് കഴിയുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയോടെ കോൺഗ്രസ് അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ രാഹുൽ പാർട്ടിയെയും ഒരു പ്രതിസന്ധിയിലാക്കി. സമചിത്തതയോടെ ഒരു പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
രാഹുൽഗാന്ധിയുടെ കാമുകി എവിടെ?
എന്നും സെക്യൂരിറ്റിയുടെ റഡാറിലൂടെ കടന്നുപോയതുകൊണ്ട് പഠനകാലത്ത് പ്രേമത്തിലൊന്നും അദ്ദേഹം ചെന്നു പെട്ടില്ല. മാത്രമല്ല വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയാണുതാനും. രാഹുൽ ഗാന്ധിയുടെ സ്വകാര്യ ജീവിതം മിക്കപ്പോഴും രഹസ്യങ്ങൾ നിറഞ്ഞതായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. അത് ഏതാണ്ട് ഇപ്പോഴും അതുപോലെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്. 1999 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടയിലെ ഒരു ചിത്രം ഏറെ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധിയും ഒരു പെൺകുട്ടിയും ഒരുമിച്ചുള്ളതായിരുന്നു ആ ചിത്രം. പിന്നീട് 1999 ൽ ഇതേ പെൺകുട്ടിയ്‌ക്കൊപ്പം രാഹുൽ ആൻഡമാനിൽ അവധിക്കാലം ചെലവഴിച്ചതായും വാർത്തകൾ പുറത്ത് വന്നു.
2003 ൽ രാഹുലും പ്രിയങ്കയും എല്ലാം അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. രാഹുലിന്റെ ഗേൾ ഫ്രണ്ട് ആണ് അത് എന്നായിരുന്നു എല്ലായിടത്തേയും വാർത്തകൾ. കൊളംബിയക്കാരിയായ യുവാനിറ്റ എന്നായിരുന്നു ആ യുവതിയുടെ പേര് ആഘോഷിക്കപ്പെട്ടത്. രാഹുൽ ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയം ആണെന്നും വാർത്തകൾ പ്രചരിച്ചു.
എന്നാൽ സത്യത്തിൽ ആ യുവതിയുടെ പേര് വെറോണിക്ക എന്നായിരുന്നു. യുവാനിറ്റ എന്നത് മാധ്യമങ്ങൾ പരത്തിയ തെറ്റിദ്ധാരണ ആയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയത് രാഹുൽ ഗാന്ധി തന്നെ ആയിരുന്നു. 2004 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവർത്തകയോടാണ് രാഹുൽ ഇക്കാര്യ വ്യക്തമാക്കിയത്. വെറോണിക്ക തന്റെ ഗേൾ ഫ്രണ്ട് ആണെന്നും അവൾ വെനസ്വേലക്കാരിയോ കൊളംബിയക്കാരിയോ അല്ല, സ്‌പെയിൻകാരി ആണെന്നും രാഹുൽ വ്യക്തമാക്കി. വെറോണിക്ക ഒരു ആർക്കിട്ടെക്ട് ആണെന്നും അന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഉടൻ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു അന്ന് രാഹുൽ പറഞ്ഞത്.
ഇപ്പോൾ കാലം 2004 അല്ല, 15 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. പിന്നീട് ഒരിക്കൽ പോലും വെറോണിക്കയെ കുറിച്ച് രാഹുൽ പരാമർശിച്ചിട്ടില്ല. അതിന് ശേഷം വെറോണിക്കയുടെ ഒരു ചിത്രം പോലും ലോകം കണ്ടിട്ടും ഇല്ല. ഇതിനടെ പലരും പറയുന്നത് ആ ബന്ധം ബ്രേക്കപ്പ് ആയി എന്നും ആ നൈരാശ്യത്തിലാണ് അദ്ദേഹം വിവാഹം കഴിക്കാതിരിക്കുന്നത് എന്നുമാണ്.
അതിനിടെ ഒരു ബലാത്സംഗ ആരോപണത്തിലൂടെയും രാഹുൽ കടന്നുപോയി. രാഷ്ട്രീയത്തിൽ എത്തി അധികം കഴിയും മുമ്പാണ് വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. അമേഠി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകന്റെ മകളെ രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം.
ബിജെപിയുടെ നേതൃത്വത്തിൽ ഈ ആരോപണം കുറേ നാൾ മാധ്യമങ്ങളിൽ കത്തി നിന്നിരുന്നു. പക്ഷേ, ഒടുക്കം സുപ്രീം കോടതി തന്നെ ഈ കേസ് തള്ളിക്കളയുകയായിരുന്നു. അടുത്തിടെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഈ കേസ് വീണ്ടും ചർച്ചയാക്കാനുള്ള നീക്കം നടത്തിയിരുന്നു. പക്ഷേ, ബിജെപി പോലും ഇപ്പോൾ അതിൽ വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
നിന്ന നിൽപ്പിൽ അപ്രത്യക്ഷമാവുന്നു
പഠനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി, ഡൽഹിയിൽ ജീവിതം തുടരുമ്പോഴും ആദ്യമൊക്കെ രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ അകന്നുനിന്നു. അപ്പോഴും ഉണ്ടായിരുന്നു ചില വിദേശയാത്രകൾ. പലപ്പോഴും ആരോടും പറയുക പോലുമില്ല. നിന്ന നിൽപ്പിൽ ഒരു പോക്ക്. പലപ്പോഴും ഈ യാത്രകൾ വലിയ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കി. ആ രഹസ്യ സഞ്ചാരങ്ങളെക്കുറിച്ച് പല കഥകളും പത്രങ്ങളെഴുതി. രാഹുൽ ഒന്നിനും മറുപടി പറഞ്ഞില്ല.
2014 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഏതാണ്ട് രണ്ട് മാസത്തോളം രാഹുൽ ഗാന്ധി അപ്രത്യക്ഷനായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും എല്ലാം വഴിവച്ചിരുന്നു. ബാങ്കോക്ക്, കമ്പോഡിയ, മ്യാന്മർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ആയിരുന്നു ഈ സമയം രാഹുൽ യാത്ര ചെയ്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ആരൊക്കെയാണ് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നത് എന്നതും വ്യക്തമല്ല.
അതിന് ശേഷം, 2019 ജനുവരിയിലും രാഹുൽ ഗാന്ധിയുടെ അപ്രത്യക്ഷമാകൽ ദേശീയ പ്രാധാന്യം നേടി. റാഫേൽ ഇടപാടിൽ ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിക്കുന്നതിനിടെ ആയിരുന്നു ഈ അപ്രത്യക്ഷമാകൽ. അവധിക്കാലം ആഘോഷിക്കാൻ രാഹുൽ ഗാന്ധി ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നു എന്ന ആരോപണം ഇടക്കിടെ ഉയരുന്നതാണ്. അതിന് ഏറ്റവും ഒടുവിലാണ് നേപ്പാളിലെ നിശാപാർട്ടി വിവാദം വന്നിരിക്കുന്ന്.
പക്ഷേ അതേസമയം ഇതിന്റെ പത്തിരിട്ടി കുപ്രചാരണങ്ങളും രാഹുൽ ഗാന്ധിക്കുനേരെയുണ്ടായി. ഹോളിവുഡ് നടി ഡകോട്ട ജോൺസണും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയെന്ന പേരിയാണ് ഒരു ചിത്രം ട്വിറ്ററിൽ നേരത്തെ പ്രചരിച്ചിരുന്നു. പക്ഷേ യാഥാർഥത്തിൽ ഇത് രാഹുൽ ആയിരുന്നില്ല. ഐറിഷ് നടൻ ജാമി ഡോർനൻ ആയിരുന്നു. ഒരു സിനിമക്കുവേണ്ടി പ്രത്യേക മേക്കപ്പിൽ അഭിനയിച്ച ജാമി ഡോർനനും രാഹുൽ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യമാണ് പ്രചാരണത്തിന് കാരണമായത്. പക്ഷേ അപ്പോഴേക്കും ട്വിറ്ററിലെ സൈബർ സംഘികൾ അത് ആഘോഷിച്ചു. രാഹുൽ ഗാന്ധിക്ക് ഒടുവിൽ ഒരു കാമുകിയുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലർ കമന്റ് ചെയ്യുന്നത്.
ഈ രീതിയിലാണ് കുപ്രചാരണം കൊഴുത്തത്. രാഹുൽ ഹിമാലയത്തിൽ പോയതുപോലും ബാങ്കോക്കിൽ പോയതാക്കി മാറ്റാൻ എതിരാളികൾക്കായി. പ്രശസ്ത എഴുത്തുകാൻ രാമചന്ദ്രഗുഹ ഇങ്ങനെ എഴുതി. 'രാഹുലും മോദിയും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം രാഹുലിന് കൂടുതൽ മനുഷ്യത്വമുണ്ട് എന്നതാണ്. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഒരു രാഷ്ട്രീയക്കാരനല്ല അദ്ദേഹം. ചെറിയ പ്രശ്നങ്ങളിൽ തളർന്നുപോവുകയും, തന്റെ തെറ്റുകൾ സമ്മതിക്കുകയും ചെയ്യുന്നയാൾ. ആധുനിക രാഷ്ട്രീയത്തിൽ ആത്മാർഥത ഒരു അധികപ്പറ്റാണ്'.'
വാൽക്കഷ്ണം: രാഹുൽഗാന്ധിയുടെ സഹപാഠിയായ മാധ്യമ പ്രവർത്തക ആരതി രാമചന്ദ്രൻ ഇങ്ങനെ എഴുതുന്നു. 'കനത്ത സുരക്ഷമൂലം സ്വാതന്ത്ര്യം അപഹരിക്കപ്പെട്ട അരക്ഷിതമായ ഒരു ബാല്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടായിരിക്കണം ഇന്ന് പൊടുന്നനെ നിന്നനിൽപ്പിൽ രാഹുൽ യാത്രകൾ നടത്തുന്നത്''. ഏവരെയും അമ്പരിപ്പിച്ച് കടലിൽ ചാടുന്നതും, യാതൊരു സുരക്ഷയും നോക്കാതെ യാത്രകൾ പോകുന്നതുമൊക്കെ ഒരുപേക്ഷ തനിക്ക് നഷ്ടമായ കൗമാര സാഹസങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആ മനസ്സിന്റെ ശ്രമങ്ങളായിരിക്കാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ