തിരുവനന്തപുരം: കിളിമാനൂർ സ്വദേശിയായ സുനിൽകുമാറി (43)ന്റെ കുവൈത്തിലെ ആത്മഹത്യയുടെ കാരണം ദുരൂഹമായി തുടരുന്നു. കുവൈത്തിലെ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറായിരിക്കെയാണ് സുനിൽകുമാർ കഴിഞ്ഞ 22 നു ആത്മഹത്യ ചെയ്യുന്നത്. 26 നു മൃതദേഹം കിളിമാനൂർ എത്തിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു. ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തവർ മാനസികമായി തകർക്കുന്നത് പതിവാക്കിയതോടെയാണ് കുവൈത്തിലെ സ്വന്തം താമസസ്ഥലത്ത് സുനിൽകുമാർ ജീവനൊടുക്കിയത്. ചാണക്യൻ ചാണക്യൻ എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണ് സുനിലിന്റെ ദുരൂഹ മരണത്തിനു കാരണമായതെന്ന് സൂചനകളുണ്ട്.

ആത്മഹത്യാ കുറിപ്പിലും ചാണക്യൻ എന്ന ആജ്ഞാതർക്ക് നേരെയാണ് സുനിൽ വിരൽ ചൂണ്ടിയതും എന്നാണ് നാട്ടിലെത്തിയ സുനിലിന്റെ സുഹൃത്തുക്കൾ ബന്ധുക്കൾക്ക് നൽകിയ വിവരം. ഇവർ മലയാളികൾ ആണെന്നാണ് സുനിലിന്റെ സുഹൃത്തുക്കൾ നൽകുന്ന സൂചനകൾ. ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തവരുടെ ഭീഷണിയിൽ മനസ് തകർന്ന നിലയിലായിരുന്നു സുനിലിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ജീവിതം. പത്തു ദിവസത്തോളം ഓഫീസിൽ പോകാതെ സുനിൽ താമസസ്ഥലത്ത് തന്നെ കുത്തിയിരിക്കുകയായിരുന്നു. സുനിലിന് ഒപ്പം താമസിച്ചവർ പലരും നാട്ടിലുമായിരുന്നു.

തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സുനിൽ സുഹൃത്തുക്കളെ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും അത് പലപ്പോഴും നടന്നിരുന്നില്ല. ഇത് സുനിലിന്റെ സമ്മർദ്ദം കൂട്ടിയതായും ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. മരണത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം ലക്ഷ്യമിട്ട് നീങ്ങുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം സുനിലിന്റെ പൊടുന്നനെയുള്ള ആത്മഹത്യ സുനിലിന്റെ നാടായ കിളിമാനൂരിനെയും നടുക്കിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അവിചാരിതമായി വന്ന ഈ മരണ വാർത്തയ്ക്ക് പിന്നിൽ മനസ് തകർന്നിരിക്കുകയാണ്.

മൂന്നു കുടുംബങ്ങളാണ് നാട്ടിൽ സുനിലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു നീക്കിയിരുന്നത്. ഇവരുടെ ജീവിതം ഇരുട്ടിലാക്കുകയാണ് സുനിലിന്റെ പൊടുന്നനെയുള്ള മരണം. മരണത്തിന്റെ പിന്നിലുള്ള കാരണങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങാനിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചാണക്യൻ ചാണക്യൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നവർ തന്റെ ജീവിതം തകർക്കുന്നെന്ന് സുനിൽകുമാർ കുവൈത്തിലെ അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നു. സുനിലിന്റെ മരണത്തിനു കാരണക്കാർ ഇവർ തന്നെയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തവർ സുനിൽകുമാറിനെ ഭീഷണിപ്പെടുത്തുകയും സുഹൃത്തുക്കൾക്ക് സുനിലിന്റെ പേരിൽ വ്യാജ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഈ കാര്യം സുനിൽ നാട്ടിലുള്ളവരെ വിളിച്ചും പരാതിപ്പെട്ടിരുന്നു. ഭാര്യയോടും മകനോടുമൊക്കെ തന്റെ ഫെയ്സ് ബുക്ക് അകൗണ്ടിൽ നിന്നും വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നു പറഞ്ഞിരുന്നു. സുനിലിന്റെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തവർ സുനിലിന്റെ സുഹൃത്തുക്കളിൽ നിന്ന് ധനസമാഹരണം നടത്തിയതായും സൂചനയുണ്ട്. കുവൈത്തിലെ മലയാളി സംഘടനകൾക്കിടയിൽ സുപരിചിതനാണ് സുനിൽ. കുവൈത്തിലെ മലയാളികൾ നടത്തുന്ന കലാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. നല്ല സഹൃദയൻ ആയിരുന്നു സുനിൽ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പക്ഷെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ സുനിൽ സുപരിചിതൻ ആയിരുന്നില്ലാ എന്നാണ് സുഹൃത്തുക്കളിൽ നിന്നും മറുനാടന് ലഭിക്കുന്ന വിവരം.

ഈ രീതിയിൽ എങ്ങിനെയോ ആണ് സുനിലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. സുനിലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവർ ഫെയ്സ് ബുക്കിൽ കടന്നു കയറി ഫോട്ടോ കോപ്പി ചെയ്ത് സുനിലിന്റെ പേരിൽ തന്നെ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ട് വഴി സുനിലിന്റെ സുഹൃത്തുക്കൾക്ക് സന്ദേശവും പോയിരുന്നു. മെസ്സഞ്ചർ വഴി തെറിവിളിയും സുനിലിന്റെ നേരെ നടന്നു. ഭീഷണിപ്പെടുത്തി ഇവർ സുനിലിന്റെ കയ്യിൽ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ആറുമാസമായി ഈ രീതിയിലുള്ള ബ്‌ളാക്ക് മെയിലിങ് തുടർന്നിരുന്നതായാണ് മറുനാടന് ലഭിക്കുന്ന വിവരം. ഹാക്ക് ചെയ്തവർ മലയാളികൾ തന്നെയാണെന്നാണ് സൂചനകൾ.

സുനിലിന്റെ മരണം സുനിലിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെ മരണം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാര്യ സുഷമയും പത്താം ക്ലാസിൽ പഠിക്കുന്ന മകൻ സഞ്ജയും മനസ് തകർന്നിരിക്കുന്നു. സഹോദരനും കുടുംബവും ആശ്രയിക്കുന്നതും സുനിൽ കുമാറിനെ തന്നെയാണ്. സഹോദരിയുടെയും കുടുംബത്തിന്റെ ആശ്രയവും സുനിൽ കുമാർ തന്നെയായിരുന്നു. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സജീവ ബന്ധമാണ് സുനിൽ പുലർത്തിയിരുന്നത്. അതുകൊണ്ട് തന്നെ സുനിലിന്റെ കുടുംബത്തിന്റെ ദാരുണ ദുരന്തം നാടിനെ നടുക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രിക്കും കേന്ദ്ര പ്രവാസി മന്ത്രാലയത്തിനും ഡിജിപിക്കുമൊക്കെ പരാതി നൽകാനിരിക്കുകയാണ് ബന്ധുക്കൾ.