കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് ഇന്ന് വൈകുന്നേരം 7.15ഓടെ വിടപരഞ്ഞ നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പോസ്റ്റ്്‌മോർട്ടം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. നേരത്തെ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് മണി മരിച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്ത. എന്നാൽ വിഷബാധയെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് തീർത്തും ഗുരുതരവാസ്ഥയിലായ നിലയിൽ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മരണം സംഭവിച്ചത് വിഷാംശത്തെ തുടർന്നുള്ള കാർഡിയാക്ക് അറസ്റ്റിനെ തുടർന്നാണെന്ന സൂചന എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിച്ചിപ്പ ശേഷം ഓരോ നിമിഷവും അദ്ദേഹത്തിന്റെ നില വഷളായി വന്നിരുന്നു. തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. മണി കഴിച്ചിരുന്ന മദ്യത്തിൽ വിഷം കലർന്നുവെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ ഒരുങ്ങുകയാണ്. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

പോസ്റ്റ്‌മോർട്ടം നടത്തിക്കഴിഞ്ഞ് അതിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. നാളെ രാവിലെയാകും പോസ്റ്റ്‌മോർട്ടം നടത്തുക. പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അവിടെയാകും പോസ്റ്റ്‌മോർട്ടം നടപടി. മെഡിക്കൽ ടീമിന്റെ വിശദമായ വിശദീകരണം വന്നാൽ മാത്രമേ മരണത്തെ കുറിച്ചുള്ള ദുരൂഹതകൾ നീങ്ങുകയുള്ളൂ. മീഥൈൽ ആൽക്കഹോൾ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇതേക്കുറിച്ച് അറിഞ്ഞ ചാലക്കുടി പൊലീസ് വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ എത്തിയിരുന്നു. എന്നാൽ, അപ്പോഴേക്കും വെന്റിലേറ്ററിലേക്ക് മാറ്റിയതിനാൽ അതിന് സാധിച്ചില്ല. ആശുപത്രി അധികൃതരും വീട്ടുകാരം ആദ്യം ഈ വിവരം ആദ്യം പൊലീസിൽ അറിയിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയാണ് അദ്ദേഹത്തിന് വിഷബാധയേറ്റതെന്ന സൂചനകളുമുണ്ട്. നാട്ടിൻപുറത്തും മറ്റുമായി വിശാലമായ സൗഹൃദം മണിക്കുണ്ടായിരുന്നു. നാട്ടിൻപുറത്തുകാരനായ അദ്ദേഹത്തോടെ വളരെ അടുത്തു പെരുമാറുന്ന നിരവധി സുഹൃത്തുക്കളുമുണ്ട്. ഇവരുടെ സ്‌നേഹപൂർവ്വമുള്ള നിർബന്ധത്തെ തുടർന്ന് മദ്യപിച്ചപ്പോൾ കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു എന്നും അറിയുന്നുണ്ട്.

മണി വിഷബാധയേറ്റ് ആശുപത്രിയിൽ ആണെന്നറിഞ്ഞ മാദ്ധ്യമപ്രവർത്തകരെ കടത്തിവിടാൻ മണിയുടെ സുഹൃത്തുക്കൾ ആദ്യം തയ്യാറാകാത്തതും അദ്ദേഹത്തിന് സംഭവിച്ച അപകടം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു. മൃതദേഹം എംയിസിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നടൻ ഇന്നസെന്റ് എം പി, ദിലീപ് അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം തൃശ്ശൂരിലെത്തിക്കും. മണിയെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ നിരവധി പേരും ഇവിടെ ചുറ്റും കൂടിയിട്ടുണ്ട്. സുഹൃത്തുക്കളുടെ പ്രിയങ്കരനായിരുന്ന മണി പലപ്പോഴും സൗഹൃദ ബന്ധങ്ങളുടെ പേരിൽ വിവാദത്തിൽ ചാടിയിട്ടുണ്ട്. ചാലക്കുടിയിൽ വനപാലകരെ മർദ്ദിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത സംഭവവും സുഹൃത്തുക്കളോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയുടെ തെളിവായിരുന്നു.

താരത്തിന് അസുഖമാണെന്ന നിലയിൽ നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഏറ്റെടുത്ത സിനിമകൾ പോലും അസുഖം മൂലം താരത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഗുരുതരാവസ്ഥയിലാണെന്ന് പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മറുനാടൻ മലയാളിയോടും സംസാരിച്ചിരുന്നു.