കണ്ണൂർ: ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂർ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ (യാദവതെരു) എം.എൻ ഹൗസിൽ ദാസൻ - രുക്മിണി ദമ്പതികളുടെ മകൻ എം.എൻ വിപിൻദാസാ (37) ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കിനാൽ വെടിയേറ്റ നിലയിൽ സൈനികക്യാംപിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച്ച രാത്രി പത്തുമണിയോടെ ഇയാൾ തന്റെ പക്കലുള്ള തോക്കുകൊണ്ടു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നാണ് സി.ആർ.പിയിലെ സഹപ്രവർത്തകർ പറയുന്നത്.

അവധി നൽകാതെ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്. വിപിൻദാസ് സ്വന്തമായി വാങ്ങിയ മുണ്ടയാട്ടെ സ്ഥലത്ത് നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീട്ടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിൻ ജീവനൊടുക്കിയതെന്ന് വിപിൻ ദാസിന്റെ സഹപ്രവർത്തകർ പറയുന്നത്. അവധി ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമം വിപിൻ ഇവരുമായി പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വിവര നാട്ടിലെത്തുന്നത്.

2005 ലാണ് വിപിൻ സി. ആർ.പി.എഫിൽ ചേർന്നത്. വിപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മേലെചൊവ്വ സ്വദേശിനി കീർത്തനയാണ് ഭാര്യ. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അൻവികയാണ് മകൾ. മൃതദേഹം ഞായറാഴ്‌ച്ച രാത്രിയോടെ കണ്ണൂരിലെത്തിച്ചു തിങ്കളാഴ്‌ച്ച രാവിലെ കക്കാട്ടെ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. വിപിൻദാസിന്റെ ആകസ്മിക വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് കണ്ണൂർ നഗരത്തിലെ തെക്കിബസാറിലെ യാദവ തെരുനിവാസികൾ. ഒന്നരമാസംമുൻപാണ് വിപിൻദാസ് നാട്ടിൽ വന്നു മടങ്ങിയത്.

കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന വിപിൻദാസ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് ബറ്റാലിയനൊപ്പം പോയത്. നേരത്തെ ഏറെക്കാലം കാശ്മീരിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യയെയും മകളെയും മാതാപിതാക്കളെയും യാദവതെരുവിലെ അടുത്ത സൃഹുത്തുക്കളെയും ഇയാൾ ജോലി സ്ഥലത്തു നിന്നും നിരന്തരം വിളിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വ്യാഴാഴ്‌ച്ച രാത്രി കൂടി ഭാര്യയെ വിളിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

വീടിന്റെ കുറ്റിയിടലിനു വരാൻ കഴിയാത്തതിൽ നേരിയ പ്രയാസമുണ്ടായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യാനുള്ള കാരണമായി അതിനെ കാണാനാവില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്. ഏതുപ്രതിസന്ധിയിലും വീടു പൂർത്തീകരിക്കണമെന്ന ദൃഡനിശ്ചയമായിരുന്നു വിപിൻദാസിനുണ്ടായിരുന്നത്. ഇതുമാത്രമല്ല പന്ത്രണ്ടുവർഷത്തോളം ജോലി ചെയ്ത വിപിൻദാസ് മിനിമം സർവീസ് പൂർത്തീകരിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന വർഷങ്ങൾ മാത്രമുള്ളപ്പോൾ മേലധികാരികളുടെ പീഡനം ഇതുവരെയില്ലായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിപിൻദാസിന്റെ കൈയിൽ ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നത് പിസ്റ്റളല്ലെന്നും കുറെക്കൂടി നീളമുള്ള മെഷിൻഗൺ പോലുള്ള തോക്കുകളാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മരിച്ചുകിടക്കുന്ന ചിത്രം ബന്ധുക്കൾക്ക് കിട്ടിയിരുന്നുവെങ്കിലും ഇതിൽ തോക്കുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

ഇതൊക്കെയാണ് സൈനികന്റെ മരണത്തിൽ പ്രദേശവാസികൾ ദുരൂഹതയാരോപിക്കാൻ കാരണം.കണ്ണൂർ നഗരത്തിലെ താലൂക്ക് ഓഫിസിനു മുൻപിൽ പെട്ടിക്കട നടത്തിവരികയാണ് വിപിൻദാസിന്റെ പിതാവ് ദാസൻ. സഹോദരങ്ങൾ: വിവേക്( മാനേജർ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യകണ്ണൂർ) വിദ്യ(അസിസ്റ്റന്റ് കണ്ണൂർ സർവകലാശാല)