ദുബായ്: വെള്ളിത്തിരയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നക്ഷത്രം പൊലിഞ്ഞതിന്റെ ദുഃഖത്തിലായിരുന്ന ആരാധകരെ കൂടുതൽ വിഷമിപ്പിക്കുന്നതാണ് ഒടുവിൽ വരുന്ന വാർത്തകൾ.ദുബായ് എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ മുറിയിൽ സംഭവിച്ച ആ ദുരന്തത്തിന്റെ സത്യം ഇപ്പോഴും ഇരുൾ മൂടി കിടക്കുന്നു.ഹൃദയാഘാതമല്ല മുങ്ങിമരണമാണ് ശ്രീദേവിയുടേതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടർ നടപടികൾക്കായാണ് കേസ് പബ്ലിക് പ്രോസിക്യൂഷനെ ഏല്പിച്ചത്.ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നുന്നു. മദ്യത്തിന്റെ ലഹരിയിൽ കുളിമുറിയിലെ ബാത്ത് ടബ്ബിൾ വീണതാകാം എന്നാണ് സംശയിക്കുന്നത്.മരണകാരണം വ്യക്തമാക്കി ദുബായ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ട്വീറ്റും ചെയ്തിട്ടുണ്ട്.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ അന്വേഷണത്തിന്റെ നിഴലില്ല എന്ന് റിപ്പോർട്ടുകൾ വരുമ്പോഴും ചില കാര്യങ്ങളിൽ സംശയം അവശേഷിക്കുന്നു.ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്നലെ രാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്ന് ഉച്ചതിരിഞ്ഞും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീദേവിയുടെ മകളേയും ചോദ്യം ചെയ്യുന്നുണ്ട്. ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പൊലീസ് ചോദ്യം ചെയ്തു. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂർ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പൊലീസിന്റെ സംശയത്തിന്റെ കാരണം.

സർപ്രൈസ് ഡിന്നർ നൽകി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂർ പൊലീസിന് നൽകിയ മറുപടി.ദുബായിൽ സ്ഥിരതാമസമാക്കിയ ശ്രീദേവിയുടെ സഹോദരി ശ്രീലതയേയും പൊലീസ് ചോദ്യം ചെയ്തു. ശ്രീദേവിയും ബോണി കപൂറും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി ശ്രീലത പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം.

നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനായി മുംബൈയിൽ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തിൽ എത്തിയിരുന്നു.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബോണി കപൂറും അവർക്കൊപ്പമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ദുബായിൽ എത്തിയത്. ബാത്ത്‌റൂമിൽ പോയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് വാതിൽ തള്ളി തുറന്നു നോക്കുന്‌പോഴാണ് ബാത്ത് ടബിൽ വീണുകിടക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും ദുബായ് പൊലീസിനെയും അറിയിക്കുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.എന്നാൽ ശ്രീദേവിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. തുടർന്നാണ് എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാൽ മതിയെന്ന് തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. തുടർന്നാണ് ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്ന് വെളിപ്പെട്ടത്.