മലപ്പുറം: ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് സോഷ്യൽ മീഡിയയിൽ പാവങ്ങളുടെ ഡോക്ടർ എന്ന വിശേഷണം നേടിയ ഡോ.പി.സി ഷാനവാസ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ആറാം വർഷത്തിലും നിഗൂഢതകൾ ചുരുളഴിയുന്നില്ല. മരണസമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സത്രീപീഡനത്തിന് അറസ്റ്റിലായതും ഷാനവാസിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ സുഹൃത്തുക്കൾ ലക്ഷങ്ങൾ പിരിച്ചെടുത്തതുമടക്കമുള്ള ദുരൂഹതകളാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നത്.

2015 ഫെബ്രുവരി 13 ന് അർധരാത്രി കോഴിക്കോട്ട് പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിനിടയാണ് ഷാനവാസിന്റെ മരണം. നിലമ്പൂരിൽ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നുമാസത്തിനിടെ ശിരുവാണിയിലേക്കും സ്ഥലം മാറ്റിയതിനെ തുടർന്നുള്ള മനോവേദനയിൽ അധികൃതർക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവൻവെടിഞ്ഞു എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

'ഹേ അധികാരികളേ, നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും''.............. ആദിത്യൻ പിൻവാങ്ങുന്നു, എന്ന ഷാനവാസിന്റെ എഫ്.ബി പോസ്റ്റ് സ്‌ക്രീൻ ഷോട്ടിട്ടായിരുന്നു പ്രചരണം. അന്നത്തെ ഡി.എം.ഒ, ആരോഗ്യ ഡയറക്ടർ, മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് എന്നിവരെ സോഷ്യൽ മീഡിയ പ്രതികൂട്ടിൽ നിർത്തി.

എന്നാൽ ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. മദ്യത്തിന്റെ അംശവും ശ്വാസ നാളത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂർ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കാറോടിച്ചു പോവുകയും കുളിപ്പിച്ച് വസ്ത്രം മാറ്റി തൊട്ടടുത്ത നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതും ഡോക്ടർ മരണം സ്ഥിരീകരിച്ചതുമെല്ലാം ഉത്തരം കിട്ടാത്ത സമസ്യകളാണ്.

മദ്യലഹരിയിൽ ഛർദ്ദിച്ചപ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ ശ്വാസ നാളത്തിൽ കുടുങ്ങിയതാവാം മരണകാരണമെന്നായിരുന്നു പൊലീസ് നിഗമനം. എങ്ങനെ ഭക്ഷണാവശിഷ്ടം ശ്വാസനാളത്തിൽ കുടുങ്ങിയെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ എന്തു കൊണ്ട് ഷാനവാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചില്ല എന്നും ചോദ്യങ്ങൾ അവശേഷിക്കുന്നു. മരണപ്പെട്ടശേഷം കുളിപ്പിച്ച് വസ്ത്രം മാറ്റിയ ശേഷം നിലമ്പൂർ ജില്ലാശുപത്രിക്കുപകരം എന്തിനാണ് അത്യാഹിത ചികിത്സാസംവിധാനങ്ങളൊന്നുമില്ലാത്ത ക്ലിനിക്കിൽ കൊണ്ടുപോയത്. ദുരൂഹമരണത്തിനു ശേഷം സോഷ്യൽ മീഡിയയിൽ അധികൃതർക്കെതിരെ പ്രചരണം നടത്തി മരണ കാരണം മറച്ചുവെച്ചു എന്നതെല്ലാം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

ഷാനവാസിന്റെ മരണശേഷം ഷാനവാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആത്മ ട്രസ്റ്റിന്റെ നേതൃത്വം സുഹൃത്തുക്കൾ ഏറ്റെടുത്തു. ദിവസങ്ങൾ കൊണ്ട് ലക്ഷങ്ങൾ സമാഹരിച്ചു. ഷാനവാസിന്റെ മരണശേഷം ദുബായിൽ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പങ്കെടുത്ത എഴുപതോളം മലയാളികൾ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവർത്തനം ഏറ്റെടുത്ത മരണസമയത്ത് ഷാനവാസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും സംഘത്തിനും നൽകാൻ തീരുമാനിച്ചു. പ്രതിമാസം ഏഴു ലക്ഷത്തോളം രൂപയാണ് ദുബായിയിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ലക്ഷങ്ങൾ സമാഹരിച്ചു. പിന്നീട് അനീഷ് പീഡനക്കേസിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

ഷാനവാസിന്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ ആകൃഷ്ടയായി ഫേസ്‌ബുക്കിലൂടെയാണു യുവതി സംഘടനയുമായും അനീഷുമായും അടുത്തത്. എൻജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടർന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മമ്പാട്ടെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു.

തുടർന്ന് ഇയാളുടെ നിർദേശപ്രകാരം യുവതി സന്ദർശന വിസയിൽ ദുബായിലെത്തി ജോലി ചെയ്യുകയായിരുന്നു. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മറ്റൊരു വിസയിൽ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസിൽ പരാതിപ്പെട്ടു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടുകാരനായ അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ ഇതുവലിയ പോരിനും വഴിയൊരുക്കി. ഒടുവിൽ 14 തവണ പൊലീസ് ആവശ്യപ്പെട്ടിട്ടും അഭിഭാഷകൻ മൊഴി നൽകാൻ പോലും എത്തിയില്ല. പരാതിക്കാരൻ നിലമ്പൂരിലെത്തി ഷാനവാസിന്റെ സുഹൃത്തുക്കളുടെ സൽക്കാരം സ്വീകരിച്ചു മടങ്ങിയതായും വാർത്ത വന്നു.

ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. മുൻ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഈ അന്വേഷണവും എവിടെയും എത്തിയില്ല. ഇപ്പോൾ എസ്. ശ്രീജിത്ത് ക്രൈം ബ്രാഞ്ച് മേധാവിയാണ്.
ഷാനവാസിന്റെ പിതാവും കുടുംബവും ആദ്യഘട്ടത്തിൽ ഷാനവാസിന്റെ സുഹൃത്തുക്കളുടെ ആത്മ ട്രസ്റ്റുമായി സഹകരിച്ചെങ്കിലും പിന്നീട് വിട്ടു നിന്നു. അനധികൃതമായി പണം പിരിക്കുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഷാനവാസിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കോടതിയെ സമീപിക്കാനോ നിയമനടപടികൾക്കോ കുടുംബവും രംഗത്തിറങ്ങിയില്ല