നിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കയെന്ന പ്രശസ്തമായ സ്ത്രീവിരുദ്ധ ചൊല്ലാണ് കന്നടയിലും മലയാളത്തിലും ഒരുപോലെ എടുത്തതെന്ന് അവകാശപ്പെടുന്ന 'മൈത്രി' കണ്ടപ്പോൾ തോന്നിയത്. നമ്മുടെ പ്രിയ നടൻ മോഹൻലാൽ മുഴുനീളത്തിൽ ശക്തമായ കഥാപാത്രം ചെയ്യുന്നെന്ന പരസ്യവാചകം കണ്ടാണ് ഇതിന് കയറിയത്. പക്ഷേ അവസാനത്തോട് അടുപ്പിച്ച ഏതാനും സീനുകളിൽ മാത്രമേ മോഹൻലാലുള്ളൂ! പക്ഷേ പടം വലിയ കുഴപ്പമില്ലാത്തതുകൊണ്ട് നിരാശയുണ്ടായില്ലെന്ന് മാത്രം. കുറ്റം പറയരുതല്ലോ, ആ ഏതാനും രംഗങ്ങളിൽ സഹപ്രവർത്തകരെ മുഴവൻ നിഷ്പ്രഭമാക്കുന്നുണ്ട് നമ്മുടെ ലാലേട്ടന്റെ മാജിക്ക്. മറ്റുള്ള ഇൻഡസ്ട്രിയിലെ താരങ്ങളുമായി തടിച്ചുനോക്കുമ്പോഴാണ് മോഹൻലാലിന്റെ റേഞ്ച് പെട്ടെന്ന് മനസ്സിലാവുക.

പരസ്യങ്ങളിൽ പറയുന്നപോലെ കന്നടയിലും മലയാളത്തിലും ഒരുപോലെ നിർമ്മിച്ചതല്ല ഈ ചിത്രം. കന്നടയിൽ നിർമ്മിച്ച് മലയാളത്തിലേയ്ക്ക് ഡബ്ബ്‌ചെയ്തതാണ്. പക്ഷേ ഒരിടത്തും നമുക്ക് സാധാരണ ഡബ്ബിങ് സിനിമകളിലെ അരോചകത്വം അനുഭവപ്പെടുന്നില്ല. ഷോബി തിലകനെപോലുള്ള മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് നന്ദി പറയണം. (സാധാരണ ടെലിബ്രാന്റ് ഷോകളിലെ ഡബ്ബിങ്ങ് പോലത്തെ ഒരു വൃത്തികെട്ട ശബ്ദമാണ് ഇത്തരം സിനിമകളിൽ കേൾക്കാറ്).

കന്നടയിൽ നിരൂപകരാൽ ഏറെ പ്രശംസിക്കപ്പെട്ട സിനിമയാണിത്. ബോക്‌സോഫീസിലും 'മൈത്രി' വൻ വിജയം കൊയ്തു. 'അനക്കമില്ലാത്ത വെള്ളംപോലെ കെട്ടിക്കിടക്കുന്ന കന്നട സിനിമയിൽ പുതുമയുടെ വെള്ളച്ചാട്ടം', എന്നാണ് 'ദ ഹിന്ദു' പോലുള്ള പ്രമുഖ പത്രങ്ങൾ 'മൈത്രിയെ'ക്കുറിച്ച് എഴുതിയത്. സംവിധായകൻ ഗിരിരാജിനും, നായകൻ പുനിത് രാജ്കുമാറിനെയുമെല്ലാം അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയാണ് കന്നട മാദ്ധ്യമങ്ങൾ. കാരണമുണ്ട്. അത്രയ്ക്ക് വളിപ്പാണ് കന്നട സിനിമയെന്ന പേരിൽ ഇറങ്ങുന്ന സമകാലീന പേക്കൂത്തുകൾ. (ലോക സിനിമാ വ്യവസായത്തിൽ തന്നെ തെലുങ്ക് കഴിഞ്ഞാൽ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് കന്നടയിലാണ്). അതുകൊണ്ടുതന്നെ, ഇപ്പോൾ ബംഗലൂരു പോലുള്ള മെട്രോ നഗരങ്ങളിൽ സംഭവിക്കുന്ന പോലെ ഹിന്ദി സിനിമ ഭാവിയിൽ കന്നടയെ വിഴുങ്ങുമെന്ന ആശങ്കയും ആ ചലച്ചിത്രലോകത്തുണ്ട്.

തൊണ്ണൂറുകളൂടെ തുടക്കം വരെ എത്രയോ ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മികച്ച സിനിമകൾ ഇറങ്ങിയ മേഖലയായിരുന്ന ഇത്. ഇന്ന് കന്നട സിനിമയ്ക്ക് അതെല്ലാം നഷ്ടമായി. അതുകൊണ്ടുതന്നെ കലയെയും കച്ചവടത്തെയും ഒരുപോലെ കൊണ്ടുപോവുന്ന 'മൈത്രി' പോലുള്ള സിനിമകളാണ് ഈ വ്യവസായത്തിന് ആവശ്യമെന്ന് കന്നട സിനിമാ പ്രേമികൾ ഒറ്റസ്വരത്തിൽ പറയുന്നതിൽ അത്ഭുദമില്ല. പക്ഷേ മലയാളത്തിലോ! ഇതുപോലത്തെ എത്രയോ സിനിമകൾ നാം കണ്ടുകഴിഞ്ഞു. ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'മുദ്ര' പറയുന്നത് ഇതുപോലൊരു ദുർഗുണ പരിഹാര പാഠശാലയുടെ കഥയാണ്. 'കോടീശ്വരൻ' പരിപാടിയുമായി ബന്ധപ്പെടുത്തിയ കഥ 'സ്ലംഡോഗ് മില്യനറെയും' ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ശരാശരി സിനിമാ പ്രേമിക്ക് വിട്ടുകളഞ്ഞാൽ യാതൊരു നഷ്ടബോധവും തോന്നാത്ത സിനിമയാണിത്.[BLURB#1-H]

ദുർഗുണ പരിഹാരപാഠശാലയിലെ 'കോടീശ്വരൻ'
ടിസ്ഥാനപരമായി ഇത് കുട്ടികളുടെ കഥയാണ്. വിവിധ കേസുകളിൽപെട്ട് ചെറുപ്പത്തിൽ തന്നെ ക്രിമിനലുകൾ എന്ന് മുദ്ര കുത്തപ്പെട്ട് ഇരുമ്പഴിക്കുള്ളിലായവരുടെ ലോകത്തേയ്ക്കാണ് ചിത്രം കടക്കുന്നത്. സാധാരണ കന്നട സിനിമ ഒരിക്കലും ഫോക്കസ് ചെയ്യാത്ത മേഖല. എഴുത്തുകാരൻ കൂടിയായ സംവിധായകൻ ബി എം ഗിരിരാജ് ഇവിടെയും പ്രശംസ നേടുന്നു. കന്നട സൂപ്പർസ്റ്റാറും ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനുമായ പുനിത് രാജ്കുമാർ ഈ സിനിമയിൽ അതേ പേരിൽ സിനിമാ നടനായിതന്നെയാണ് രംഗപ്രവേശനം ചെയ്യുന്നത്. ഇവിടെ സുരേഷ് ഗോപി അവതരിപ്പിക്കുന്നതുപോലെ കന്നടയിലെ 'നിങ്ങൾക്കുമാവാം കോടീശ്വരൻ' ചെയ്യുന്നത് പുനിതാണ്. ആ പരിപാടിയിലേയ്ക്ക് കറക്ഷൻഹോമിൽ നിന്ന് ഒരു കൊലക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന കുട്ടി എത്തുന്നതാണ് കഥയുടെ കേന്ദ്രപ്രമേയം. വാർഡന്റെ (അതുൽ കുൽക്കർണി) മൊബൈൽ മോഷ്ടിച്ച് അവർ 'കോടീശ്വരന്' അപേക്ഷിക്കുന്നതൊക്കെ വളരെ ഭംഗിയായും യുക്തിഭദ്രമായി എടുക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം കുട്ടിക്കടത്തിനെക്കുറിച്ചും കുട്ടികളെവച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങളും സിനിമയിൽ കടന്നുവരുന്നു.

ഡിആർഡിഒയിലെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ക്ലൈമാക്‌സിനടുപ്പിച്ച് ചിത്രത്തിൽ ലാൽ എത്തുന്നത്. മകൻ നഷ്ടപ്പെട്ട ഒരച്ഛൻ കൂടിയാണ് അദ്ദേഹം. അവസാനം ലാൽ വില്ലനായ നമ്മുടെ കാലാഭവൻ മണിയെയും സംഘത്തെയും ബോംബ് വച്ച് തകർക്കുന്നതും എന്നിട്ട് ഒരു നിയമത്തിനും കീഴടങ്ങാതെ പുഷ്പംപോലെ ജീവിതം തുടരുന്നതും മാത്രമാണ് ഈ സിനിമയിലെ ഒരു കല്ലുകടിയായി അനുഭവപ്പെടുന്നത്. കാലം വല്ലാതെ മാറിപ്പോയിരക്കുന്നു. മിനിമം ഒരു ബോംബ് എങ്കിലും കൈയിലില്ലെങ്കിൽ പിന്നെന്ത് മോഹൻലാൽ![BLURB#2-VR]

പക്ഷേ ഡബ്ബിംങ്ങ് സനിമയാണെന്ന് തോന്നിക്കാത്തരീതിയിൽ കൃത്യമായി കൊണ്ടപോവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കോടീശ്വരനിലെ ചോദ്യങ്ങൾപോലും കൃത്യമായി മലയാളത്തിനിണങ്ങുന്ന രീതിയിൽ ബുദ്ധിപൂർവമാണ് ചേർത്തിട്ടുള്ളത്. ഇളയരാജയുടെ സംഗീതവും സിനിമയുടെ മൂഡിനൊത്തുതന്നെ. തന്റെ പ്രതാപകാലത്തേക്ക് വീണ്ടും തിരച്ചുവരികയയാണ് നമ്മുടെ രാജാസാറെന്ന് തോന്നുന്നു.

മോഹൻലാൽ എന്ന വിസ്മയം; നിരാശപ്പെടുത്തി മണി

ലാലിന്റെ മികച്ച നൂറു സിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടാൻ പോലും അർഹതയില്ലാത്തതാണ് 'മൈത്രി'. മോഹൻലാലിന്റെ സംബന്ധിച്ച് അത്തരമൊരു കഥാപാത്രത്തിൽ യാതൊരു പുതുമയും ഇല്ല. പക്ഷേ കന്നട മാദ്ധ്യമങ്ങൾ വാഴ്‌ത്തിയത് ഇതൊരു അസാധാരണ നടനും തന്നെയാണെന്നാണ്. അപ്പറഞ്ഞതിൽ കഴമ്പില്ലാതെയുമില്ല. ഏതാനും സീനുകളിൽ മാത്രമേ ഉള്ളൂവെങ്കിലും ലാൽ വരുന്നതുതൊട്ടങ്ങോട്ട് സിനിമയ്ക്ക് വല്ലാത്തൊരു ആനച്ചന്തം വരുന്നുണ്ട്. ലാലിന്റെ നടന ചാരുതയ്ക്കുമുന്നിൽ പുനിത് രാജ്കുമാർ പോലും പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായിപ്പോവുന്നു. ഇത് പുനിതിന് മാത്രം പറ്റുന്നതല്ല. ലാലിനോട് മുട്ടി പിടിച്ചു നിൽക്കുകയെന്നത് മറ്റു നടന്മാർക്ക് ഏറെ പ്രായാസമുള്ള കാര്യമാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച അഭിനിയിച്ച 'നമ്പർ ട്വന്റി മദ്രാസ് മെയിൽ', 'ഹരികൃഷ്ണൻസ്', 'ട്വന്റി ട്വന്റി' എന്നീ ചിത്രങ്ങളൊക്കെ നോക്കുക. മമ്മൂട്ടിയെ തീർത്തും നിഷ്പ്രഭനാക്കികയാണ് ലാൽ. (ഇതുകൊണ്ടൊക്കെ തന്നെയായിരിക്കണം ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് മമ്മൂട്ടി പിന്മാറിയത്!). രാംഗോപാൽ വർമ്മയുടെ 'കമ്പനി'യിലും, മണിരത്‌നത്തിന്റെ 'ഇരുവരി'ലുമൊക്കെ ഇതേ ലാലിസത്തിന്റെ പ്രഭാവലയം കാണാം. 'ഉന്നെപ്പോലെ ഒരുവനിൽ' കമൽഹാസനാണ്, ലാലിനോട് മുട്ടിയിട്ടും അതേനാണയത്തിൽ കത്തിക്കയറിയത്. പക്ഷേ തന്റെ ഈ ഉജ്ജ്വലമായ അഭിനയപാടവം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ലാലിനുപോലും കൃത്യമായി അറയില്ല. അടുത്തകാലത്ത് അദ്ദേഹം ചെയ്യുന്ന കൂതറ സിനിമകൾ അതിന് തെളിവാണ്. 'ലൈല ഓ ലൈലയും', 'പെരുച്ചാഴിയുമൊക്കെ' വച്ചുനോക്കുമ്പോൾ 'മൈത്രി' സ്വർഗമാണ്. മികച്ച കഥയില്ലെങ്കിൽ ഇനി ഞാൻ സിനിമചെയ്യില്ല എന്ന ഉറച്ചതീരുമാനമാണ് ലാലിൽ നിന്ന് ഉണ്ടാവേണ്ടത്.[BLURB#3-VL]

ജയിൽ വാർഡനെ അവതരിപ്പിച്ച അതുൽ കുൽക്കർണിയാണ് ഈ ചിത്രത്തിൽ വേഷത്തോട് ഏറ്റവും കൂടുതൽ നീതി പുലർത്തിയത്. അതുലിന്റെ ശരീരഭാഷയും ഭാവപ്രകടനങ്ങളുമെല്ലാം പുതുതലമുറ കണ്ടുപടിക്കേണ്ടതാണ്. പക്ഷേ നമ്മുടെ കലാഭവൻ മണി വല്ലാതെ നിരാശപ്പെടുത്തി. പല തവണ മണി മലയാളത്തിൽ ചെയ്ത വേഷങ്ങുടെ വികൃതാനുഭവം പോലെയായിപ്പോയി ഈ രാജാപ്പാർട്ട് വില്ലൻ. (മുമ്പ് ഇതുപോലെ തോന്നിയത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേനി'ലാണ്. എല്ലാ കഥാപാത്രങ്ങളും മികച്ചുനിന്ന ആ സിനിമയിൽ എന്തൊരു ബോറായിരുന്നു മണിയുടെ പ്രകടനം) ഒരു പക്ഷേ കന്നടക്കാർക്ക് ദഹിക്കാനായി ഒരു ഡോസ് കൂട്ടിപ്പിടച്ച് കൈവിട്ട് പോയതാണെന്ന് തോന്നുന്നു.

അവസാനമായി പറയട്ടെ, ഈ സിനിമയിലെ യഥാർഥ താരങ്ങൾ ജുവനൈൽ ഹോമിലെ കുട്ടിക്കുറ്റവാളികളായി വേഷമിട്ട കുറേ കുട്ടികളാണ്. 'ഫിലിപ്പ് ആൻഡ് ദ മങ്കിപ്പെൻ' എന്ന സിനിമയ്ക്കു ശേഷം കുട്ടികൾ ഇത്ര സ്വാഭാവികമായി നടിക്കുന്നത് കണ്ടിട്ടില്ല. സിനിമയുടെ ലീഡ് റോളിൽ അഭിനയിച്ച മാസ്റ്റർ ആദിത്യക്കൊക്കെ നല്ല ഭാവിയുണ്ട്. ഒരുപക്ഷേ കന്നട സിനിമയുടെ ഭാവിതന്നെ ഈ കുട്ടികളിൽ ആയിരിക്കും.

വാൽക്കഷ്ണം: ചിത്രത്തിൽ പുനിത് രാജ്കുമാർ അവതരിപ്പിക്കുന്ന 'കോടീശ്വരനും', നമ്മുടെ സുരേഷ് ഗോപിയുടെ കോടീശ്വരനും കണ്ടുനോക്കിയാലും നമ്മുടെ നടന്മാരുടെ മേന്മ മനസ്സിലാവും. 'ദേ പോയി ദാ വന്നുമൊക്കെയായി' സുരേഷ്‌ഗോപി പ്രസരിപ്പിക്കുന്ന ഊർജപ്രവാഹം ഒന്നുവേറെ തന്നെയാണ്. എന്തുചെയ്യാം, മുറ്റത്തെ മുല്ലകൾക്ക് നമ്മുടെ നാട്ടിൽ മണമില്ലല്ലോ?