തിരുവനന്തപുരം: ഇന്നും കിട്ടാക്കനിയാണെങ്കിലും ഇത്തവണ ഒട്ടേറെ പ്രതീക്ഷകളോടെയാണ് കേരളത്തെ ബിജെപി കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നത്. മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തെത്താൻ കഴിയുമോ എന്നതാണ് ബിജെപി സംസ്ഥാനഘടകത്തിനു മുന്നിൽ കേന്ദ്രനേതൃത്വം വച്ചിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പിണക്കങ്ങളെല്ലാം മറന്ന് സംസ്ഥാന നേതൃത്വം ഒരുമിച്ചാൽ ഇത്തവണ ബിജെപി പലതും സ്വപ്‌നം കാണുന്നുണ്ട്.വിജയ യാത്ര പൂർത്തിയാകുമ്പോൾ അതിന് തക്കതായ നേട്ടം തങ്ങൾക്കുണ്ടാകുമെന്നു തന്നെയാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഇടക്കാലത്ത് മാറി നിന്ന ശോഭ സുരേന്ദ്രൻ റിലോഡഡായി വീണ്ടും രംഗത്തെത്തിയതും പാർട്ടിക്ക് ഉണർവേകിയിട്ടുണ്ട്.

ശബരിമല വിഷയം, സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയാകുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ, സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ എട്ടു മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്ന കടമ്പയാണ് ബിജെപിക്കുള്ളത്.

 

2016-ൽ നേമത്ത് ഒ. രാജഗോപാലിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കേരളത്തിലെത്തി പങ്കെടുത്ത നേതൃതല ചർച്ചയിലും ഈ ഏഴ് മണ്ഡലങ്ങളിലെ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

2016 ൽ കടുത്ത ത്രികോണ മത്സരം കാഴ്ചവച്ച എൻഡിഎ വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016 ൽ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം. കപ്പിനും ചുണ്ടിനും ഇടയിൽ വെറും 89 വോട്ടുകൾക്കാണ് ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്.

തുടർന്ന് നിയമപോരാട്ടത്തിനിറങ്ങിയെങ്കിലും വർഷങ്ങൾക്കു ശേഷം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് ലീഗിലെ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ട് ലഭിച്ചു. കെ. സുരേന്ദ്രൻ 56,781 വോട്ട് നേടിയപ്പോൾ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു 42,565 വോട്ടാണു നേടിയത്.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി.കൃഷ്ണകുമാറും കാസർകോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി.

ചെങ്ങന്നൂരിൽ അട്ടിമറി പ്രതീക്ഷ നൽകിയിരുന്ന അഡ്വ. പി.എസ്. ശ്രീധരൻ പിള്ള 42,628 വോട്ടുകളാണ് കരസ്ഥമാക്കിയത്. ചെങ്ങന്നൂരിൽ 2011ലെ തിരഞ്ഞെടുപ്പിൽ 65,156 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ പി. സി. വിഷ്ണുനാഥിന് 2016 ൽ 44,897 വോട്ടുകളാണ് ലഭിച്ചത്.

 ഇത്തവണ ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ശോഭാ സുരേന്ദ്രൻ 2016 ലെ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് 40,076 വോട്ടുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. വിജയിച്ച കോൺഗ്രസിലെ ഷാഫി പറമ്പലിന് 57,559 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ എൻ.എൻ. കൃഷ്ണ ദാസിന് 38,675 വോട്ടു ലഭിച്ചു.

കാസർകോട്ട് ബിജെപിയുടെ രവീശ തന്ത്രി 56,120 വോട്ട് നേടിയാണു രണ്ടാമതെത്തിയത്. ലീഗിലെ എൻഎ നെല്ലിക്കുന്നിന് 64,727 വോട്ട് ലഭിച്ചു. എൽഡിഎഫിലെ എഎ അമീന് 21,615 വോട്ടാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. കൊല്ലം ചാത്തന്നൂരിൽ ബിജെപിയിലെ ബിബി ഗോപകുമാർ 33199 വോട്ട് നേടി രണ്ടാമതെത്തി.

2016 ലെ തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ നാൽപതിനായിരത്തിലേറെ വോട്ടും 27 മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ടും ബിജെപി സ്വന്തമാക്കി. നേമത്ത് ഒ രാജഗോപാലാണ് ഏറ്റവും കൂടുതൽ വോട്ടു നേടിയത് 67,813. മഞ്ചേശ്വരം (കെ. സുരേന്ദ്രൻ-56,781), കാസർകോട് (രവീശ തന്ത്രി-56,120), മലമ്പുഴയിൽ സി. കൃഷ്ണകുമാർ (46,157), വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ (43,700), കഴക്കൂട്ടത്ത് വി.മുരളീധരൻ (42,732), ചെങ്ങന്നൂരിൽ അഡ്വ. പി.എസ് ശ്രീധരൻപിള്ള (42,489), പാലക്കാട്ട് ശോഭ സുരേന്ദ്രൻ (40,076) എന്നിങ്ങനെയായിരുന്നു വോട്ട്നില. തിരുവനന്തപുരം സെൻട്രലിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് മൂന്നാമതായെങ്കിലും രണ്ടാമതെത്തിയ ആന്റണി രാജുവുമായി വളരെക്കുറച്ച് വോട്ടുകളുടെ വ്യത്യാസമേയുള്ളു. ഇവിടെ ആന്റണി രാജുവിന് 35,569 വോട്ടും ശ്രീശാന്തിന് 34,764 വോട്ടും ലഭിച്ചു. ജയിച്ച ശിവകുമാറിന് 46,474 വോട്ടുകളാണ് ലഭിച്ചത്.

ഈ പ്രതീക്ഷകൾക്കൊപ്പം പുതിയവിവാദങ്ങളെയും കൂട്ടുപിടിച്ച് നിലമെച്ചപ്പെടുത്താമെന്നു തന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്. അതിന് ആദ്യകടമ്പ വിജയകരമായി അവർ പിന്നിടുകയും ചെയ്തു. പരിഭവവുമായി നിന്നിരുന്ന ഘടകകക്ഷികളെ ആശ്വസിപ്പിച്ച് അവരിൽ വിശ്വാസം വർധിപ്പിക്കുകയായിരുന്നു ആദ്യലക്ഷം.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നടന്ന ആദ്യ നേതൃയോഗത്തിൽ പരിഗണിച്ചതും ഈ വിഷയമായിരുന്നു.

കേന്ദ്രസർക്കാരിൽ വാഗ്ദാനം ചെയ്ത പദവികൾ ലഭിച്ചില്ലെന്നതാണ് മിക്ക ഘടകകക്ഷികളും പങ്കുവച്ച വികാരം. ഇക്കാര്യത്തിൽ ഉറപ്പുകൾ ഉടനെ പാലിക്കുമെന്ന് ബിജെപി നേതൃത്വം ഘടകകക്ഷികളെ അറിയിച്ചു.മാത്രമല്ല എൻഡിഎയിയിൽനിന്നു വിട്ടുപോകുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ് യോഗത്തിൽ പങ്കെടുത്തതു ബിജെപിക്ക് കൂടുതൽ കരുത്തു നൽകുന്നതാണ്.

കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിലേക്ക് ഉടനെ കടക്കുന്നതിനും തീരുമാനിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി സി.എൻ.അശ്വഥ് നാരായൺ, കർണാടക നിയമസഭാ ചീഫ് വിപ് വി. സുനിൽകുമാർ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം ഗണേശൻ, ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ് ) കുരുവിള മാത്യൂസ് ( നാഷനലിസ്റ്റ് കേരള കോൺഗ്രസ്), പി.സി.തോമസ് (കേരള കോൺഗ്രസ്), വി.വി.രാജേന്ദ്രൻ (സോഷ്യലിസ്റ്റ് ജനതാദൾ), വിഷ്ണുപുരം ചന്ദ്രശേഖരൻ (കാമരാജ് കോൺഗ്രസ്), എം.മെഹബൂബ് (എൽജെപി), എം.എൻ. ഗിരി, ജോണി കെ. ജോൺ, രാജൻ കണ്ണാട്ട്, കെ.പത്മകുമാർ എന്നിവർ പങ്കെടുത്തു.