കണ്ണൂർ: പാർട്ടി അച്ചടക്കം ലംഘിച്ചതിന് അമ്പാടിമുക്ക് സഖാവിനെ സിപിഎം പുറത്താക്കി സിപിഎം ജില്ലാ നേതൃത്വം തിരിച്ചടിച്ചു. പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് സിപിഎം പള്ളിക്കുന്ന് ലോക്കലിലെ ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ എൻ. ധീരജ് കുമാറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചത്.

ഇതിനിടെ ധീരജിനെ പുറത്താക്കിയതോടെ കണ്ണൂരിൽ സ്ഥിതി സ്‌ഫോടനാത്മകമാണ്. 2014ൽ കണ്ണൂർ അമ്പാടിമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അർഎസ്.എസ് -ബിജെപി പ്രവർത്തകർ ധീരജ് കുമാറിന്റെ നേതൃത്വത്തിലാണ് സി പി എമ്മിൽ ചേർന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ഇവരെ പാർട്ടിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചു. പിന്നിട് അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെട്ട ഈ സംഘത്തിന്റെ നേതൃത്വം ധീരജിനായിരുന്നു. ജയരാജന്റെ അടുത്ത അനുയായിരുന്ന ധീരജ് സമൂഹമാധ്യമങ്ങളിൽ ജയരാജനു വേണ്ടി നിരന്തരം വാദിച്ചു. എൽ.ഡി.എഫ് അമ്പാടിമുക്ക് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു ധീരജ്. ജയരാജനെ തഴഞ്ഞതിൽ വലിയ പ്രതിഷേധം ഉയരുമെന്നായിരുന്നു ധീരജ് പ്രതികരിച്ചത്.

പ്രതിഷേധങ്ങളെ അപ്പാടെ തള്ളി ജയരാജൻ തന്നെ രംഗത്തെത്തിയതോടെയാണ് ധീരജിനെതിരെയുള്ള നടപടി പാർട്ടി പ്രഖ്യാപിച്ചത്.പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെതിരെയുള്ള നടപടി ജില്ലാ കമ്മിറ്റി തന്നെ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിഷേധങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്. പി.ജെ ആർമി എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ഒരിക്കൽ കൂടി അസന്നിഗ്ധമായി അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

സോഷ്യൽ മീഡിയയിൽ പി.ജെ ആർമി മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചു വിടുന്നത്. സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് പുനർവിചിന്തനമുണ്ടായില്ലെങ്കിൽ തെരുവിലിറങ്ങാനാണ് പി.ജെ. ആർമിയുടെ നീക്കം. ജില്ലയിലെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്താനും പോസ്റ്റർ പ്രചാരണം നടത്താനും ഇവർ ആലോചിക്കുന്നുണ്ട്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മേഖലയിലും തലശേരി, പാനൂർ, കുത്തുപറമ്പ് മേഖലയിലും സ്ഥിതി അതിവ ഗൗരവകരമാണ്.

സോഷ്യൽ മീഡിയയിൽ പി.ജെ ആർമിയുടെ കടുത്ത പ്രതിഷേധമാണുയരുന്നത്. തലശേരിയിൽ പ്രവർത്തകർ കൂട്ടരാജിഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാൽ പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് പുകയുന്നഅമർഷം അവഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ശനിയാഴ്‌ച്ച രാവിലെ പത്തു മണിയോടെ പി.ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ സ്ഥാനം രാജിവച്ചിരുന്നു.

ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി.ജയരാജന്റെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയർന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജൻ തുടർച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാർട്ടിക്ക് അതീതനായി ജയരാജൻ വളരുന്നുവെന്ന വിമർശം പാർട്ടിയിൽ നേരത്തെ ഉയരുകയും പാർട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

സ്തുതി ഗാനം അടക്കം ചർച്ചയായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി.ജയരാജനായി ക്യാമ്പെയിനിങ് തുടങ്ങിയിട്ടുണ്ട്. പി.ജെ ആർമി ഫേസ്‌ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളിലൊരാളെ മത്സര രംഗത്ത് നിന്ന് മാറ്റിനിർത്തുന്നതിനെതിരെ കേഡറുകളിൽ നിന്നു തന്നെവിമർശനം ശക്തമാണ്.

അതേസമയം സ്ഥിതിഗതികൾ അപകടകരമാണെന്ന് തിരിച്ചറിഞ്ഞാണ് പി ജയരാജൻ പി ജെ ആർമ്മിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. സംഭവം സഫോടനാത്മകമായ അവസ്ഥയിലാണിപ്പോൾ. പിണറായിക്കെതിരായ പ്രതിഷേധം പിടിവിട്ട് പോകുമെന്ന് പാർട്ടിയും ഭയക്കുന്നു. പത്തുകൊല്ലം മുമ്പ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ ഉയർന്ന സമാനമായ പ്രതിഷേധം ഇത്തവണ കണ്ണൂരിൽ പിജെ ആർമി ഉയർത്തുമെന്നാണ് സൂചന.

സിപിഎം രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയാണ് ദിവസങ്ങളായി കാണുന്നത്. കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചന നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പി. ജയരാജന്റെ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിഭിന്നമാകുന്നതും ദൃശ്യം. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് പിജെ ആർമിയുടെ യാത്രയും. കണ്ണൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ശ്രീ എമ്മിന്റെ നേതൃത്വത്തിലെ ചർച്ച തുറന്നു പറഞ്ഞത് ജയരാജനാണ്. എം വി ഗോവിന്ദൻ ഇത്തരത്തിലൊരു ചർച്ച നടന്നില്ലെന്ന് പറഞ്ഞ ശേഷമായിരുന്നു ജയരാജന്റെ വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഒരിടത്തും ജയരാജന്റെ പേർ ഉയർന്നു വരാത്തതാണ് പി.ജയരാജനെ ദൈവതുല്യം ആരാധിക്കുന്ന അമ്പാടിമുക്കിലെ സഖാക്കൾക്കും പി.ജെ ആർമിക്കും തിരിച്ചടിയായിരിക്കുന്നത്.