- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ കാണാനിടയായി; ശബരിമല എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ സമനില തെറ്റി; വായിൽ വന്നതെല്ലാം വിളമ്പി; സ്ത്രീകളെയും സുപ്രീം കോടതിയെയും അപമാനിച്ചു; വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി ശബരിമല: എഴുത്തുകാരൻ എൻ.ഇ.സുധീറിന്റെ കുറിപ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലമായതോടെ ശബരിമല വീണ്ടും ചൂടേറിയ സംവാദവിഷയമായിരിക്കുകയാണ്. യുഡിഎഫിൽ ഉമ്മൻ ചാണ്ടിയാണ് ഈ വിഷയം ആദ്യമായി എടുത്തിട്ടത്. പിന്നീട് അധികാരത്തിൽ വന്നാൽ നിയമനിർമ്മാണമെന്ന വാഗ്ദാനവുമായി യുഡിഎഫും എൻഡിഎയും വന്നു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എം വിനികേഷ് കുമാറിനോട് ശബരിമല വിഷയത്തിൽ തട്ടിക്കയറുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിൽ ശബരിമല എന്നത് പേടിപ്പിക്കുന്ന പദമായി മാറിക്കഴിഞ്ഞുവെന്ന് നിരീക്ഷിക്കുകയാണ് വ്യക്ത്യനുഭവം കൂടി പങ്കുവച്ച് എഴുത്തുകാരനായ എൻ.ഇ.സുധീർ.
എൻ.ഇ.സുധീറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
വന്നു വന്ന് ശബരിമല എന്നത് പേടിപ്പിക്കുന്ന ഒരു പദമായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഒരനുഭവം ഇപ്പോഴും ഞെട്ടലോടെ മനസ്സിലങ്ങനെ നിൽക്കുകയാണ്. ഒരു നാൾ വീട്ടിലെത്തിയ ഒരതിഥി ശബരിമല എന്നു കേട്ടതും സമനില തെറ്റിയതുപോലെ പെരുമാറിത്തുടങ്ങി. ഒരു സാധാരണ വിശ്വാസിയും പൊതുവിൽ സമാധാന പ്രിയയും ആയിരുന്ന അവർ പെട്ടന്ന് മതിഭ്രമം പിടിപ്പെട്ടതുപോലെ സംസാരിച്ചു തുടങ്ങി. ഞങ്ങളും കൂടെ വന്നയാളും അസ്വസ്ഥതയോടെ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുക്കം ഞങ്ങൾ നിസ്സഹായതയോടെ പിന്മാറി. അവർ അടങ്ങുന്നതു വരെ കാത്തു നിൽക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. എനിക്കതൊരു പുതിയ അനുഭവമായിരുന്നു.
ഇന്നിതാ സുരേഷ് ഗോപിയെന്ന സിനിമാനടൻ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ കാണാനിടയായി. ശബരിമല എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ സമനില തെറ്റി. വായിൽ വന്നതെല്ലാം വിളമ്പി. സ്ത്രീകളെയും സുപ്രീം കോടതിയെയും അപമാനിച്ചു. ചോദ്യം ചോദിച്ച നികേഷ് സമയോചിതമായി അതിനെ വഷളാവാതെ കാത്തു. അല്ലായിരുന്നെങ്കിൽ അദ്ദേഹം ഒരു വേള സ്വബോധം നഷ്ടപ്പെട്ട് കൂടുതൽ പറഞ്ഞ് നിയമക്കുരുക്കിലകപ്പെട്ടേനെ.
സുരേഷ് ഗോപിയെ മുമ്പൊരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. വളരെ ശാന്തനായ ഒരു ജന്റിൽമാനെന്ന തോന്നലാണ് അന്നുണ്ടായത്. അയാളും ഇന്നു കണ്ട സുരേഷ് ഗോപിയും തമ്മിൽ ഏറെ അന്തരമുണ്ട്. എന്റെ രണ്ടനുഭവത്തിലും വില്ലൻ ശബരിമല എന്ന പദമായിരുന്നു. വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി അതിന്ന് അധ:പതിച്ചിരിക്കുന്നു.
നമ്മുടെ ചുറ്റിനും വർഗീയ വിഷം പരത്തിയതിന്റെ യഥാർത്ഥ ചിത്രമാണ് ശബരിമല മുന്നോട്ടു വെക്കുന്നത്. എന്റെ സുഹൃത്തിന്റെയും നടന്റെയും സ്വബോധത്തെ നഷ്ടപ്പെടുത്തിയത് വർഗീയ വിഷം തന്നെയാണ്. വിശ്വാസത്തിൽ വർഗീയവിഷം കടന്നാൽ പിന്നെ നാടിന് ഭ്രാന്തിളകും. നമ്മൾ കരുതിയിരിക്കണം.ശബരിമല മലയാളിയുടെ ഓർക്കാനിഷ്ടപ്പെടാത്ത ഒരു പദമായോ, അത്തരമൊരു സ്ഥലത്തിന്റെ പേരായോ മാറരുത്.
മറുനാടന് മലയാളി ബ്യൂറോ