- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഈ കമ്യൂണിസ്റ്റ് രാജ്യത്ത് വളർത്തുനായ്ക്കളും പെറ്റി ബൂർഷ്വാകൾ! ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകളിൽ ഭക്ഷണമാക്കും; മനുഷ്യന് തിന്നാനുള്ളവ തിന്നു മുടിപ്പിക്കുന്ന പട്ടി ഇനി വർഗശത്രു; മുടിവെട്ടാനും ഹോളിവുഡ് സിനിമ കാണാനും എസ്ടിഡി വിളിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഉത്തര കൊറിയയിൽ നിന്നുള്ള വിചിത്ര നിയമം കേട്ട് ഞെട്ടി ലോകം; മാവോയുടെ കുരുവിക്കൊലക്ക് സമാനമായ കമ്യൂണിസ്റ്റു വിഡ്ഡിത്തമായി കിമ്മിന്റെ പട്ടിക്കൊലയും
ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത് ഉത്തരകൊറിയയിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്. ചൈനയിൽ മാവോ സേതൂങ്ങ് ചെയ്ത അതേ അബദ്ധങ്ങൾ അവർത്തിക്കുകയാണ് ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നും. ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് എന്ന തന്റെ തെറ്റയായ നയങ്ങൾ പാളി ചൈനയിൽ ജനം പട്ടിണി കിടന്ന് മരിച്ചപ്പോൾ, മാവോ ഭരണകൂടം കണ്ടെത്തിയ വില്ലന്റെ പേരുകേട്ടാൽ ആരും അമ്പരന്നുപോകും. കുരുവികൾ!പഴങ്ങളും ധാന്യങ്ങളും നശിപ്പിക്കുന്ന കുരുവികളെ നിർമ്മാർജ്ജനം ചെയ്താൽ ചൈനയിൽ പട്ടിണി മാറുമെന്ന് വിശ്വസിച്ച മാവോയും കമ്മ്യൂണിറ്റ് റെവലൂഷണറി പാർട്ടിയും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ക്ഷണിച്ച് വരുത്തിയത്. അടക്കാക്കുരുവികളുമായി പോലും യുദ്ധം പ്രഖ്യാപിച്ച ആളാണ് മാവോയെന്ന് പിൽക്കാലത്ത് പരിഹസിക്കപ്പെട്ടു. ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയ അസാധാരണങ്ങളായ യുദ്ധങ്ങളിൽ ഒന്നായി ഇത മാറി.
സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഉത്തര കൊറിയയും ഇപ്പോൾ കടന്നുപോകുന്നത്. പ്രസിഡന്റ് കിമ്മിന്റെ തെറ്റായ നടപടികൾ മൂലം രാജ്യത്ത് ഭക്ഷ്യക്ഷാമം വന്നിരക്കയാണ്. അപ്പോൾ അതിന് കാരണക്കാരായും വർഗ ശത്രുക്കളായും കിം കണ്ടത് ആരെയാണെന്ന് അറിയുമോ. വളർത്തു നായ്ക്കളെ! മുനുഷ്യർ തിന്നേണ്ട ഭക്ഷണം പട്ടിതിന്നുന്നതാണ് ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി, ഉത്തരകൊറിയിലെ സകല വളർത്തു പട്ടികളെ നിർമ്മാർജ്ജനം ചെയ്യാൻ ഉത്തരവിട്ടിരിക്കയാണ് അദ്ദേഹം. വളർത്തു നായ്ക്കളെ പിടികൂടി ഹോട്ടലുകാർക്ക് ഭക്ഷണമുണ്ടാക്കാൻ കൊടുക്കയാണ് പൊലീസ് ചെയ്യുന്നത്. പട്ടിയിറച്ചി ചൈനയിലേപ്പോലെ വടക്കൻ കൊറിയയിലും ഇഷ്ട വിഭവമാണ്. മാത്രമല്ല ഇപ്പോൾ വളർത്തുപട്ടികൾ എവിടെയുണ്ടെന്ന് നോക്കാൻ പൊലീസും പാർട്ടിക്കാരും വീട് വീടാന്തരം കയറി ഇറങ്ങുകയുമാണ്. ഇതുതന്നെയാണ് കുരുവിക്കൊലക്കാലത്ത് ചൈനയിലും നടന്നത്.
മാവോ സേതൂങിന്റെ മുന്നോട്ടുള്ള മഹാ കുതിപ്പ് പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം ( four petses campaign) എന്ന് ചൈനീസ് അധികാരികൾ നാമകരണം ചെയ്ത പരിപാടി.1958-1962 കാലഘട്ടത്തിൽ നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം. നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി, കൊതുക് കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്. മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നതുകൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്.കുരുവിളുമായുള്ള യുദ്ധം തീരുന്നതുവരെ ആരും ഇതിൽനിന്ന് പിന്മാറരുത് എന്നും സേതൂങ്ങ് പ്രഖ്യാപിച്ചു. 630 ദശലക്ഷം ആളുകൾ സകുൾകുട്ടികൾ വരെ കുരുവികളുമായി യുദ്ധത്തിന് എത്തി. പരസ്പരം മൽസരവീര്യത്തോടെ ജനങ്ങൾ തെരുവിൽ മാർച്ച് ചെയ്തു. മാവോയുടെ ആഹ്വാനത്തോടെ ഒറ്റ ദിവസം കൊണ്ട് കുരുവി ചൈനയുടെ വർഗ ശത്രുവായി.
പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. നിരന്തരമായ ശബ്ദങ്ങൾ കാരണം എങ്ങും പറന്നിറങ്ങാൻ കഴിയാതെ പാവും കുരുവികൾ ക്ഷീണിച്ച് ചത്തുവീണു.1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ ദുരന്തങ്ങൾ സൃഷ്ടിച്ചു. കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്. കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമമായി. 1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ടകളെ ഉൾപ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും വ്യാപകമായരുന്നു.
ഉത്തര കൊറിയയിലും സമാനമായ അവസ്ഥയാണ് ഉണ്ടാവുകയെന്നും ഭാവിയിൽ ഇത് വളർത്തുനായ്ക്കളുടെ ഉന്മൂലനത്തിലേക്കാണ് നീങ്ങുകയെന്നും സാമൂഹിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിൽ ഇതിനൊന്നും യാതൊരു പ്രസക്തിയും ഇല്ല. അവർ തീരുമാനിച്ചാൽ പിന്നെ നടപ്പാക്കിയിരിക്കും.
പട്ടികളെ തിരഞ്ഞ് രഹസ്യപ്പൊലീസ്
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ എല്ലാ വളർത്തുപട്ടികളെയും കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് രാജ്യത്തെ സുപ്രീം ലീഡർ ആയ കിം ജോങ് ഉൻ. ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയിലി മെയിൽ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റ് ദക്ഷിണ കൊറിയൻ മാധ്യമങ്ങളും നിഷ്പക്ഷ പോർട്ടലുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷസാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന നായ്ക്കളെ ഹോട്ടലുകളിൽ ഭക്ഷണത്തിനായി വിട്ടു നൽകുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളർത്തുക എന്ന 'നികൃഷ്ടമായ', 'പാശ്ചാത്യ ബൂർഷ്വാ' പ്രവണത നിരോധിക്കാൻ കിം ഒരുങ്ങുന്നുണ്ട് എന്ന തരത്തിലുള്ള വിവരങ്ങൾ അനൗദ്യോഗികമായി പുറത്തുവരുന്നുണ്ടായിരുന്നു. മുതലാളിത്തം അടിച്ചേൽപ്പിക്കുന്ന ഉപഭോഗസംസ്കാരത്തെ എന്തുവിലകൊടുത്തും താൻ രാജ്യത്ത് വേരുറപ്പിക്കുന്നതിൽ നിന്ന് തടയുമെന്നു കിം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
രാജ്യത്ത് ഏതൊക്കെ വീടുകളിലാണ് ഇപ്പോൾ നിലവിൽ പട്ടികളുള്ളത് എന്ന് തന്റെ രഹസ്യപ്പൊലീസിന്റെ സഹായത്തോടെ കിം മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ പട്ടികളെ വളർത്തുന്നവർക്ക് ഒന്നുകിൽ സ്വമേധയാ അവയെ വിട്ടുനൽകാം, അല്ലെങ്കിൽ കിംമിന്റെ പൊലീസ് ബലം പ്രയോഗിച്ച് അവയെ കൊണ്ടുപോകും. ഇങ്ങനെ പിടിച്ചെടുക്കപ്പെടുന്ന നായ്ക്കളെ ഒന്നുകിൽ ഗവണ്മെന്റ് മൃഗശാലകളിലേക്കോ അല്ലെങ്കിൽ തലസ്ഥാനത്തെ പട്ടിയിറച്ചി വിളമ്പുന്ന പ്രീമിയം റസ്റോറന്റുകളിലേക്കോ ഒക്കെയാണ് സർക്കാർ ഇപ്പോൾ പറഞ്ഞയച്ചു കൊണ്ടിരിക്കുന്നത്. മാവോയുടെ കുരുവിക്കൊലയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മനുഷ്യന് തിന്നാള്ള ഭക്ഷണം പട്ടി തിന്നു മുടിപ്പിക്കുന്നെന്നും സർക്കാർ ആരോപിക്കുന്നുണ്ട്.
വർഷങ്ങളായി ഈ പട്ടികളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്ന പലർക്കും അവയെ വിട്ടുകൊടുക്കേണ്ട നിസ്സഹായാവസ്ഥയാണുള്ളത്. അവരിൽ പലരും വീട്ടിനുള്ളിൽ ഇരുന്നാണെങ്കിലും ഇപ്പോൾ സുപ്രീം ലീഡർ കിം ജോങ് ഉന്നിനെ ശപിച്ചുകൊണ്ടിരിക്കുകയാണ് എന്നൊരഭിപ്രായവുമുണ്ട്. വളർത്തുപട്ടിയെ വിട്ടുകൊടുത്തില്ലെങ്കിൽ കഴുത്തിനുമേൽ തല കാണില്ല എന്ന സാഹചര്യം വരുമ്പോൾ പലരും മനസ്സില്ലാ മനസ്സോടെയെങ്കിലും അതിനു വഴങ്ങുന്ന സാഹചര്യമാണുള്ളത്. പക്ഷേ നോക്കുക ഇങ്ങനെയൊക്കെയായിട്ടും ഉത്തര കൊറിയിൽ ഇതിനെതിരെ യാതൊരു പ്രതിഷേധവുമില്ല. ആ ജനത അടിമത്തം ആഘോഷിക്കുക.
ചാനലുകൾ ഇല്ല, സോണിക്കും ആപ്പിളിനും പ്രവേശനമില്ല
മനുഷ്യാവകാശങ്ങൾ തന്നെ നെല്ലിപ്പലക കണ്ടുകിടക്കുന്ന ഉത്തരകൊറിയ എന്ന രാജ്യത്ത്, മൃഗങ്ങളോടുള്ള ക്രൂരത എന്നത് സർക്കാരിന് അതിനു താഴെയുള്ള ഒരു പരിഗണന മാത്രമാണ്. എന്ന് മാത്രമല്ല, ഇങ്ങനെ പട്ടികളെ വളർത്തുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ വെറുക്കപ്പെടേണ്ട ലക്ഷണങ്ങളിൽ ഒന്നായി കിം ജോങ് ഉൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അക്കാര്യത്തിൽ ഇനി വേറെയൊരു സംവാദത്തിനുള്ള സാധ്യതകളും അവശേഷിക്കുന്നില്ല താനും. സാധാരണ കിം ജോങ് ഉൻ ഇങ്ങനെ പലതും പറയാറുണ്ട് എങ്കിലും ഇത്തവണ നടപ്പിലാക്കുന്ന കാര്യത്തിൽ കടുംപിടുത്തത്തിലാണ് സുപ്രീം ലീഡർ എന്നാണ് തുടക്കത്തിൽ തന്നെയുള്ള കർശനമായ ഈ നടപടികൾ സൂചിപ്പിക്കുന്നത്.
കടുത്ത നിയന്ത്രണങ്ങൽ കൊണ്ട് മറ സൃഷ്ടിച്ചു കഴിയുന്ന ഈ രാജ്യത്ത് വിചിത്ര നിയമങ്ങളാണ് നിലനിൽക്കുന്നത്. ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. പിന്നെ കിം ജോങ് ഉന്നിന്റെ അപദാനങ്ങളും അമേരിക്കയെയും ദക്ഷിണ കൊറിയയെയും കുറിച്ചുള്ള പരിഹാസങ്ങളുമാണ്. പ്രമുഖ ഇലക്ട്രോണിക്സ്,ടെക്നോളജി സേവനദാതാക്കളായ സോണിക്കും ആപ്പിളിനും രാജ്യത്ത് പ്രവേശനില്ല. സർക്കാർ ഉത്പ്പന്നങ്ങൾ ഉപയോഗിച്ചാൽ മതിയാകും.
ഇന്റർനെറ്റ് രാജ്യത്ത് ലഭ്യമാണെങ്കിലും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു; പ്രത്യേക അനുമതിയോട് കൂടി മാത്രം ഉപയോഗിക്കാവുന്നതും പ്രാഥമികമായി ഗവൺമെന്റ് ആവശ്യങ്ങൾക്കും വിദേശികളും മാത്രം ഉപയോഗിക്കുന്നതുമാണ് ഇത്. പ്രധാന സ്ഥാപനങ്ങൾക്കിടയിലുള്ള ഫൈബർ ഓപ്റ്റിക് ബന്ധങ്ങൾ ഉൾപ്പെടെ രാജ്യത്ത് ചില ബ്രോഡ്ബാൻഡ് സൗകര്യങ്ങളുണ്ട്.എന്നിരുന്നാലും, ഭൂരിഭാഗം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഓൺലൈൻ സേവനങ്ങൾ ക്വാങ്മ്യോംഗ് എന്ന പേരിൽ അറിയപ്പെടുന്ന സൗജന്യ ഇന്റർനെറ്റ്-നെറ്റ്വർക്ക് വഴി നൽകുന്നുണ്ട്. പക്ഷേ ഇത് വഴിയുള്ള ആഗോള ഇന്റർനെറ്റ് ലഭ്യത ചുരുക്കം ചിലർക്കായി പരിമിതപ്പെടുത്തിയിരിക്കയാണ്. അതായത് നമ്മുടെ നാട്ടിലെപോലെ തോന്നിയത് സേർച്ച് ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു സംവിധാനം ഉത്തരകൊറിയയിൽ ഇല്ലെന്ന് ചുരുക്കം.
എന്തെങ്കിലും കുറ്റം ചെയ്തു എന്ന് ഭരണ സംവിധാനത്തിന് തോന്നിക്കഴിഞ്ഞാൽ കുറ്റം ചെയ്ത/ചുമത്തപ്പെട്ട ആൾ മാത്രമല്ല ശിക്ഷ അനുഭവിക്കുന്നത്, അയ്യാളുടെ കുടുബംത്തിലെ എല്ലാവരും ശിക്ഷ അനുഭവിക്കണം. കുറ്റം ചെയ്യുന്ന ആളും ആളിന്റെ മാതാപിതാക്കളും ആളിന്റെ മക്കളും ഭാര്യയും ശിക്ഷ അനുഭവിക്കണം. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ എന്ന് തോനിപ്പോവും. വിമർശനങ്ങളെ തുടർന്ന് ഇപ്പോൾ ഇതിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
തലസ്ഥാന നഗരമായ പ്യോങ്ഗ്യാങിൽ കഴിയണമെങ്കിൽ തീർച്ചയായും സക്കാർ അനുവാദം വേണം. സമ്പന്നർ മാത്രം തലസ്ഥാന നഗരത്തിൽ താമസിച്ചാൽ മതി എന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരവ്. നമ്മുുടെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളേ നിങ്ങളെത്ര ഭാഗ്യവാന്മാർ, നിങ്ങൾ നിങ്ങളുടെ ഡെസ്കും ബെഞ്ചും തല്ലി പൊട്ടിക്കുമ്പോൾ അങ്ങ് ഉത്തര കൊറിയയിൽ ഇരുന്നു പഠിക്കുന്ന ബെഞ്ചിനും ഡെസ്കിനും വരെ ഫീസടയ്ക്കണം. മാത്രമല്ല കടുത്ത ദക്ഷിണ കൊറിയൻ വെറിയാണ് ഇവിടുത്തെ കണക്കുപുസ്തകത്തിന്റെപോലും അടിസ്ഥാനം. 'ഒരുപട്ടാളക്കാരൻ മൂന്ന് ദക്ഷിണകൊറിയൻ പട്ടാളക്കാരനെ വെടിവെച്ചു കൊന്നു എന്ന്വെക്കുക, അങ്ങനെയാണെങ്കിൽ അഞ്ചു പട്ടാളക്കാർ എത്രപേരെ കൊന്നരിക്കും' എന്ന ചോദ്യം ചോദിച്ചാണ് ഗണിതമൊക്കെ പഠിപ്പിക്കുന്നത്!
ഉത്തര കൊറിയയൽ ബൈബിൾ കൈവശം വെക്കുന്നത് ഇപ്പഴും കുറ്റകരമായ പ്രവർത്തിയാണ്. പാശ്ചത്യസംസ്കാരം പ്രചരിപ്പിക്കാൻ ബൈബിൾ സഹായിക്കും എന്ന കാരണത്താൽ ബൈബിളിന് രാജ്യത്ത് പ്രവേശനമില്ലത്രേ.പക്ഷേ ഇപ്പോൾ ഈ നിയമം അങ്ങനെ കർശനമാക്കാറില്ല.
ഹോളിവുഡ് സിനിമകാണുന്നതും കുറ്റം
ഹോളിവുഡ് സിനിമകൾ കണ്ടു എന്ന കുറ്റത്തിന്റെ പേരിൽ ഫയറിങ്ങ് സ്ക്വാഡ് വെടിവെച്ചുകൊല്ലുന്ന രാജ്യം! സ്റ്റേറ്റ് പറയുന്ന രീതിയില്ലാതെ മുടിവെട്ടുകയോ, വസ്ത്രം ധരിക്കുകയോ ചെയ്താൽ പോലും ജയിലിൽ ആവുന്ന രാജ്യം. ഇന്റൻനെറ്റില്ല, ഫേസ്ബുക്കില്ല വാടസാപ്പില്ല. ചാനലുകൾ ഇല്ല. സർക്കാർ ടെലിവിഷനിലെ വാർത്തകൾ മാത്രം കേൾക്കണം. എവിടെയും ഭീതിയും ചാരക്കണ്ണകളും. സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞാൽ അന്നുരാത്രി കതകിൽ രണ്ടു മുട്ടുകേൾക്കാം. പട്ടാള ഉദ്യോഗ്സഥർ കൊണ്ടുപോകുന്ന നിങ്ങളെ കുറിച്ച് പിന്നെ ഒരു വിവരവും ഉണ്ടാവില്ല.ക്രിസ്മസ് ഇല്ല ഈസ്റ്ററില്ല, ബക്രീദും റമദാൻനോമ്പും ഒന്നുമില്ല. ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇവിടെ ആഘോഷിച്ചത് പ്രസിഡന്റിന്റെ മുത്തശ്ശിയുടെ ജന്മദിനമാണ്
മതങ്ങളെ നിരോധിച്ചിട്ടില്ലെങ്കിലും അവക്കൊന്നു തലപൊക്കാനുള്ള യാതൊരു സ്പേസുമില്ല. ആരാധനാലയങ്ങൾ അപൂർവം. എന്ത് ഭക്ഷിക്കണം എന്ത് വിശ്വസിക്കണം എന്നതെല്ലാം സ്റ്റേറ്റ് ടെലവിഷനിലൂടെ സർക്കാർ പറഞ്ഞു തരും. രാജ്യത്തിനുവേണ്ടി മരിക്കയാണ് ഒരു പൗരന്റെ പ്രധാന കടമ. നാവടക്കുക, പണിയെടുക്കുക... ഒരേ ഒരു പൊതു അവധിയാണ് രാജ്യത്തുള്ളത്് . അതായത് പ്രസിഡന്റിന്റെ ജന്മദിനം. സാധാരണ ജനങ്ങൾക്ക് മോട്ടോർ വാഹനങ്ങൾ വാങ്ങാൻ അവകാശമില്ല. പട്ടാളക്കാരോ ഗവൺമെന്റ് ജോലിക്കാരോ ആയ ഉദ്യോഗസ്ഥർക്കുമാത്രമേ മോട്ടോർ വാഹനങ്ങൾ വാങ്ങാൻ അവകാശമുള്ളൂ. പക്ഷേ ഇവിടെ ജനാധിപത്യമുണ്ട്. മൽസരിക്കുന്നത് ഒരേ ഒരു പാർട്ടി മാത്രം. 99.99 ശതമാനം വോട്ടുനേടി എല്ലാതവണയും അവർ ജയിക്കകയും ചെയ്യും! ഓർക്കുക, എന്തൊരു ഭ്രാന്തൻ നാട്.
ഇനി ഇങ്ങയൊക്കെയാണെങ്കിലും സാമ്പത്തിക പുരോഗതിയും സമാധാനവും ഉണ്ടെങ്കിൽ ആശ്വസിക്കാമായിരുന്നു. വികസിത രാജ്യങ്ങളിൽ 80 കളിൽ ജീവിച്ചപോലെയാണ് ഇവിടുത്തെ ജന ജീവിതം. ടീവിയും ഫ്രഡ്ജും പോലും ലക്ഷ്വറിയാണ്. ഭക്ഷണ സാധനങ്ങൾക്കും ഇടക്കിടെ ക്ഷാമം വരും. അപ്പോൾ മണിക്കുറുകൾ വരി നിന്നാണ് അത്യവശ്യ സാധനങ്ങൾ വങ്ങേണ്ടത്. അത്യുഷ്ണവും അതിശൈത്യവും പകർച്ചവ്യാധിയും പട്ടിണയുമൊക്കെ കാലാകാലങ്ങളിൽ വന്ന് ആയിരങ്ങൾ മരിക്കുന്നതൊന്നും ഒരു പ്രശ്നവുമല്ല. അതെല്ലാം രാജ്യം കെട്ടിപ്പടുക്കാനുള്ള വെല്ലുവിളികൾ മാത്രം. ഒരു കൊക്കക്കോളാ കുപ്പിപോലും ആഡംബരമായ നാട്ടിൽ പക്ഷേ ക്ഷാമമില്ലാത്ത ഒന്നുണ്ട്. തോക്കുകളും ബോബുകളും അണ്വായുധങ്ങളും.
ഇഷ്ടമുള്ള രീതിയിൽ മുടിവെട്ടിയാൽ അകത്താവും
2013ലാണ് ഉത്തര കൊറിയൻ പൗരന്മാർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ, മുടിവെട്ടുനിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. ഗവൺമെന്റ് അംഗീകൃതമായ നിശ്ചിത ഹെയർ സ്റ്റൈലുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള മുടിവെട്ടുകൾ അച്ചടക്കമില്ലായ്മയായും സാമൂഹ്യവിരുദ്ധതയായും ഗവൺമെന്റ് കാണുന്നു. ഇങ്ങനെ മുടിവെട്ടുന്നവരെ നിരീക്ഷിക്കാനും, പിടികൂടി ശിക്ഷിക്കാനും അവിടെ പ്രത്യേകം സ്ക്വാഡുകൾ നിയമിതമാണ്. കടുത്ത ശിക്ഷകളാണ് അച്ചടക്കമില്ലായ്ക ക്ഷണിച്ചു വരുത്തുക.
രാജ്യത്തെ ഏക പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ യുവജന വിഭാഗത്തെ തന്നെയാണ് സെൻട്രൽ കമ്മിറ്റി ഈ അച്ചടക്കപരിപാലനദൗത്യവും വിശ്വസിച്ചേൽപ്പിച്ചിട്ടുള്ളത്. സമൂഹത്തിനു മാതൃകയാക്കേണ്ട പെരുമാറ്റങ്ങളും ശീലങ്ങളും എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ക്ളാസുകൾ പാർട്ടിയുടെ ബൗദ്ധികകേന്ദ്രത്തിൽ നിന്നുള്ള വിചക്ഷണർ മുടങ്ങാതെ കലാലയങ്ങളിലും, ഫാക്ടറികളിലും, സ്കൂളുകളിലും ഒക്കെ നൽകിവരുന്നുണ്ട്. അതിനു പുറമെയാണ് തെരുവുകൾ തോറും നിരീക്ഷകരെ നിയോഗിച്ച്, വേണ്ടത്ര 'നവോത്ഥാനം' സിദ്ധിച്ചിട്ടില്ലാത്ത, തലതെറിച്ച യുവാക്കളെ കണ്ടെത്തിയുള്ള ഈ 'നന്നാക്കൽ യജ്ഞങ്ങൾ'. യുവാക്കളായ പൗരന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായക്കും അന്തസ്സിനും കളങ്കം ചേർത്തുമെന്നാണ് ഭരണകർത്താക്കൾ പറയുന്നത്.
തലമുടി വെട്ട്, അഥവാ ഹെയർ സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ സെൻട്രൽ കമ്മിറ്റിക്ക് കടുത്ത നിലപാടുകളാണുള്ളത്. അത് അവർ അതീവ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ മറ്റുപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും, കമ്മിറ്റി അംഗീകരിച്ച 15 വീതം ഹെയർ സ്റ്റൈലുകളിൽ ഏതെങ്കിലും ഒന്ന് തങ്ങൾക്കായി തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീപുരുഷന്മാർക്ക് ഉണ്ടെന്നുമാണ് പാർട്ടി വക്താക്കൾ പറയുന്നത്. ഈ 15 സ്റ്റൈലുകളും പ്യോങ്യാങ്ങിലെ സകല സലൂണുകളിലും സചിത്രം വ്യക്തമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ നീളത്തിൽ മുടിവളർത്താനോ മുടി കളർ ചെയ്യാനോ ഉത്തര കൊറിയയിൽ അനുവാദമില്ല. ഓരോ സ്റ്റൈലും എത്ര സെന്റീമീറ്റർ നീളം, വീതി, മുടിയുടെ കട്ടി തുടങ്ങിയ പലതും കൃത്യമായി സർക്കാർ നിഷ്കര്ഷിച്ചിട്ടുണ്ട്. എന്നാൽ, വശങ്ങൾ പറ്റെ വടിച്ചിറക്കുന്ന കിം ജോങ് ഉന്നിന്റെ വിശേഷ ഹെയർ സ്റ്റൈൽ ഈ ലിസ്റ്റിൽ ഇല്ല. അത് അനുകരിക്കാൻ പൗരന്മാർക്ക് അനുവാദവുമില്ല. താടിമീശകൾ വളർത്തുന്നതും നിരോധിതമാണ്.
മിനി സ്കർട്ടുകളും ഹെഹീൽഡ് ഷൂസുകളും ബൂർഷ്വാ സംസ്ക്കാരം
തലമുടിക്ക് മാത്രമല്ല നാട്ടിൽ നിയന്ത്രണമുള്ളത് ഇറക്കം കുറഞ്ഞ മിനി സ്കർട്ടുകളും 'സാമൂഹ്യവിരുദ്ധ'മായി തന്നെയാണ് ഗവൺമെന്റ് കാണുന്നത്. മുട്ടിന് മേലോട്ട് കയറാത്ത രീതിയിലുള്ള ട്രൗസറുകൾ ധരിക്കാൻ കൊറിയയിൽ സ്ത്രീകൾക്ക് അവകാശമുണ്ട്. ഹൈ ഹീൽഡ് ഷൂസുകൾ സ്ത്രീകൾക്ക് നിരോധിതമാണ്. സ്കിൻ ടൈറ്റ് ആയ ജീൻസുകളും മറ്റും നിരോധിതമാനവിടെ. പ്രകോപനപരമായ എഴുത്തുകളുള്ള ടീഷർട്ടുകൾക്കും വിലക്കുണ്ട്. വൈദേശികമാണ് എന്ന് തോന്നിക്കരുത് നിങ്ങളുടെ വസ്ത്രധാരണം എന്നതാണ് പ്രഥമനിർദ്ദേശം.
യുവാക്കളുടെ ഫാഷൻ നിയമലംഘനങ്ങളെ പിടികൂടാനായി, 'ഫാഷൻ പൊലീസ്' എന്നപേരിൽ പെട്രോൾ സംഘങ്ങൾ തെരുവുകളിൽ സജീവമാണ് വടക്കൻ കൊറിയയിൽ. ശിക്ഷയുടെ ആദ്യഘട്ടം പൊലീസ് വക ഉപദേശവും ഭീഷണിയുമാണ്. അടുത്തഘട്ടം മണിക്കൂറുകൾ നീളുന്ന 'സംസ്കാര' ക്ളാസ്സുകളും. അടുത്തതായി ഫൈനടിക്കൽ തൊട്ട് ആഴ്ചകൾ നീണ്ട ജയിൽ വാസം വരെയുള്ള ശിക്ഷകൾ ഇങ്ങനെയുള്ള അച്ചടക്ക ലംഘനങ്ങൾക്ക് കൈമാറി വരുന്നുണ്ട് ഗവൺമെന്റ്. ഇനി ഇങ്ങനെയൊക്കെ ആയി മടുത്ത് രാജ്യം വിടാൻ ശ്രമിച്ചാലും കുടുങ്ങും. പിടിക്കപ്പെട്ടാൽ പിന്നെ ജീവിതം ദൂസ്സഹമാണ്.
നാടുവിട്ടാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ ക്രൂരപീഡനം
ഉത്തരകൊറിയ വിടാൻ ശ്രമിക്കുന്ന സ്ത്രീകൾക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്. 100 സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2009 നും 2019 നും ഇടയിൽ നോർത്തുകൊറിയ വിടാൻ ശ്രമിച്ചതിന് തിരികെയെത്തിച്ച് തടവിൽ പാർപ്പിച്ചവരാണിവർ. തടങ്കലിലായിരിക്കെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളടക്കം നിരവധി മനുഷ്യാവകാശലംഘനങ്ങളാണ് ഇവർക്കുനേരെയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
''സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ജോലി തേടിയും മറ്റും രാജ്യം വിടാൻ തീരുമാനിച്ച ഈ സ്ത്രീകളുടെ കഥകൾ ഹൃദയം തകർക്കുന്നതാണ്. അവരൊടുക്കം ശിക്ഷിക്കപ്പെടുകയാണുണ്ടായത്. അവർക്ക് കൂടുതൽ കരുതൽ നൽകുകയാണ് വേണ്ടത്. അല്ലാതെ, തടങ്കലിൽ വയ്ക്കുകയും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യരുത്. ' യു എൻ ഹൈകമ്മീഷണർ ഫോർ ഹ്യുമൻ റൈറ്റ്സ് മിഷേൽ ബാഷലെറ്റ് പറയുന്നു. ''ഈ സ്ത്രീകൾക്ക് നീതിക്കും സത്യത്തിനും നഷ്ടപരിഹാരത്തിനും അവകാശമുണ്ട്'' എന്നും അവർ കൂട്ടിച്ചേർത്തു.
എന്തെങ്കിലും കാരണങ്ങളാൽ രാജ്യം വിടാൻ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായിട്ടാണ് മുദ്രകുത്തുന്നത്. ഇവർക്ക് അഞ്ചുവർഷം വരെ തടവും ശിക്ഷയായി ലഭിക്കാം. അതിർത്തികളിലൂടെയുള്ള യാത്ര തന്നെ അപകടകരമാണ്. ഇങ്ങനെ ശ്രമിക്കുന്നവരിൽത്തന്നെ പലരും മനുഷ്യക്കടത്തിനോ ലൈംഗികാതിക്രമത്തിനോ, നിർബന്ധിതവിവാഹത്തിനോ ഒക്കെ ഇരയായി മാറാറുണ്ട്. എന്നാൽ, ഉത്തര കൊറിയയിലേക്ക് തന്നെ തിരികെയെത്തുന്നവരുടെ അവസ്ഥയും കഷ്ടമാണ് എന്നാണ് യു എൻ റിപ്പോർട്ട് പറയുന്നത്.
സ്ത്രീകളെ ശുചിയില്ലാത്ത, മോശപ്പെട്ട സാഹചര്യങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. അവരെ നിരീക്ഷിക്കാൻ എപ്പോഴും പുരുഷ ഗാർഡുകളുണ്ടാവും. അവർക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല, പുറത്തേക്കിറങ്ങാനും സ്ത്രീകൾക്ക് അത്യാവശ്യം വേണ്ടിവരുന്ന സാനിറ്ററി ഉത്പന്നങ്ങൾ വാങ്ങാൻ പോലുമുള്ള അനുവാദമില്ല. ഒരു സ്ത്രീ പറഞ്ഞത്, അവർ തടങ്കലിലായിരിക്കുന്ന സമയത്ത് തന്നെ പോഷകാഹാരക്കുറവുകാരണം ആറുപേർ മരിച്ചുവെന്നാണ്. രാജ്യത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന, വിചാരണക്ക് മുന്നേ ആളുകളെ പാർപ്പിക്കുന്ന ഈ സ്ഥലങ്ങളിൽ ചിലപ്പോൾ ശിക്ഷയായി രാവിലെ മുതൽ വൈകുന്നേരം വരെ സ്ത്രീകൾ മുട്ടുകുത്തി ഇരിക്കുകയോ കാലുകൾ ക്രോസ് ചെയ്തിരിക്കുകയോ വേണ്ടിവരും. ഭക്ഷണം കഴിക്കാനോ മറ്റോ ആണോ അതിനിടയിൽ അനുവാദം കിട്ടുക. 2016 -ൽ തടവിൽ പാർപ്പിച്ച ഒരു സ്ത്രീ പറഞ്ഞു.
'നീണ്ടസമയം ഒരേരീതിയിലിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കുറച്ചുപോലും അനങ്ങാനുള്ള അനുവാദമുണ്ടായിരുന്നില്ല. ശിക്ഷയായി 100 തവണ പുഷ് അപ്പ് എടുക്കേണ്ടി വന്നിട്ടുണ്ട്. 30 തവണ മാത്രമേ എനിക്കത് ചെയ്യാനായുള്ളൂ. അതിനുപറ്റുന്നില്ലെങ്കിൽ വേറൊരു രീതിയിൽ ശിക്ഷിക്കാമെന്ന് പറഞ്ഞ ഓഫീസർ പിന്നീടെന്നെ രണ്ടുവട്ടം സ്റ്റീലിന്റെ വടികൊണ്ട് അടിക്കുകയായിരുന്നു' ഒരു സ്ത്രീ പറയുന്നു.
തടവറയിലും ബലാത്സംഗം
ചൈനയിലേക്ക് പോയവർ പലരും ക്രൂരമർദ്ദനത്തിനാണ് ഇരയായത്. പലരും ചൈനയിലേക്ക് പോയകാര്യം വെളിപ്പെടുത്താതിരിക്കാൻ ശ്രമിച്ചു. 2012 -ൽ പിടിക്കപ്പെട്ട ഒരു സ്ത്രീ പറയുന്നത് നൂറുപേരെ ഒരു ലേബർ സൈറ്റിൽ പണിയെടുപ്പിച്ചിരുന്നു. കൂട്ടത്തിലൊരാൾക്ക് ആ ദിവസത്തെ നിശ്ചയിക്കപ്പെട്ട ജോലി പൂർത്തിയാക്കാനായില്ലെങ്കിൽ എല്ലാവരേയും ശിക്ഷിച്ചിരുന്നു. രാവിലെവരെ മുറ്റത്ത് നടക്കേണ്ടി വരുമായിരുന്നു. പലരെയും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും പലരുടെയും ബോധം പോകുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട് എന്നും പല സ്ത്രീകളും വെളിപ്പെടുത്തി.
അതുപോലെതന്നെ നിർബന്ധിതമായി അവരെ നഗ്നരാക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. പലരും ഗാർഡുമാരാൽ ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്തു. തടവിലാക്കപ്പെട്ട ആദ്യദിനം തന്നെ ഓഫീസറുടെ മുറിയിൽവച്ച് ബലാത്സംഗം ചെയ്യപ്പെട്ട അനുഭവമാണ് ഒരു സ്ത്രീ വെളിപ്പെടുത്തിയതെന്ന് യു എൻ റിപ്പോർട്ട് പറയുന്നു. അയാൾ പറയുന്നതുപോലെ അനുസരിച്ചാൽ അവളെ എത്രയും വേഗം വിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു സ്ത്രീ പറഞ്ഞത്, ഒരാൾ ലൈംഗികാതിക്രമത്തെ ചെറുത്തതിന് പകരമായി മുഴുവൻ സ്ത്രീകൾക്കും ഭക്ഷണം നിഷേധിക്കപ്പെട്ടുവെന്നാണ്. ഗർഭിണികളായ സ്ത്രീകളെയും ഗാർഡുമാർ ലക്ഷ്യം വച്ചിരുന്നു. അവരെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുകയും അവരെ തല്ലുകയുമുണ്ടായി. അത് ഗർഭമലസിപ്പോകാൻ കാരണമായിത്തീരുകയും ചെയ്തു. പൂർണഗർഭിണിയായിരിക്കുന്നവരെയും വെറുതെ വിട്ടില്ല. ഗർഭമലസിക്കുന്നതിനായി ഭാരമുള്ള കല്ലുകളും മറ്റും പുറത്തുവെപ്പിച്ച് നടത്തുകയും മറ്റും ചെയ്തു. ചൈനയിൽ നിന്ന് മടങ്ങേണ്ടി വന്നവരെയാണ് കൂടുതലും ശിക്ഷിച്ചിരുന്നത്.
വേദനയുണ്ടാക്കുന്ന സംഭവങ്ങളെന്നാണ് യു എൻ ഈ പീഡനങ്ങളെ വിശേഷിപ്പിച്ചത്. ഉത്തരകൊറിയൻ സർക്കാരിനോട് ഈ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാനും അവരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള അവരുടെ യാത്ര തടസപ്പെടുത്തരുതെന്നും യു എൻ നിർദ്ദേശിച്ചിട്ടുണ്ട്.
ജനത്തിന് പട്ടിണി; പക്ഷേ കിമ്മിന് ആനന്ദം
രാജ്യത്തിന്റെ ഒരുഭാഗത്ത് പട്ടിണികൊണ്ടും പോഷകാഹാരമില്ലാതെയും ജനം വലയുമ്പോൾ മറ്റൊരുഭാഗത്ത് സുഖലോലുപതയിൽ ഉത്തരകൊറിയയുടെ ഏകാധിപതിയും അയാളുടെ കിങ്കരന്മാരും ലോകത്തെ മുഴുവൻ ഒരു ആണവയുദ്ധത്തിന്റെ ഭീതിയിൽ നിലനിർത്തുന്നു. ഉത്തരകൊറിയയിൽ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമേ പോഷകാഹാരം ലഭ്യമാകുന്നുള്ളൂ. മറ്റുള്ളവരുടെ അവസ്ഥ ദയനീയമാണെന്ന് 'ആംനെസ്റ്റി ഇന്റർനാഷണലും റെഡ്ക്രോസും' സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നു. സ്വാതന്ത്രാനന്തരം ജനങ്ങൾ എത്രമാത്രം പട്ടിണി നേരിട്ടെന്നതിനെ ചൂണ്ടിക്കാട്ടുന്നതാണ് ആംനെസ്റ്റി ഇന്റർനാഷണന്റെ ഏറ്റവുംപുതിയ പഠനം. ഇതിൽ പറയുന്നത് ഇപ്പോൾ ജനിച്ചുവളരുന്ന ഉത്തരകൊറിയക്കാർ അയൽക്കാരായ ദക്ഷിണകൊറിയക്കാരേക്കാൾ ഒന്ന് മുതൽ രണ്ടിഞ്ചുവരെ ഉയരം കുറഞ്ഞവരാണെന്നാണ്.
കിം ജോങ് ഉന്നിന്റെ ഗുരുതരാവസ്ഥയിലാക്കിയത് അമിതമായ തീറ്റയും കുടിയും ലൈംഗികയും തന്നെയെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നത്. സ്ത്രീലമ്പടൻ എന്ന നേരത്തെ തന്നെ ആരോപണം ഉയർന്ന കിം അടുത്തകാലത്തായി തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അൽപ്പം ആശങ്കാകുലനാണ്. പ്രഡിൻന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹപരായ പ്രവർത്തനമാണെന്ന് പലരും കരുതിയിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയിലി എൻകെ മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു! ്ഉത്തരകൊറിയിൽനിന്ന് രക്ഷപ്പെട്ട പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പ്രസിഡന്റുമായി അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായണത്രേ ഇവിടുത്തെ പെൺകുട്ടികൾ കരുതുന്നത്. തിനക്ക ഇഷ്ടമുള്ളവരെ തട്ടിക്കൊണ്ടുപോയി കിം പീഡിപ്പിച്ച സംഭവങ്ങളും നിരവധിയാണ്.
ഇതിനാലാണ് കിം പരമ്പരാഗത ചൈനീസ് വൈദ്യത്തിലുള്ള സ്നേക്ക് വൈൻ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് അറിയുന്നത്. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. വിഷസർപ്പങ്ങൾക്കു പകരം ഇപ്പോൾ മൂർഖന്റെ വിഷം ചേർക്കുമെന്നാണ് പറയുന്നത്. ഈ വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്ലി എൻകെ പറയുന്നു. 'കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു അവർ റിപ്പോർട്ട് ചെയ്തു.
മരണങ്ങളെ ആസ്വദിക്കുന്ന ഭരണാധികാരി
'അധികാരത്തിന്റെ ഗോതമ്പുമാവ് കുഴച്ചെടുക്കാൻ ഏറ്റവും നല്ലത് ചോരയാണ്' എന്ന ചൊല്ല് ഏറ്റവും ശരിയാവുന്നത് കിം കിം ജോങ് ഉന്നിന് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപാടെ ഗറില്ലായുദ്ധമുറകളിലൂടെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്തുകൊറിയ എന്ന കമ്യൂണിസ്റ്റ് രാജ്യം സ്ഥാപിച്ച അന്നുതൊട്ടേ അത് പ്രവർത്തിച്ചു കാണിച്ച പാരമ്പര്യമാണ് ഉത്തര കൊറിയയിലെ കിം കുടുംബത്തിന്റേത്. ഈ രാജ്യത്ത്, പേരിൽ മാത്രം നിലനിൽക്കുന്ന കാര്യങ്ങളാണ് 'ജനാധിപത്യ'വും 'ജനങ്ങളുടെ റിപ്പബ്ലിക്കും' എല്ലാം. സമഗ്രാധിപത്യത്തിന് എത്രമേൽ ഭീഷണമായ രീതിയിൽ ഒരു സമൂഹത്തെ പൂണ്ടടക്കം പിടിക്കാമോ അത്രയ്ക്ക് പിടിച്ചുവെച്ചിരിക്കുകയാണ് ഉത്തരകൊറിയയിൽ. കിം കുടുംബത്തിലെ ഏറ്റവും ഇലമുറക്കാരനായ കിം ജോങ് ഉൻ ആകട്ടെ, തന്റെ അധികാരത്തിനു വിഘാതമാണ് എന്ന് തോന്നുന്നപക്ഷം ആരെയും ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്ത ഒരാളെന്ന കുപ്രസിദ്ധിയാർജ്ജിച്ച വ്യക്തികൂടിയാണ്. അത് 2013 -ൽ തന്റെ അമ്മാവനെയും, 2017 -ൽ സ്വന്തം സഹോദരനെത്തന്നെയും ഈ ഭൂമുഖത്തുനിന്ന് പറഞ്ഞയച്ചപ്പോൾ അദ്ദേഹം തെളിയിച്ചതാണ്. ചൈനയിൽനിന്ന് എത്തിയ കോവിഡ് രോഗിയായ ഭടനെ വെടിവെച്ച് കൊന്നത് അടക്കമുള്ള നിറം പിടിപ്പിച്ച നൂറുകണക്കിന് കഥകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്..
സഹോദരൻ കിം ജോങ് നാമിനെ വാടകക്കൊലയാളികൾ മലേഷ്യയിൽ കോലാലംപുരിലെ വിമാനത്താവളത്തിന്റെ ലൗഞ്ചിൽ വെച്ച് അതിമാരകമായ നെർവ് ഗ്യാസ് ഉപയോഗിച്ച് വധിച്ചു കളഞ്ഞതിന് കൃത്യം അഞ്ചു മാസങ്ങൾക്കുള്ളിലാണ് സുപ്രീം ലീഡർ കിം ജോങ് ഉൻ അമേരിക്കവരെ ചെന്നെത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ലോകത്തെ വീണ്ടും ഞെട്ടിച്ചു കളഞ്ഞത്. അതിനു തൊട്ടു പിന്നാലെ, അമേരിക്ക ഹിരോഷിമയിൽ പരീക്ഷിച്ചതിന്റെ പതിനേഴിരട്ടി പ്രഹരശേഷിയുള്ള ഒരു അണ്വായുധവും ഉത്തരകൊറിയ പരീക്ഷിച്ചാണ് ലോകത്തെ ഞെട്ടിച്ചത്.
1984 -ൽ ജനിച്ച കിം ജോങ് ഉന്നിനെ രണ്ടു വർഷം പിന്നോട്ടടിപ്പിച്ച് മുത്തച്ഛനും അച്ഛനുമായുള്ള ജനനപ്രാസം നിലനിർത്തിയാണ് ജനനതീയതിപോലും ഉണ്ടാക്കിയത. സ്വിറ്റ്സർലണ്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കിം ജോങ് ഉന്നിന് പാശ്ചാത്യലോകത്തിന്റെ രഹസ്യങ്ങൾ അറിയാമായിരുന്നു എന്നും, സൈനികവൃന്ദങ്ങളെ നിയന്ത്രിക്കുന്നതിൽ അമാനുഷികമായ സിദ്ധികളുണ്ടെന്നും പ്രൊപ്പഗാൻഡിസ്റ്റുകൾ പതിവുപോലെ സ്തുതിപാടി. അച്ഛന് പകരം, മുത്തച്ഛനെ അനുകരിച്ച്, അതേപോലുള്ള ഹെയർ സ്റ്റൈൽ സ്വീകരിച്ച് സ്വന്തം ജനതയുടെ കിം ഇൽ സങ് നൊസ്റ്റാൾജിയ മുതലെടുക്കാൻ കിം ജോങ് ഉൻ ശ്രമിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. ഈയിടെ അദ്ദേഹം ഗുരുതരാവസ്ഥയിലായപ്പോൾ കൊറിയയിലെ സാധാരണക്കാരിൽ വലിയ സഹതാപമാണ് ഉണ്ടായത്.
അതായതുകൊറിയിലെ ജനങ്ങൾ തങ്ങൾ അനുഭവിക്കുന്നത് അടിമത്തമാണെന്ന് പോലും മനസ്സിലാവുന്നില്ല. അവരുടെ കാഴ്ചപ്പാടുവെച്ച് അവർ മഹത്തായ ഒരു വിപ്ലവ പ്രവർത്തനത്തിൽ ഏറെപ്പെട്ടരിക്കയാണ്! അങ്ങനെയാണ് ചെറുപ്പം മുതലുള്ള പ്രൊപ്പഗാൻഡകൾ അവരെ പഠിപ്പിച്ചിരിക്കുന്നത്. കമ്യൂണിസം പോലുള്ള ആശയങ്ങൾ മനുഷ്യന്റെ തലച്ചോറുകളെ എങ്ങനെ പരുവപ്പെടുത്തിയെടുക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഉത്തര കൊറിയൻ അനുഭവങ്ങൾ.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ