- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ് മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്; റാന്നിയിൽ രാജു എബ്രഹാമിനെ വെട്ടി പിണറായി മാണി ഗ്രൂപ്പിന് സീറ്റു നല്കുമ്പോൾ മത്സര രംഗത്തുണ്ടാകുക ഇവരിലൊരാൾ; സ്കറിയാ തോമസിന്റെ പേരും പരിഗണനയിൽ
പത്തനംതിട്ട: കേരളാ കോൺഗ്രസി(എം)ന് വിട്ടു നൽകാൻ തീരുമാനമായ റാന്നി സീറ്റിൽ ആരാണ് മത്സരിക്കുക എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പാർട്ടി ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ്മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നിരിക്കുന്നത്. സ്കറിയ തോമസ് മാണി ഗ്രൂപ്പിലേക്ക് ചേർന്ന് റാന്നിയിൽ മത്സരിക്കുമെന്നൊരു അഭ്യൂഹവും പാർട്ടിക്കാർക്കിടയിൽ പ്രചരിക്കുന്നുണ്ട്.
തുടർച്ചയായി അഞ്ചു വർഷം രാജു ഏബ്രഹാം മത്സരിച്ച് വിജയിച്ച സീറ്റാണ് റാന്നി. പിണറായി വിജയന് അത്ര താൽപര്യമില്ലാത്തതു കൊണ്ടാണ് ഇക്കുറി ഒഴിവാക്കിയത് എന്നാണ് പാർട്ടിക്കാർക്ക് ഇടയിലെ സംസാരം. രാജുവിന് റാന്നിയിൽ ഒരു അവസരം കൂടി നൽകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നു. രാജു മാറുകയാണെങ്കിൽ പിഎസ് സി അംഗം റോഷൻ റോയി മാത്യുവിന് അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. പിഎസ് സി അംഗമെന്ന നിലയിൽ മൂന്നു വർഷം കൂടിയുള്ള റോഷൻ താൽപര്യം പ്രകടിപ്പിച്ചില്ല. മാത്രവുമല്ല, രാജുവിനെ മാറ്റി തനിക്ക് ഒരു സീറ്റു വേണ്ടെന്ന നിലപാടും റോഷന് ഉണ്ടായിരുന്നു.
ഐപിസി സഭക്കാരനായ കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എൻഎം രാജു വ്യവസായി കൂടിയാണ്. സാമ്പത്തിക സ്ഥാപനങ്ങളും ടെക്സ്റ്റയിൽസ് ഷോപ്പുകളും സ്വന്തമായുണ്ട്. തിരുവല്ല സ്വദേശിയാണ്. കെഎം മാണിയുടെ കാലത്ത് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ലിഫ്ട് പണിതു കൊടുത്തത് എൻഎം രാജുവായിരുന്നു.
തുടർന്ന് വിക്ടർ ടി തോമസിനെ നീക്കി ജില്ലാ പ്രസിഡന്റാക്കി മാറ്റി. രാജുവിനോട് യോജിച്ച് പോകാൻ കഴിയാതെ വിക്ടർ ടി തോമസും ജോസഫ് എം പുതുശേരിയും സാം ഈപ്പനും അടങ്ങുന്ന നേതാക്കൾ ജോസഫ് ഗ്രൂപ്പിലേക്ക് പോയി. എൻഎം രാജു മത്സരിക്കുന്നതിനോട് സിപിഎമ്മിന് അത്ര താൽപര്യമില്ല. അങ്ങനെ വന്നാൽ അടുത്ത പരിഗണനയാണ് അഡ്വ. മനോജ് മാത്യുവിനുള്ളത്. ഓർത്തഡോക്സ് സഭയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിക്കും. കൊല്ലം ജില്ലാ പ്രസിഡന്റായ ബെന്നി കക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുനലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
രാജു ഏബ്രഹാം വ്യക്തി ബന്ധങ്ങൾ കൊണ്ട് ഇടതു കോട്ടയാക്കി മാറ്റി മണ്ഡലമാണ് റാന്നി. നേരത്തേ യുഡിഎഫ് തേരോട്ടം നടത്തിയിരുന്ന മണ്ഡലം 1996 ലാണ് രാജു ഏബ്രഹാം പിടിച്ചെടുത്തത്.2001, 2006, 2011, 2016 വർഷങ്ങളിൽ എതിരാളികൾ മാറി വന്നെങ്കിലും വിജയം രാജുവിനായിരുന്നു. ബിജെപിയുടെ വോട്ട് കൂടി നേടിയാണ് രാജു വിജയിച്ചിരുന്നത്. ബിജെപിയുടെ നേതാക്കളുമായി അടുത്ത ബന്ധം തന്നെ രാജു പുലർത്തിയിരുന്നു. ഓരോ തവണയും ഭൂരിപക്ഷം വർധിക്കാൻ കാരണമായതും ഇതു തന്നെയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്