ന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ പത്രപ്രവർത്തകൻ പി.സായ്നാഥ് മൂന്നു വർഷം മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട്. അഞ്ചു വർഷം കഴിഞ്ഞാൽ താൻ ഉൾപ്പെടെ ഇന്ത്യയിലെ പത്രപ്രവർത്തകരെല്ലാം റിലയൻസ് കമ്പനിയിൽനിന്നു ശമ്പളം പറ്റുന്നവരായി മാറിയേക്കാം എന്നാണ് സായ്നാഥ് പറഞ്ഞത്. അതിനൊരു പശ്ചാത്തലമുണ്ട്. 2014ലാണ് നെറ്റ്‌വർക്ക് 18 എന്ന ടെലിവിഷൻ ചാനൽ കമ്പനി റിലയൻസ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഒരു ചാനൽ ഏറ്റെടുക്കുന്നത് വലിയ സംഭവമാണോ എന്നു ചോദിച്ചേക്കാം. സംഭവമാണ്. കാരണം നെറ്റ്‌വർക്ക് 18 ഇന്ത്യയിലെ ഏറ്റവും വലിയ ചാനൽ കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ-വ്യവസായ സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ വിനോദ-വാർത്താ സംവിധാനം കൈവശപ്പെടുത്തുമ്പോൾ അതു രാജ്യത്തിലെ ഫോർത്ത് എസ്റ്റേറ്റിനേയും ജനാധിപത്യവ്യവസ്ഥയെത്തന്നെയും ബാധിക്കുന്ന കാര്യമാണ്.

പക്ഷേ, രാജ്യത്തിന്റെ ഭരണാധികാരികൾക്കോ ബുദ്ധിജീവികൾക്കോ മറ്റു മാധ്യമങ്ങൾക്കു പോലുമോ അതൊരു വലിയ സംഭവമായി തോന്നിയില്ല. സായ്നാഥിനെയും പരഞ്ചോയ് ഗുഹ താക്കുർത്തയെയും പോലുള്ള അപൂർവം ചില പത്രപ്രവർത്തകരും ചില ഇടതുപക്ഷ ചിന്തകരും ഈ ഏറ്റടുക്കലിന്റെ ഗൗരവമേറിയ വശങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചുവെങ്കിലും പൊതുസമൂഹത്തിലേക്ക് അതൊന്നും എത്തിയതേ ഇല്ല. കാരണം, പൊതുജനം വായിക്കുന്ന മുഖ്യധാരാ പത്രങ്ങളിലൊന്നുമല്ലല്ലോ അവർ ലേഖനങ്ങൾ എഴുതാറുള്ളത്.

നെറ്റ്‌വർക്ക്18ന്റെ ഉടമസ്ഥതയിലുള്ള ചാനലുകളെയും മറ്റു സ്ഥാപനങ്ങളെയും കുറിച്ച് അറിഞ്ഞാലേ നടന്ന സംഭവത്തിന്റെ ഗൗരവം മനസ്സിലാവൂ. ചാനലുകളുടെ കൂട്ടത്തിലുള്ളത് സി.എൻ.ബി.സി., ടി.വി.18, സി.എൻ.എൻ-ഐ.ബി.എൻ, സി.എൻ.എൻ അവാസ്, കളേഴ്സ്, എംടിവി ഹോംഷോപ്പ് എന്റർടെയിന്മെന്റ് എന്നിവയും നിരവധി പ്രാദേശികഭാഷാ ചാനലുകളുമാണ്. ഫസ്റ്റ്പോസ്റ്റ്ഡോട്കോം, മണികൺട്രോൾഡോട്കോം എന്നീ പ്രശസ്തമായ വെബ്സൈറ്റുകളും ഫോബ്സ് ഇന്ത്യ മാഗസീനും അന്ന് റിലയൻസിന്റെ കൈകളിലെത്തി. നാലായിരം കോടി രൂപയാണ് ഇതിനു റിലയൻസ് കമ്പനി മുടക്കിയത്. തെലുങ്കിൽ ഏറ്റവും സ്വാധീനമുള്ള ഈനാട് ഗ്രൂപ്പിനു പുറമെ ആന്ധ്ര, തെലങ്കാന, ഉത്തരപ്രദേശ്, പ.ബംഗാൾ, മഹരാഷ്ട്ര, കർണാടക, ഒഡിഷ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഹരിയാണ, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കേരളം തടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഷാചാനലുകളും ഇപ്പോൾ റിലയൻസിന്റെ പക്കലുണ്ട്.

ഇത്രയും മാധ്യമങ്ങൾ കൈവശമുള്ള മറ്റൊരു കമ്പനി ഇന്ത്യയിലില്ല. റിലയൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ വ്യവസായസാമ്രാജ്യത്തിന്റെ ഒരു ചെറിയ വിഭാഗം മാത്രമാണ് മാധ്യമം. പക്ഷേ, ഈ ചെറിയ ന്യൂക്ലിയസ് ആവും വരുംകാലങ്ങളിൽ പൊതുജനാഭിപ്രായത്തെയും ഇന്ത്യൻ ജനാധിപത്യത്തെത്തന്നെയും നിയന്ത്രിക്കുക എന്ന് നിരീക്ഷകർ ഭയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. റിയലൻസുമായി താരതമ്യപ്പെടുത്തുമ്പോൾ ആഗോള മാധ്യമവീരൻ റുപർട് മർഡോക്ക് പോലും ഇന്ത്യയിൽ പിറകിലേ വരൂ.

വലുതായി ചർച്ച ചെയ്യപ്പെടാറില്ലെങ്കിലും വിപുലമാണ് മർഡോക്കിന്റെ ഇന്ത്യൻ സാമ്രാജ്യം. സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്സ് മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷന്റെ നൂറു ശതമാനം അനുബന്ധ സ്ഥാപനമാണ്. ആഴ്ചതോറും നാല്പതു കോടി പേർ കാണുന്ന, എട്ടു ഭാഷകളിലുള്ള 32 ചാനലുകൾ ഇവർക്കുണ്ട്. സ്റ്റാർ പ്രസ്സും സ്റ്റാർ വണും സ്റ്റാർ ഗോൾഡും സ്റ്റാർ ന്യൂസും ഇ.എസ്‌പി.എനും സ്റ്റാർ സ്പോർട്സും ഇതിൽ പെടുന്നു. ഇന്ത്യൻ നിയമങ്ങളുടെ പരിധിയിൽ നിൽക്കുന്നതിനും ചിലതിനെയെല്ലാം മറുകടക്കുന്നതിനുമായി സങ്കീർണമായ ഓഹരി നിക്ഷേപ രീതികളിലൂടെ മർഡോക്ക് മറ്റനേകം ഇന്ത്യൻ മാധ്യമ-വിനോദ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവുംവലിയ സ്വതന്ത്ര വിപണിയായ ഇന്ത്യക്ക് അവർ വലിയ പ്രാധാന്യം നൽകുന്നത് സ്വാഭാവികം മാത്രം. ടി.വി.പ്രോഗ്രാം നിർമ്മാണം മുതൽ ടി.വി.വാർത്തയും കേബ്ൾ വിതരണവും വയർലസ് ഡിജിറ്റൽ സർവ്വീസും അടങ്ങുന്നതാണ് ആ സാമ്രാജ്യം.

താല്പര്യസംഘട്ടനം

രാജ്യത്തിലെ ഏറ്റവും വലിയ വ്യവസായസ്ഥാപനം രാജ്യത്തെ ഏറ്റവും ജനസ്വാധീനമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഗുണകരമാണോ എന്ന ചോദ്യം പോലും ഇപ്പോൾ ഉയരാതായിട്ടുണ്ട്. ടാറ്റയ്ക്കും ബിർലയ്ക്കും ഒന്നോ രണ്ടോ ഇംഗ്ലീഷ് പത്രങ്ങളുണ്ടായിരുന്ന അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ നിരന്തരം കുത്തകമാധ്യമങ്ങൾക്കെതിരെ ഘോരഘോരം ശബ്ദമുയർത്തിപ്പോന്നിട്ടുണ്ട്. ചണവ്യവസായത്തിന്റെ പിൻബലമുള്ള ടൈംസ് ഓഫ് ഇന്ത്യയെ വിമർശകർ ചണമാധ്യമം-ജൂട്ട് പ്രസ്- എന്നാണു വിളിക്കാറുള്ളത്. സർക്കാർ പക്ഷത്തു നിന്ന് നിരവധി നടപടികളും അതിനെതിരെ കോടതികളിൽ അനേകം കേസ്സുകളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇന്ന് പാർലമെന്റിൽ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല.

ഇന്ത്യയിലെന്നല്ല എവിടെയും, ജനാധിപത്യത്തെ താങ്ങിനിർത്തുന്നതെന്നു കരുതുന്ന നാലു തൂണുകളിൽ നാലാം തൂണ് മാത്രമാണ് ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്നത് എന്ന് അറിയാത്തവരില്ല. ആ ഒന്നു മാത്രമാണ് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലാതെ പ്രവർത്തിക്കുന്നതും. നയരൂപവൽക്കരണത്തെ നിർണായകമായി സ്വാധീനിക്കുന്ന പൊതുജനാഭിപ്രായം രൂപവൽക്കരിക്കുന്നതിൽ ഫോർത്ത് എസ്റ്റേറ്റിന് സുപ്രധാന പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവും പൊതുസമൂഹത്തിന്റെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണം ഫോർത്ത് എസ്റ്റേറ്റ് എന്നു പറയാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായക്കുത്തക ഫോർത്ത് എസ്റ്റേറ്റിനെ കൈവശപ്പെടുത്തുമ്പോൾ എന്താണു സംഭവിക്കുക? ഫോർത്ത് എസ്റ്റേറ്റ് സ്വതന്ത്രമോ നിഷ്പക്ഷമോ അല്ലാതാവും. വ്യവസായി വർഗത്തിന്റെ താല്പര്യങ്ങളാണ് ഫോർത്ത് എസ്റ്റേറ്റ് ഉയർത്തിപ്പിടിക്കുക. ഇപ്പോൾതന്നെ അത് അങ്ങനെയല്ലേ എന്നു വേണമെങ്കിൽ ചോദിക്കാവുന്നതാണ്. അങ്ങനെയാണ്. പക്ഷേ, സ്ഥിതി കൂടുതൽ നിയന്ത്രണാതീതമാവും തീർച്ച.

രാഷ്ട്രീയപാർട്ടികൾ പത്രമോ ചാനലോ നടത്തുമ്പോൾ അവയ്ക്ക് സ്വതന്ത്രമോ നിഷ്പക്ഷമോ ആയി പ്രവർത്തിക്കാനാവില്ല എന്നു പറയാറുണ്ട്. അതു ശരിയാണ്. പാർട്ടിയുടെ താല്പര്യം സംരക്ഷിക്കാനേ പാർട്ടി പത്രത്തിനു കഴിയൂ. ഇതുപോലെ മാധ്യമസ്ഥാപനങ്ങൾ കോർപ്പറേറ്റുകളുടെ കൈവശം എത്തുമ്പോൾ അവ കോർപ്പറേറ്റ് താല്പര്യമേ സംരക്ഷിക്കൂ എന്നു കരുതുന്നത് ശരിയാണോ? ആഗോളീകരണത്തിന്റെ മലവെള്ളപ്പാച്ചിൽ ആരംഭിക്കുന്നതുവരെ ഇതു ഭാഗികമായി മാത്രം ശരിയായിരുന്നു. വലിയ കമ്പനികൾ നടത്തുന്ന മാധ്യമങ്ങളായിരുന്നില്ല ബഹുഭൂരിപക്ഷം ജനങ്ങളിലുമെത്തിയിരുന്നത്. അവയേറെയും ഇടത്തരം കമ്പനികളായിരുന്നു. ചെറിയ കമ്പനികളുടെ നിക്ഷിപ്തതാല്പര്യവും ചെറുതാകുമായിരുന്നു. പത്രാധിപർക്ക് ഉടമയേക്കാൾ അധികാരം പല പത്രസ്ഥാപനങ്ങളിലും ഉണ്ടായിരുന്ന കാലവും അത്ര പഴക്കമുള്ളതല്ല. അവരാണ് പത്രത്തിന്റെ ഉള്ളടക്കം തീരുമാനിച്ചിരുന്നത്. നിയമം അനുസരിച്ച് ഇപ്പോഴും അതിന്റെ ചുമതലയും അധികാരവും പത്രാധിപർക്കാണ്. പത്രാധിപരുടെ സ്വാതന്ത്ര്യത്തെ ഉടമകളും മാനിച്ചുപോന്ന കാലം വളരെയൊന്നും അകലെ ആയിരുന്നില്ല.

ഇന്ന് ഇതൊരു പഴങ്കഥയായേ ആരും കാണുന്നുള്ളൂ. എഡിറ്റർ ഇല്ലാതെ പത്രം നടത്താനൊരു പ്രയാസവുമില്ലെന്ന് പല സ്ഥാപനങ്ങളും തെളിയിച്ചുകഴിഞ്ഞു. പ്രഗത്ഭപത്രാധിപന്മാർ ഇരുന്ന കസേരയിൽ ബിസിനസ് എക്സിക്യൂട്ടീവിനെ ഇരുത്താൻപോലും ടൈംസ് ഓഫ് ഇന്ത്യക്ക് മടിയുണ്ടായില്ല. പ്രൊഫഷനൽ പത്രപ്രവർത്തനം എന്നു പറയുന്നതുതന്നെ പരസ്യ-സർക്കുലേഷൻ താത്പര്യങ്ങൾ സംരക്ഷിച്ച് വാർത്തയെഴുതലാണ് എന്ന നിലയും ഉണ്ടായിക്കഴിഞ്ഞു. വാർത്തയല്ല, പരസ്യമാണ് തങ്ങളുടെ ബിസിനസ് എന്നു പറയാൻ മടിക്കാത്ത സമീർജെയിനിന് ഇന്ന് എല്ലാ ഭാഷാപത്രങ്ങളിലും അനുയായികളുണ്ട്. പരസ്യക്കാരെ പ്രീണിപ്പിച്ച് കൂടെ നിറുത്തി അവർ ബാലൻസ് ഷീറ്റുകളിലെ കള്ളികൾ ശോഭനമാക്കിക്കൊണ്ടിരിക്കുകയാണ്. വാർത്ത വായിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളേക്കാൾ മഹാന്മാർ പരസ്യയിനത്തിൽ ലക്ഷങ്ങൾതരുന്ന വ്യവസായികളാണ് എന്ന യാഥാർത്ഥ്യം പത്രപ്രവർത്തകരും അംഗീകരിച്ചുകഴിഞ്ഞു. പല കമ്പനി ഉടമസ്ഥന്മാർക്കും ലഭിക്കുന്ന അതേ തോതിൽ അഞ്ചും പത്തും കോടി രൂപ വർഷം തോറും ശമ്പളയിനത്തിൽ കൈപ്പറ്റുന്ന എഡിറ്റർമാർ ഇന്ത്യയിലുമുണ്ട്. അവരെ വെറുതെ ഫോർത്ത് എസ്റ്റേറ്റ് എന്നും മറ്റും പറഞ്ഞ് ശല്യപ്പെടുത്തരുതാരും!

പത്രസ്വാതന്ത്ര്യത്തിന്റെ സുവർണകാലമാണ് ഇതെന്നും മാധ്യമമത്സരം രൂക്ഷമായതുകൊണ്ട് ഒരു വാർത്തയും ആർക്കും പൂഴ്‌ത്തിവെക്കാൻ കഴിയാതായി എന്നൊക്കെയുള്ള ഒരഹന്ത മാധ്യമലോകത്തു ചിലർക്കെങ്കിലുമുണ്ടായിരുന്നു. ഒരു മുഖ്യമന്ത്രിയോ ഒരു പൊലീസ് മേധാവിയോ വിചാരിച്ചാൽ ഏതെങ്കിലും വാർത്ത തടഞ്ഞുവെക്കാൻ കഴിയുമോ? ഇല്ല പറ്റുകയില്ല. മാധ്യമങ്ങളെ നിലനിർത്തുന്നത് പരസ്യവരുമാനമാണ് എന്ന നിലമാറി, പരസ്യവരുമാനത്തിനു വേണ്ടിയാണ് മിക്ക മാധ്യമങ്ങളും നിലനിൽക്കുന്നത് എന്നു വന്നതോടെ മാധ്യമങ്ങൾക്കു മേൽ പ്രധാനമന്ത്രിക്കോ കേന്ദ്രഭരണകൂടത്തിനു പോലുമോ ഉള്ളതിലേറെ അധികാരവും സ്വാധീനവും ഉള്ളത് പരസ്യക്കാരായ വ്യവസായ സ്ഥാപനങ്ങൾക്കാണ് എന്നു വന്നിരിക്കുന്നു. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ള അവസ്ഥയല്ല എന്നു മാത്രം.

ഒരു സ്വതന്ത്ര പത്രത്തിന്റെ പത്രാധിപർ രാഷ്ട്രീയനേതാവാണെങ്കിൽ സംഭവിക്കുന്ന താല്പര്യസംഘട്ടനം വൻവ്യവസായി മാധ്യമ ഉടമ ആകുമ്പോഴും സംഭവിക്കുന്നുണ്ട്. റിലയൻസ് കമ്പനിക്ക് ഉടമസ്ഥതയുള്ള ഒരു ചാനലിനോ പത്രത്തിനോ സർക്കാറും റിലയൻസും തമ്മിൽ കടുത്ത നിയമയുദ്ധം നടക്കുന്ന ഒരു വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താനോ വിവരങ്ങൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കാനോ കഴിയുമോ? പറ്റില്ല എന്നു പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ അപരാധം പക്ഷേ മർഡോക്കിനു മേൽ വെച്ചുകെട്ടാനാവില്ല. മർഡോക്കിന് വേറെ വ്യവസായങ്ങളില്ല, മാധ്യമവ്യവസായമേ ഉള്ളൂ.

ഉള്ളടക്കം ആരു തീരുമാനിക്കും?

റിലയൻസ് ഏറ്റെടുത്ത ഫസ്റ്റ്പോസ്റ്റ്ഡോട്കോം ഓൺലൈൻ മാധ്യമത്തിലുണ്ടായ ഒരു സംഭവം പരക്കെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഫസ്റ്റ്പോസ്റ്റ്ഡോട്കോം വിശ്വാസ്യതയുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു. ആർ.ജഗനാഥൻ എഡിറ്ററായിരുന്നപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം-കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ വിമർശിക്കുന്നത്- മാനേജ്മെന്റ് ഇടപെട്ട് പിൻവലിപ്പിച്ചതാണ് വിവാദമായത്. കുത്തകസ്ഥാപനം ഏറ്റെടുത്തതുകൊണ്ടല്ലേ ഈ സ്വാതന്ത്ര്യനിഷേധം ഉണ്ടായത് എന്ന ചോദ്യമുയർന്നപ്പോൾ എഡിറ്റർ മറ്റൊരു രീതിയിലാണ് വിശദീകരിച്ചത്. കോർപ്പറേറ്റുകൾ മാധ്യമ ഉടമസ്ഥരായി വരുന്നത് നല്ലതാണ്. പക്ഷേ, എന്തെല്ലാം എഴുതാം, എന്തെല്ലാം പാടില്ല എന്ന കാര്യത്തിൽ മാനേജ്മെന്റും എഡിറ്ററും തമ്മിൽ ധാരണയുണ്ടെങ്കിൽ പ്രശ്നമില്ല എന്നായിരുന്നു വിശദീകരണം.

ഇതു വളരെ എളുപ്പമാണ്. മാനേജ്മെന്റിന് അനിഷ്ടമുണ്ടാക്കുന്ന യാതൊന്നും പ്രസിദ്ധീകരിച്ചുകൂടാ എന്നൊരു ചട്ടം പാലിച്ചാൽ പിന്നെ പ്രശ്നമൊന്നുമുണ്ടാകില്ല എന്നു കരുതുന്ന പത്രാധിപന്മാർ നമ്മുടെ നാട്ടിലുമുണ്ട്. എന്തു വാർത്ത വരുമ്പോഴും അതു നോക്കിയാൽ മതി. ഈ വാർത്ത മാനേജ്മെന്റിലുള്ള ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ, ആരുടെയെങ്കിലും താല്പര്യത്തിന് ഹാനിയുണ്ടാകുമോ, പരസ്യംമാനേജർക്ക് അഹിതം തോന്നുമോ, ഏതെങ്കിലും ജാതി-മത-രാഷ്ട്രീയ-സംഘടിത ഗ്രൂപ്പിന് അനിഷ്ടം തോന്നി പത്രപ്രചാരം കുറച്ചുകളയുമോ എന്നിത്യാദി സംശയങ്ങളുണർത്തുന്ന ഒരു വാർത്തയും കൊടുക്കേണ്ട എന്നു തീരുമാനിച്ചാൽ പിന്നെ പ്രശ്നമില്ല. ഒരു പ്രശ്നമേയുള്ളൂ, ഈ പ്രവർത്തനത്തിന് പത്രപ്രവർത്തനം എന്നു പേരുവിളിക്കാൻ പറ്റില്ല എന്നുമാത്രം. എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.......

2015ലാണ് ഫസ്റ്റ്പോസ്റ്റ്ഡോട്കോം വിവാദമുണ്ടായത്. പത്രാധിപർക്ക് നയം വ്യക്തമായതുകൊണ്ടാവണം അധികം വൈകാതെ, ഒ.എൻ.ജി.സി. എണ്ണപ്പാടങ്ങളിൽനിന്നു റിലയൻസ് കമ്പനി ഗ്യാസ് മോഷ്ടിച്ചുവെന്ന ആരോപണത്തെക്കുറിച്ചൊരു റിപ്പോർട്ടും ഫസ്റ്റ്പോസ്റ്റ്ഡോട്കോമിൽ പ്രസിദ്ധപ്പെടുത്തിയില്ല. റിലയൻസ് കമ്പനിക്ക് വാണിജ്യതാല്പര്യമില്ലാത്ത ഏത് മേഖലയാണ് ഇന്ത്യയിലുള്ളത്? പച്ചക്കറിക്കച്ചവടത്തിലും ഉപ്പുമുളക് കച്ചവടത്തിൽപ്പോലും അവരുണ്ട്. എല്ലാ മേഖലയിലും അവർക്ക് സ്വന്തക്കാരും ശത്രുക്കളുമുണ്ട്. അവരുടെ പട്ടിക ഓരോ പത്രാധിപരും മേശപ്പുറത്തോ പേഴ്സണൽ കമ്പ്യൂട്ടറിലോ ദിവസവും അപ്ഡേറ്റ് ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ എന്നാണ് അപകടത്തിൽപെടുന്നത് എന്നു പറയാൻപറ്റില്ല. കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അരവിന്ദ് കെജ്റിവാളിന് ഗുണം ചെയ്യുന്ന ഒരു കൊച്ചുറിപ്പോർട്ട് പോലും റിലയൻസിന്റെ കൈവശമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ലത്രെ. കെജ്റിവാൾ റിലയൻസിനെ വിമർശിക്കുന്നു എന്നതാണ് കാരണം. ഈ ചാനൽ ബ്ലാക്കൗട്ട് പല വേദിയിലും ചർച്ചയായി. അടുത്ത തിരഞ്ഞെടുപ്പാവുമ്പോഴേക്ക് പത്രാധിപരുടെ മേശപ്പുറത്തെ ബ്ലാക്കൗട്ട് ചെയ്യപ്പെടേണ്ടരുടെ ലിസ്റ്റുണ്ടാവൂം, നീണ്ട ലിസ്റ്റ്. അപ്പോഴത് ചർച്ചയേ അല്ലാതാകും.

നിരവധി ദേശീയ മാധ്യമസ്ഥാപനങ്ങളുടെ ഡയറക്റ്റർ ബോർഡിൽ പരസ്യദാതാക്കളായ കമ്പനികളുടെ ഉടമസ്ഥരെ ഡയറക്റ്റർമാരാക്കിയിട്ടുള്ളത് അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അതുവഴി പരസ്യവരുമാനം പുഷ്ടിപ്പെടുത്താനുമാണ്. ഏതെല്ലാം മാധ്യമകമ്പനികളിൽ ആരെല്ലാം ഡയറക്റ്റർമാരായി തുടരുന്നു എന്ന് പരഞ്ചോയ് ഗുഹ താക്കുർത്ത, ദി ഹൂട്ട്ഡോട് കോം എന്ന മാധ്യമവിമർശന ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വിവരിച്ചതായി കാണാം. ഈ പ്രവണത തുറന്നുകാട്ടുന്ന ഗവേഷണങ്ങൾ പുസ്തകരൂപത്തിൽതന്നെ പുറത്തിറങ്ങിയിട്ടുമുണ്ട്.

വിവിധ ഭാഷകളിലുള്ള ഒരു ലക്ഷത്തോളം മാധ്യമങ്ങൾ രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പഴ്സ് വശം രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ മാധ്യമരംഗത്ത് കുത്തകവൽക്കരണമുണ്ട് എന്നങ്ങനെ പറയും എന്ന ചോദ്യം പ്രസക്തമാണ്. പത്രങ്ങൾക്ക് പുറമെയാണ് ചാനലുകളും റേഡിയോവും ഓൺലൈൻ മാധ്യമങ്ങളുമെല്ലാമുള്ളത്. എണ്ണൂറിലേറെ ചാനലുകൾക്ക് അനുമതി നൽകിയിട്ടുള്ളതിൽ മുന്നൂറും വാർത്താചാനലുകളാണ്. ഇതെല്ലാമാണെങ്കിലും നമ്മുടെ മാധ്യമരംഗം നൂറിൽത്താഴെ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നതാണ് സത്യം. പത്രങ്ങളുടെ എണ്ണം ഇരുപതും മുപ്പതുമെല്ലാം ഉണ്ടാവാം. പക്ഷേ, ഒന്നോ രണ്ടോ പത്രങ്ങളെയാവും മൂന്നിൽരണ്ടു വായനക്കാരും ആശ്രയിക്കുന്നത്. ഇതും മോശം അവസ്ഥതന്നെ. പക്ഷേ, ഇത്തരം കുത്തക അടിച്ചേൽപ്പിക്കപ്പെടുന്നതല്ല, വായനക്കാർതന്നെ സൃഷ്ടിക്കുന്നതാണ്. ഇതും പല വികസിതരാജ്യങ്ങളിലെ നിലയേക്കാൾ ഭേദമാണ്. ചില ആസ്ത്രേല്യൻ പ്രവിശ്യകളെക്കുറിച്ച് ജോൺ പിൽജർ എഴുതിയത് ഓർക്കുന്നു. വലിയ അഞ്ചു പത്രങ്ങളുണ്ട് ഒരു സംസ്ഥാനത്ത്. നല്ലതുതന്നെ. പക്ഷേ അഞ്ചിൽ നാലും മർഡോക്കിന്റെ പത്രങ്ങളാണ്! പോരേ. ആ നില ഇന്ത്യയിലിതുവരെ ഉണ്ടായിട്ടില്ല എന്നു പൊതുവെ പറയാം. ഇന്ത്യയിൽ മാധ്യമരംഗത്തെ കുത്തകനിയന്ത്രണത്തിന് പല കാലങ്ങളിൽ പല റിപ്പോർട്ടുകൾ പല നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാധ്യമസ്വതന്ത്ര്യകാര്യത്തിൽ ഇന്ത്യയേക്കാൾ എത്രയോ മുന്നിൽനിൽക്കുന്ന അമേരിക്കയിലും ബ്രിട്ടനിലും ഉള്ള നിയന്ത്രണങ്ങൾപോലും നമ്മുടെ രാജ്യത്തില്ലെന്ന സത്യം പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. .

ടൈംസ് ഓഫ് ഇന്ത്യ എവിടെ നിൽക്കുന്നു?

എത്രയോ കാലമായി നിലനിൽക്കുന്ന ടൈംസ് ഓഫ് ഇന്ത്യ എന്ന കുത്തകയെക്കുറിച്ച് എന്താണ് മിണ്ടാത്തത് എന്നും ചോദിക്കാം. തീർച്ചയായും ഈ ചോദ്യത്തിൽ കഴമ്പുണ്ട്. ആഗോളതലത്തിൽ റുപർട്ട് മർഡോക്ക് എന്തു ചെയ്യുന്നുവോ അത് അതിലേറെ ആവേശപൂർവം ഇന്ത്യയിൽ ചെയ്യുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. മാധ്യമം എന്ന വ്യവസായം മറ്റേതൊരു വ്യവസായത്തെയും പോലെ ലാഭം ഉണ്ടാക്കുന്നതിനുള്ള, ലാഭം ഉണ്ടാക്കുന്നതിന് മാത്രമുള്ള ഒരു വ്യവസായമാണ് എന്ന തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥന്മാർ. അവർക്ക് അതു തുറന്നു പറയാൻ ഒരു മടിയുമില്ല.

പക്ഷേ, ഇക്കാര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യ എന്ന കുത്തകയും റിലയൻസ് എന്ന കുത്തകയും തമ്മിൽ വലിയ അന്തരമുണ്ട്. മുകേഷ് അംബാനിയുടെ പിതാവ് ധിരുബായി അംബാനി വ്യവസായരംഗത്തേക്കു കടക്കുന്നതിനു മുമ്പുതന്നെ സമ്പന്നമായ പത്രം കൈവശമുണ്ടായിരുന്നു ജെയിൻ കുടുംബത്തിന്. ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി ശാന്തിപ്രസാദ് ജെയിൻ എന്ന ബിസിനസ്സുകാരൻ വാങ്ങുന്ന കാലത്ത് അംബാനി കുടുംബത്തെക്കുറിച്ച് അയൽവാസികൾക്കു പോലും അറിവുകാണില്ല. ഒരു സാധാരണകുടുംബം മാത്രമായിരുന്നു അത്. അവരാണ് ഇന്ന് രാജ്യത്തെത്തന്നെ ഏതാണ്ട് കൈവശമാക്കിയിരിക്കുന്നത്. വ്യവസായതാല്പര്യം ഇല്ല എന്നു പറയാനാവില്ലെങ്കിലും അംബാനികുടുംബത്തിനുള്ളതുപോലുള്ള വൻകിട വ്യവസായങ്ങളൊന്നും വിനീത് ജെയിൻ-സമീർ ജെയിൻ സഹോദരന്മാർക്കില്ല. പത്രത്തെ ഒരു വലിയ വ്യവസായമാക്കി മാറ്റി എന്നല്ലാതെ മറ്റു വലിയ വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താൻവേണ്ടി പത്രം നടത്തുന്നു എന്ന കുറ്റം ഇവർക്കെതിരെ ഉന്നയിക്കാൻ പറ്റില്ല. ഇത്രയും വായിച്ച് ആരും ടൈംസ് ഓഫ് ഇന്ത്യ മര്യാദരാമന്മാരാണ് എന്നു ധരിച്ചേക്കരുത്. പത്തു ശതമാനം ഓഹരി തങ്ങൾക്കുതന്നാൽ തരുന്ന സ്ഥാപനത്തിന് പലവിധ സഹായങ്ങൾ വാഗ്ദാനം ചെയ്ത് എണ്ണമറ്റ സ്ഥാപനങ്ങളിൽ ഉടമസ്ഥത നേടിയ സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യ. പ്രൈവറ്റ് ട്രീറ്റി എന്നവർ വിവരിച്ച ഈ പദ്ധതി അനുകരിക്കാനും സ്ഥാപനങ്ങളുണ്ടായി. മാധ്യമധാർമികതയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവർ സ്വീകരിക്കാൻ മടിക്കുന്ന പല കാര്യങ്ങളും നിർവിശങ്കം ചെയ്യാറുണ്ട് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥർ.

പുതിയ ചൂതാട്ടം

ലോകത്തൊരു വ്യവസായഭീമനും പയറ്റിയിട്ടില്ലാത്ത ഒരു വലിയ ചൂതാട്ടത്തിനുള്ള മുന്നൊരുക്കമായാണ് മുകേഷ് അംബാനി രണ്ടു വർഷം മുമ്പെ നെറ്റ്‌വർക്ക് 18 വാങ്ങിയതെന്ന് ഇപ്പോൾ പലരും തിരിച്ചറിയുന്നു. സമീപകാലത്ത് റിലയൻസ് ജിയോ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ കൊടുത്തുതുടങ്ങിയതോടെയാണ് ഈ ബിസിനിസ് ചൂതാട്ടത്തിന്റെ തനിസ്വഭാവം വെളിവാകുന്നത്. 2200 കോടി രൂപ മുതൽമുടക്കി ആറുമാസത്തിലേറെ ട്രയലുകൾ നടത്തിയാണ് കഴിഞ്ഞ വർഷം ജിയോ തുടങ്ങുന്നത്.

എന്തിന് ജിയോ സൗജന്യമായി 4ജി ഡാറ്റ നൽകുന്നു? ഇത് ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം സൗജന്യമായും പിന്നെ കുറഞ്ഞ നിരക്കിലും നൽകപ്പെടുന്ന അതിവേഗ ഡാറ്റ 90 ശതമാനം ഇന്ത്യക്കാരിലും എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത ഘട്ടത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ഫോണുകളും ലഭ്യമാക്കുമത്രെ. വാർത്തയും വിനോദവും ഇനി ജനങ്ങളിലേക്കെത്തുന്നത് റിലയൻസ് ജിയോ വഴിയാകും എന്ന് ഉറപ്പുവരുത്താനുള്ള കഠിനാദ്ധ്വാനത്തിലാണ് അവർ. ഫോൺവിളി തീർത്തും സൗജന്യമായിരിക്കും. അതുകൊണ്ട് സാമാന്യജനം ജിയോവിൽ തുടരും. ക്രമേണ അവർ അതിന്റെ അഡിക്റ്റുകളാകും. സിനിമയും വാർത്തയുമെല്ലാം ജിയോ വഴി ഓരോ വ്യക്തിയിലും അവൾ എവിടെയാണോ അവിടെ എത്തിക്കും. ചാനൽ സംപ്രേഷണം കാണാൻ ടെലിവിഷൻ തെരഞ്ഞുപോകേണ്ട: ജിയോ ഫോണിൽ കാണാം.

ഇതുവരെ കണ്ടതൊന്നുമല്ല മാധ്യമങ്ങളുടെ കുത്തകവൽക്കരണം. ഇനി വരുന്നതാവും ശരിയായ കുത്തക. ഇന്റർനെറ്റ് വഴിയുള്ള വാർത്താ-വിനോദ പ്രവാഹം മൊബൈഫോണുകളിലൂടെയാകുമ്പോൾ അതിന്റെ നിയന്ത്രണം പൂർണമായും റിലയൻസിന്റെ കൈയിലായേക്കും. ഇങ്ങനെ വാർത്തയും വിനോദവും സൗജന്യമായി ഫോൺ വഴി കൊടുത്തിട്ട് റിലയൻസിന് എന്തു കാര്യം എന്നു ചോദിക്കരുത്. തൊണ്ണൂറു ശതമാനം ഇന്ത്യക്കാരിലും എത്തുന്ന ഒരു മാധ്യമം ഉണ്ടായാൽ പരസ്യക്കാർ പിന്നെ വേറെ മാധ്യമം തിരഞ്ഞു പോകുമോ?

ഒരു ട്രായി സാഹസം

മൂന്നു വർഷം മുമ്പ് വിവാദവും ബഹളവുമെല്ലാമായ ഒരു റിപ്പോർട്ടിനെക്കുറിച്ചുള്ള ഓർമ്മ ഒരു തമാശ പോലെ മനസ്സിൽ തെളിയുന്നു. നമുക്ക് ട്രായി എന്നൊരു കേന്ദ്ര അധികൃതസ്ഥാപനമുണ്ട്. ടെലഫോൺ റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. പേര് സൂചിപ്പിക്കുംപോലെ കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾക്കു മേലെ നിയന്ത്രണാധികാരമുള്ള ഒരു കേന്ദ്രസർക്കാർ സ്ഥാപനം. അവർ ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ആ പ്രശ്നം കൈകാര്യം ചെയ്യാൻ കുറെ നിർദ്ദേശങ്ങൾ അടങ്ങുന്ന വിശദമായ ഒരു റിപ്പോർട്ട് 2014 ജുലായിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജനാധിപത്യത്തിൽ വാർത്താസ്ഥാപനങ്ങൾ സ്വതന്ത്രമായിരിക്കണമെന്നും അതിനുവേണ്ടി വാർത്താമാധ്യമങ്ങളെ നിക്ഷിപ്ത താത്പര്യങ്ങളിൽനിന്നു സ്വതന്ത്രമാക്കണം എന്നുമായിരുന്നു നിർദ്ദേശം. ഒരേ സ്ഥാപനത്തിനു തന്നെ വ്യത്യസ്ത മാധ്യമങ്ങൾ തുടങ്ങാൻ അനുമതി നൽകരുതെന്നും മാധ്യമരംഗത്തെ കുത്തകവൽക്കരണം അപകടമാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മാധ്യമസ്വതന്ത്ര്യം, മാധ്യമബഹുസ്വരത, മാധ്യമസുതാര്യത തുടങ്ങിയ നല്ല തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നതും,സാധാരണ ഒരു വ്യവസായം അല്ല, ജനാധിപത്യത്തിന്റെ നാലാംതൂണു തന്നെയാണു മാധ്യമം എന്നും ഉറപ്പിച്ചു പറയുന്നതുമായിരുന്നു സുദീർഘമായ ആ റിപ്പോർട്ട്.

മാധ്യമങ്ങളെ സ്വതന്ത്രമാക്കാൻ അവർ നിർദ്ദേശിച്ച മാർഗങ്ങൾ പലരെയും അമ്പരപ്പിച്ചു. വ്യവസായസ്ഥാപനങ്ങൾ മാധ്യമരംഗത്തു കടക്കുന്നത് താല്പര്യസംഘട്ടനം ഉണ്ടാക്കും എന്നതുകൊണ്ട് വ്യവസായ കമ്പനികൾക്ക് ഈ രംഗത്തേക്കു പ്രവേശനം അനുവദിക്കരുത് എന്നതായിരുന്നു പ്രധാന നിർദ്ദേശം. വ്യവസായങ്ങളെ മാത്രമല്ല, രാഷ്ട്രീയപാർട്ടികളെയും അനുവദിക്കരുത് എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 'നിങ്ങളുടെ പട്ടണത്തിലെ ടെലിവിഷൻ ചാനൽ ഉടമ സ്ഥലം എംഎ‍ൽഎ ആണെങ്കിൽ ആ ചാനലിലൂടെ നിങ്ങൾ അറിയാനാഗ്രഹിക്കുന്ന എന്തെങ്കിലും സത്യം പുറത്തുവരുമോ? '-ട്രായിയുടെ റിപ്പോർട്ടിനെക്കുറിച്ച് വിശദീകരിക്കവെ ട്രായി ചെയർമാൻ രാഹുൽ ഖുല്ലർ പത്രസമ്മേളനത്തിൽ ചോദിച്ചു. സംഭവമൊക്കെ സത്യംതന്നെ. പക്ഷേ, രാഷ്ട്രീയപാർട്ടികളും കോർപ്പറേറ്റ് കമ്പനികളും പിന്നെ മാധ്യമങ്ങളും ഭരണം നടത്തുന്ന ഒരു രാജ്യത്ത് ആ മൂന്നു കൂട്ടർക്കും ലവലേശം യോജിപ്പില്ലാത്ത ഒരു നിയമം കൊണ്ടുവരിക സാധ്യമാണോ? രാഷ്ട്രീയക്കാർക്ക് ചാനൽ തുടങ്ങാൻ അനുമതി നിഷേധിക്കുന്ന നിയമം രാഷ്ട്രീയക്കാർ മാത്രമുള്ള ലോക്സഭ പാസ്സാക്കുമെന്നു എങ്ങനെ പ്രതീക്ഷിക്കാനാകും? കുറെ ചർച്ചയും വിവാദവുമൊക്ക നടന്നു. പിന്നെ എല്ലാം കെട്ടടങ്ങി.

'ഇഷ്യൂസ് റിലേറ്റിങ്ങ് ടു മീഡിയ ഓണർഷിപ്പ്' എന്നു പേരിട്ട ഈ റിപ്പോർട്ട് കേന്ദ്ര സിക്രട്ടേറിയറ്റിൽ വിശ്രമിക്കുന്നുണ്ടാവും-ശാശ്വതമായ വിശ്രമം!

(ഗ്രന്ഥാലോകം 2107 മെയ് ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയത്).