- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയോട് പ്രശാന്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി എന്നൊരു പരാതി കിട്ടിയിട്ടുണ്ട്; ഇക്കാര്യം പരിശോധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയോട് ഉദ്യോഗസ്ഥൻ സഭ്യമല്ലാത്തരീതിയിൽ പെരുമാറി എന്നൊരു പരാതി കിട്ടിയിട്ടുണ്ടെന്നും അക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്ഐ.എൻ.സി എം.ഡി എൻ. പ്രശാന്തിനെതിരായ പരാതിയെക്കുറിച്ചാണ് വികസന മുന്നേറ്റയാത്ര സമാപന ചടങ്ങിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചത്.
പ്രതികരണം തേടിയ മാധ്യമ പ്രവർത്തകയോട് അശ്ലീലം കലർത്തി പ്രതികരിച്ചതിനെ തുടർന്നാണ് കെ.എസ്ഐ.എൻ.സി എം.ഡി എൻ. പ്രശാന്ത് വിവാദത്തിലായത്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്ഐ.എൻ.സി) ധാരണാപത്രം ഒപ്പിട്ടതുമായുള്ള വിവാദം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. സർക്കാർ അറിയാതെയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് മന്ത്രിമാർ തന്നെ വിശദീകരിക്കുകയുണ്ടായി.
ഈ വിവാദത്തിൽ കെ.എസ്ഐ.എൻ.സി എം.ഡി എന്ന നിലയിൽ എൻ. പ്രശാന്തിന്റെ പ്രതികരണം തേടിയാണ് മാധ്യമ പ്രവർത്തക അദ്ദേഹവുമായി ബന്ധപ്പെടുന്നത്. സംസാരിക്കാൻ അനുവാദം ചോദിച്ച് മാധ്യമപ്രവർത്തക അയച്ച വാട്സാപ്പ് മെസേജുകൾക്ക് അശ്ലീലം കലർന്ന സ്റ്റിക്കറുകളുമായാണ് എൻ. പ്രശാന്ത് പ്രതികരിച്ചത്.
എന്നാൽ പ്രശാന്തിന്റെ രക്ഷക്കായി ഭാര്യ ലക്ഷമി പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകയോട് പ്രതികരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് തൽകാലം മാറ്റിനിർത്തുകയായിരുന്നു ശ്രമമെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു ഭാര്യയുടെ കുറിപ്പ്.