കുവൈറ്റ് സിറ്റി: മാതൃഭാഷയുടെ സംരക്ഷണം സംസ്‌കാരത്തിന്റെ സംരക്ഷണമാണെന്നും സംസ്‌കാരം സമൂഹത്തിൽ നിന്നും കലാപങ്ങളെ അകറ്റുമെന്നും പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേളയായ സമന്വയം - 2016ൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല കുവൈറ്റ് സംഘടിപ്പിക്കുന്ന സൗജന്യമാതൃഭാഷാ പഠന പദ്ധതി ഈ അവസരത്തിലാണ് പ്രസക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ.നൗഷാദിന്റെ സ്വാഗതത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിന് പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. കലയുടെ പ്രതീകമായ വിളക്കേന്തിയ പെൺകുട്ടി വേദിയിൽ അവതരിപ്പിക്കപ്പെട്ടു. മാതൃഭാഷാ സമിതിയുടെ രജത ജൂബിലി വർഷത്തെ റിപ്പോർട്ട് ജന.കൺവീനർ സാം പൈനുംമൂട് അവതരിപ്പിച്ചു. മികച്ച സാമൂഹ്യ സേവനത്തിനായി കല കുവൈറ്റ് ഏർപ്പെടുത്തിയിട്ടുള്ള രമേശ് സ്മാരക പ്രവാസി പുരസ്‌കാരം യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തകനായ കൊച്ചു കൃഷ്ണന് എൻ.എസ്.മാധവൻ നൽകി ആദരിച്ചു. കൊച്ചു കൃഷ്ണനുള്ള പ്രശസ്തിപത്രം കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ സൈജു വായിച്ചു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം മുഖ്യ പ്രായോജകരായ ബി.ഇ.സി എക്‌സ്‌ചേഞ്ചിന്റെ പ്രതിനിധി മാരും. വർഗീസിന് കൈമാറി. കുവൈറ്റിലെ പ്രശസ് സാഹിത്യകാരന്മാരായ പ്രേമൻ ഇല്ലത്തിന്റേയും ധർമ്മരാജ് മാപ്പിള്ളിയുടേയും രചനകൾ പ്രകാശനം ചെയ്തു.

ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത സുരേഷ് തോലാബ്ര, മികച്ച നാടകമായി തിരഞ്ഞെടുത്ത മുരിക്കിന്റെ രചയിതാവ് ദിലീപ് നടേരി, അണിയറയിൽ പ്രവർത്തിച്ച ഷംസുദ്ധീൻ, കുവൈറ്റ് ക്രിക്കറ്റിന്റെ ഈ വർഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഡിജു സേവ്യർ എന്നിവർക്ക് കലയുടെ സ്‌നേഹോപഹാരങ്ങൾ വേദിയിൽ വച്ച് കൈമാറി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുടുംബാംഗം മുസ്തഫ പി.വിക്ക് കലയുടെ സ്‌നേഹോപഹാരം വേദിയിൽ വച്ച് കൈമാറി.

രജത ജൂബിലി അഘോഷ കമ്മിറ്റി ചെയർമാൻ ജോൺ മാത്യു, വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ, പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രസിഡന്റ് വിനോദ് എ. പി.നായർ, ബാലവേദി പ്രതിനിധി അദ്വൈത് എ.എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.