മലപ്പുറം: ഇന്നലെ മുസ്ലിംലീഗ് ആഹ്ലാദപ്രകടനത്തിനിടെ സുന്നി പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രകടനത്തിലുണ്ടായിരുന്ന 60 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്തതായും വളാഞ്ചേരി സി.ഐ കെ.ജി സുരേഷ്, എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളിൽ ഇന്ന് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലും നടന്നുവരികയാണ്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് മുസ്ലിം ലീഗിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ എ.പി സുന്നി പ്രവർത്തകരുടെയും ഇടത് അനുഭാവം പുലർത്തുന്നവരുടെയും വീടിനു നേരെ വ്യാപകഅക്രമം ഉണ്ടായത്. നേരത്തെ വിവിധ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ആഹ്ലാദ പ്രകടനത്തിൽ എതിരാളികളെ അസഭ്യം പറയുകയോ വീടിനു മുന്നിൽ വച്ച് പടക്കം പൊട്ടിക്കുകയോ ചെയ്യരുതെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ആഹ്ലാദപ്രകടനത്തിനിടെ ഗുണ്ടും പടക്കമേറും വ്യാപകമായി നടത്തുകയുണ്ടായി.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം അറിവായതു മുതൽ ആഹ്ലാദപ്രകടനങ്ങൾ നടന്നുവരികയാണ്. എന്നാൽ വ്യാഴാഴ്ചയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. വീടിനും ജീവനും ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരിസരവാസികൾ പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഈ പരാതി നിലനിൽക്കെ വളവന്നൂർ പഞ്ചായത്തിലും ടികെ പാറ പ്രദേശത്തും നടന്ന ആഹ്ലാദ പ്രകടനത്തിൽ പൊലീസ് സംരക്ഷണം ഒരുക്കുകയോ മറ്റു നടപടികൾ കൈകൊള്ളുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഇന്നലെയും വൈകിട്ട് ആറരയോടെ വീട്ടുവളപ്പിലേക്ക് ഗുണ്ടും പടക്കങ്ങളും എറിയുകയായിരുന്നു.

തിരൂർ മണ്ഡലത്തിൽ വിജയിച്ച ലീഗ് സ്ഥാനാർത്ഥി സി മമ്മൂട്ടിയുടെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് ഗുണ്ടേറും കയ്യേറ്റവും ഉണ്ടായി ഒരു സുന്നി പ്രവർത്തകൻ മരിച്ചത്. വളവന്നൂർ സർക്കിളിലെ ചെറവണ്ണൂർ ടി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങൽ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10ന് ലീഗ് ആക്രമണത്തെ തുടർന്ന് സമീപവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അർദ്ധരാത്രിയിലും വീടിനു നേരെ ഗുണ്ടെറിഞ്ഞിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടും നടത്തിയ ആഹ്ലാദ പ്രകടനത്തിലായിരുന്നു മരണം സംഭവിച്ചത്. ഹംസക്കുട്ടിക്കു നേരെ പ്രകടനക്കാരുടെ കയ്യേറ്റം നടന്നതായും കുഴഞ്ഞു വീണ ആളെ ചവിട്ടി കലി തീർത്ത ശേഷമാണ് പ്രകടനക്കാർ മടങ്ങിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതേസമയം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മിക്കയിടങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ നടന്നിരുന്നു. ഇതിനാൽ പൊലീസുകാർക്ക് എത്തിപ്പെടാൻ സാധിച്ചില്ലെന്നതാണ് വസ്തുത. സുന്നി പ്രവർത്തകരെയും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഗാനങ്ങളും മുദ്രാവാക്യങ്ങളും മുസ്ലിംലീഗിന്റെ ആഹ്ലാദപ്രകടനങ്ങളിലെല്ലാം നടന്നുവരുന്നുണ്ട്. ലീഗ് ജയിച്ച എല്ലാ മണ്ഡലങ്ങളിലും മണ്ണാർക്കാട് കാന്തപുരത്തിന്റെ ആഹ്വാനത്തെ പരാജയപ്പെടുത്തി ഷംസുദ്ദീൻ വിജയിച്ചതിന്റെ ആഘോഷമാണ് അക്ഷരാർത്ഥത്തിൽ നടന്നുവരുന്നത്. പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി സുന്നി പ്രവർത്തകർക്കു നേര കയ്യേറ്റശ്രമവും ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും ലീഗ് -എപി സുന്നി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ അണികളെ പിടിച്ചു നിർത്താൻ ലീഗ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല.

മരണപ്പെട്ട ഹംസക്കുട്ടിയുടെ വീട്ടുവളപ്പിലേക്ക് പടക്കം എറിഞ്ഞിരുന്നെങ്കിലും മരണം ഇതുകൊണ്ടല്ലെന്നാണ് പ്രദേശത്തെ ലീഗ് പ്രവർത്തകരുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് വളവന്നൂർ , കൽപകഞ്ചേരി പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ കൽപകഞ്ചേരി പൊലീസ് സ്‌റ്റേഷനു മുന്നിൽ ഇന്നലെ രാത്രി ഏറെ വൈകുവോളം ഉപരോധം നടത്തിയിരുന്നു. ഇതോടെ പത്ത് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരേയും പ്രകടനത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റു അമ്പത് പേർക്കെതിരെയും കേസ് എടുക്കുകയായിരുന്നു. ഒരു ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സിപിഐ(എം) ജില്ലാ സംസ്ഥാന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. എംഎ‍ൽഎമാരായ കെ.ടി ജലീൽ, പ്രദീപ് കുമാർ, പി.ടി.എ റഹീം, നിയുക്ത എംഎ‍ൽഎമാരായ കാരാട്ട് റസാഖ്, വി അബ്ദുറഹിമാൻ എന്നിവർ സ്ഥലം സന്ദർശിച്ചു. മൃതദേഹം വൈകിട്ട് 3ന് വളവന്നൂർ ചെറവണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.